നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യവിൽപ്പനശാല; ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

  കെഎസ്ആർടിസി സ്റ്റാൻഡിൽ മദ്യവിൽപ്പനശാല; ആന്റണി രാജുവിന്റെ വ്യാമോഹം മാത്രമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

  മന്ത്രിയുടെ നീക്കം കണ്ടാല്‍ 'ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ' എന്ന് തോന്നിപ്പോകും എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

  ആന്റണി രാജു

  ആന്റണി രാജു

  • Share this:
  കൊച്ചി: കെഎസ്ആർടിസി സ്റ്റാൻഡിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള വകുപ്പ് തീരുമാനം ആണ് വിവാദമായത്. ഇതിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പൂർണമായും തള്ളി കെസിബിസി മദ്യവിരുദ്ധസമിതി രംഗത്തെത്തി. കെ എസ് ആർ ടി സി ബസ്സ്റ്റാന്‍ഡില്‍ ബവ്റിജസ് ഔട്ട്ലെറ്റ് തുടങ്ങാനുള്ള തീരുമാനം അംഗീകരിക്കാൻ ആകില്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹം ആണ്. എന്തുവിലകൊടുത്തും ഈ നീക്കത്തെ ചെറുത്തുതോല്പിക്കും അദ്ദേഹം പറഞ്ഞു.

  ഗതാഗതമന്ത്രി ആന്റണി രാജുവിനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ വാർത്ത കുറിപ്പ്. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ 'ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ' എന്ന് തോന്നിപ്പോകും എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. മദ്യം വാങ്ങാനെത്തുന്നവർ  സ്ത്രീകളും കുട്ടികളുമടങ്ങുന്ന  യാത്രക്കാർക്ക് ഭീഷണി ആണെന്നും മദ്യവിരുദ്ധ സമിതി സംസ്ഥാന അധ്യക്ഷൻ പ്രസാദ് കുരുവിള പറയുന്നു.പ്രശ്‌നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ഉപേക്ഷിക്കും മദ്യവിരുദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

  കെഎസ്ആർടിസിയുടെ പുതിയ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് കെസിബിസി മദ്യവിരുദ്ധസമിതി കുറ്റപ്പെടുത്തുന്നത്. കെ.എസ്.ആര്‍.ടി.സി. സാമൂഹ്യവിപത്തിനെ മാടിവിളിക്കുന്നത് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബിസി മദ്യ വിരുദ്ധ സമിതി പ്രസിഡൻറ് പ്രസാദ് കുരുവിള പറയുന്നു. മദ്യ വ്യാപനം കുറയ്ക്കണം എന്ന് നിലപാടിനപ്പുറം മദ്യത്തിന് വലിയതോതിലുള്ള വ്യാപനം സാധ്യമാകുന്നതാണ് പുതിയ തീരുമാനമെന്നാണ് പ്രധാനപ്പെട്ട ആരോപണം.

  നേരത്തെ മദ്യനയത്തിൽ അടക്കം കെസിബിസി നേരിട്ട് സർക്കാരിനെതിരെ പലതവണ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാരകൾ പൂട്ടാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. നിരവധി ബിവറേജസ് ഔട്ട്‌ലെറ്റുകളും കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും  അടച്ചുപൂട്ടാനും ഉമ്മൻചാണ്ടി സർക്കാർ തയ്യാറായിരുന്നു. എന്നാൽ ഇതിനു പിന്നാലെ എത്തിയ കഴിഞ്ഞ പിണറായി സർക്കാർ നിരവധി ബാറുകൾ പുതുതായി തുടങ്ങുന്നതിന് അടക്കം അനുമതി നൽകിയിരുന്നു. ഇതാണ് ഏറെ വിവാദങ്ങൾക്ക് കാരണമായത്.

  Also Read-29 Years of pappayude swantham appoos|പപ്പയുടെ സ്വന്തം അപ്പൂസിലെ ഈ കുട്ടിയെ മനസ്സിലായോ?

  അതിനു പിന്നാലെയാണ് റോഡുകൾക്കരികിലെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് പുറമേ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലും ഇത്തരം മദ്യവില്പന ശാലകൾക്ക് പ്രവർത്തനത്തിന് അനുമതി നൽകാൻ കെഎസ്ആർടിസി തീരുമാനിച്ചത്. ഏതായാലും കെസിബിസി മദ്യവിരുദ്ധസമിതി ഉൾപ്പെടെയുള്ള സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തു വന്നതോടെ കെഎസ്ആർടിസി നിലപാട് തിരുത്താൻ തയ്യാറാകുമോ എന്നുള്ളതാണ് കാത്തിരുന്ന് കാണേണ്ടത്.

  നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ആർടിസിക്ക് ലാഭം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഗതാഗതവകുപ്പ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് മദ്യവില്പനശാലയ്ക്ക് അനുമതി നൽകാൻ കെഎസ്ആർടിസി തീരുമാനിച്ചത്. അതുകൊണ്ടുതന്നെ തീരുമാനത്തിൽനിന്ന് കെഎസ്ആർടിസി പിന്നോട്ട് പോകാനുള്ള സാധ്യത കുറവാണ്.
  Published by:Naseeba TC
  First published: