• HOME
  • »
  • NEWS
  • »
  • kerala
  • »
  • നഴ്സിങ് സേവന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രം; ലിനിയുടെ ഓർമകൾക്ക് ഒരു വയസ്

നഴ്സിങ് സേവന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രം; ലിനിയുടെ ഓർമകൾക്ക് ഒരു വയസ്

ആശുപത്രിക്കിടക്കയിൽ നിന്ന് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്ത് മലയാളിയുടെ കരളലിയിച്ചു

LINI

LINI

  • Last Updated :
  • Share this:
    വടകര: നഴ്സിങ് സേവന ചരിത്രത്തിലെ മഹത്തായ ത്യാഗത്തിന്റെ പേരാണ് ഇന്ന് ലിനി. നിപ ബാധിതരെ പരിചരിക്കുന്നതിനിടെ ജീവൻ നഷ്ടമായ ലിനിയുടെ ഓർമകൾക്ക് ഒരു വയസ് തികയുകയാണ്. രോഗിയെ സഹജീവിയായി ചേർത്ത് നിർത്തി പരിചരിച്ചതിലൂടെ ജീവൻ നഷ്‌ടമായ ലിനി കേരളത്തിന്റെ സേവന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രം. ഇനിയും തിരിച്ചു വരാത്ത അമ്മയെ കാത്തിരിക്കുകയാണ് ലിനിയുടെ മക്കൾ. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ, കുഞ്ഞുവിനെയും (5) സിദ്ധുവിനെയും (3) ഭർത്താവിനെ ഏല്പിച്ചാണ് ലിനി മറഞ്ഞത്.

    പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം. ലിനിയുടെ അഞ്ചും രണ്ടും വയസ്സുള്ള മക്കൾ റിഥുലും സിദ്ധാർത്ഥും പിന്നെ കേരളത്തിന്റെ നൊമ്പരക്കാഴ്ചയായി. ആശുപത്രിക്കിടക്കയിൽ നിന്ന് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്ത് മലയാളിയുടെ കരളലിയിച്ചു. സജീഷിന് സർക്കാർ ജോലി നൽകി. അമ്മയുടെ വേർപാടിന്റെ വേദനയറിയാതെ കുട്ടികളെ വളർത്താൻ സജീഷ് ഏറെ പ്രയാസപ്പെടുന്നു . ലിനിയുടെ ജീവിതം പകരുന്ന വെളിച്ചമാണ് ഇവർക്ക് ഇപ്പോൾ കരുത്ത്.

    ചെമ്പനോട കുറത്തിപ്പാറയിലെ ലിനിയുടെ വീട്ടിൽ കുഞ്ഞുങ്ങളുടെ കളിചിരികളാണ് നോവിന്റെ നൊമ്പരത്തിനിടെ സജീഷിന് ഇന്ന് ആശ്വാസം. മൂത്തവൻ കുഞ്ഞു (റിഥുൽ) ഒന്നാം ക്ലസിലേക്കാണ്. ലിനിയുടെ മരണത്തെ തുടർന്ന് സർക്കാർ സജീഷിന് നൽകിയതാണ് കൂത്താളി പിഎച്ച്സിയിലെ ക്ലാർക്ക് ജോലി.മരണം ഉറപ്പായെന്നും കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണമെന്നും ആശുപത്രിക്കിടക്കയിൽ വച്ച് സജീഷിന് ലിനി എഴുതിയ കത്ത് അവളുടെ ഫോട്ടോയ്ക്കൊപ്പം ഫ്രെയിം ചെയ്ത് ഉമ്മറത്ത് തൂക്കിയിട്ടുണ്ട്.

    കോഴിക്കോടിനു പുറത്തും സുമനസുകളിൽ ഇപ്പോഴും ജീവിക്കുകയാണ് ലിനി. ദൂര ദേശങ്ങളിൽ നിന്നു വരെ കുട്ടികളെ കാണാൻ സമ്മാനങ്ങളുമായി കുറത്തിപ്പാറയിലെ വീട്ടിൽ ആൾക്കാരെത്തുന്നു. കത്തിൽ ലിനി പറഞ്ഞ വലിയൊരാഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സജീഷ്. അച്ഛൻ ജോലി ചെയ്യുന്ന ഗൾഫിൽ പോണമെന്ന് മകൻ കുഞ്ഞു എപ്പോഴും പറയാറുണ്ടെന്നും അതു സാധിച്ചു കൊടുക്കണമെന്നും ലിനി എഴുതിയിരുന്നു. ലിനിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന 'വൈറസ്' സിനിമയുടെ ട്രെയിലർ പ്രകാശനത്തിനായി അടുത്തിടെ ഖത്തറിൽ പോയപ്പോൾ കുഞ്ഞുവിനെയും കൂടെ കൊണ്ടുപോയി.

    First published: