തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെ അവശേഷിച്ചിരുന്ന സിംഹവും ചത്തു. ബിന്ദു എന്ന പെൺ സിംഹമാണ് ഇന്നു രാവിലെ ചത്തത്. കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായിരുന്നു നെയ്യാർ ഡാമിനോട് ചേർന്ന് ഉണ്ടായിരുന്നത്. ഇവിടെ ഇനി അവശേഷിക്കുന്നത് ചികിത്സയ്ക്കായി എത്തിച്ച രണ്ടു കടുവകൾ മാത്രമാണ്.
ഏറെ കാലമായി ബിന്ദുവിന്റെ ആരോഗ്യ നില മോശമായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ചയോടെ കൂടുതൽ ഗുരുതരമായി. ഇതോടെ ട്രീറ്റ്മെന്‍റ് കേജിൽ ചികിത്സിച്ചുവരികയായിരുന്നു. ഇന്നു പുലർച്ചെയോടെയാണ് ബിന്ദു വിടവാങ്ങിയത്. രണ്ടായിരത്തില്‍ പാര്‍ക്കില്‍ ജനിച്ച് വളര്‍ന്ന സിംഹമായിരുന്നു ബിന്ദു. പിന്നീട് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബിന്ദുവിന്‍റെ മൃതശരീരം പാർക്കിൽ തന്നെ മറവു ചെയ്തു.
നെയ്യാറിലെ ലയണ്‍ സഫാരി പാര്‍ക്കിന്റെ തുടക്കം 1984 ല്‍ നാല് സിംഹങ്ങളുമായിട്ടായിരുന്നു. ഒരു ഘട്ടത്തില്‍16 സിംഹങ്ങള്‍ വരെ പാര്‍ക്കിലുണ്ടായിരുന്നു. വര്‍ധനവ് കാരണം 2005ല്‍ സിംഹങ്ങളില്‍ വന്ധ്യംകരണം നടത്തിയതോടെ പാര്‍ക്കിന്റെ നാശവും ആരംഭിച്ചു. സിംഹങ്ങള്‍ ചത്തൊടുങ്ങി 2018 അവസാനത്തോടെ ബിന്ദു മാത്രമായി.
ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2019ലാണ് ഗുജറാത്തിലെ ഗിര്‍ വന്യജീവി കേന്ദ്രത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ഇതിൽ ഒരെണ്ണം മൃഗശാലയില്‍ ചത്തു. അവശേഷിച്ച നാഗരാജന്‍ എന്ന ആണ്‍ സിംഹം ബിന്ദുവിന് കൂട്ടായി പാര്‍ക്കിലുണ്ടായിരുന്നെങ്കിലും ഒരാഴ്ച മുമ്പ് അതും ചത്തു. നെയ്യാർ ഡാമിലെ ലയൺ സഫാരി പാര്‍ക്ക് സംരക്ഷിക്കുന്നതിന് വകുപ്പും സര്‍ക്കാരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
വനത്തിൽ സിംഹങ്ങൾക്ക് 10 മുതൽ 14 വർഷം വരെയാണ് ആയുസ്. എന്നാൽ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളർത്തുന്ന സാഹചര്യങ്ങളിലും 20 വർഷം വരെ സിംഹങ്ങൾ ജീവിക്കാറുണ്ട്. സവേനകൾ എന്നറിയപ്പെടുന്ന പുൽമേടുകളിലാണ് സിംഹങ്ങൾ കൂടുതൽ വസിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.