• HOME
 • »
 • NEWS
 • »
 • kerala
 • »
 • കവളപ്പാറയിലെ കൃഷിയിടവും ഭൂമിയും മുത്തപ്പൻകുന്ന് മൂടി:തിരിച്ചടവ് നോട്ടീസ് മുടക്കാതെ ബാങ്കുകള്‍

കവളപ്പാറയിലെ കൃഷിയിടവും ഭൂമിയും മുത്തപ്പൻകുന്ന് മൂടി:തിരിച്ചടവ് നോട്ടീസ് മുടക്കാതെ ബാങ്കുകള്‍

വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ നോട്ടീസ് അയക്കുന്നത് നടപടി ക്രമം മാത്രം ആണെന്നും സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രമേ മറ്റ് നടപടികൾ ഉണ്ടാകൂ എന്ന് ബാങ്ക് അധികൃതർ പറഞ്ഞു

 • Share this:
  59 പേരുടെ ജീവനെടുത്ത നിലമ്പൂർ കവളപ്പാറ ഭൂദാനം മണ്ണിടിച്ചിൽ ദുരന്തത്തിന്  മൂന്നാണ്ട് തികയാൻ പോകുമ്പോൾ പ്രദേശവാസികള്‍ നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് ബാങ്കുകളിൽ നിന്നുള്ള വായ്പാ തിരിച്ചടവ് നോട്ടീസുകൾ.  ഇടിഞ്ഞിറങ്ങിയ മുത്തപ്പൻ കുന്നിന് താഴെ കൃഷിയിടവും പറമ്പും നിലവും എല്ലാം മൂടിപ്പോയപ്പോൾ ഇനി എങ്ങിനെ വായ്പ തിരിച്ചടക്കും എന്നാണ് ഇവരുടെ ആശങ്ക.

  ഭൂദാനം അങ്ങാടിയിൽ ചായക്കട നടത്തുന്ന കരുണാകരൻറെ 2 ഏക്കറിലധികം ഭൂമിയാണ് .മുത്തപ്പൻ കുന്ന് ഇടിഞ്ഞിറങ്ങിയപ്പോൾ നഷ്ടമായത് . മണ്ണിന് അടിയിൽ ആയ 2 ഏക്കർ 5 സെന്റും വീട് പറമ്പും എല്ലാം അടക്കം 2 ഏക്കർ 26 സെൻ്റ്  കേരള ഗ്രാമീണ ബാങ്കിൽ പണയത്തിലായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വേണ്ടിയാണ് 10.5 ലക്ഷം രൂപ  വായ്പ എടുത്തത് . വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിൽ നിന്നും മുന്നറിയിപ്പുകൾ വരാൻ തുടങ്ങി എന്ന് കരുണാകരൻ പറഞ്ഞു.

  " മുത്തപ്പൻ മല പൊട്ടിയതിന് തൊട്ട് താഴെ ആയിരുന്നു എൻ്റെ ഒരേക്കർ റബർ തോട്ടം. അതാണ് ആദ്യം ഇടിഞ്ഞു പോയത്. മലയുടെ താഴെ ആയി ഒരേക്കർ അഞ്ച് സെൻ്റിൽ മറ്റൊരു റബ്ബർ തോട്ടവും ഉണ്ടായിരുന്നു. അതും പോയി... പിന്നെ സ്വന്തമായി ഉള്ള പുരയിടം നിൽക്കുന്ന 10 സെന്റും മറ്റൊരു 11 സെൻ്റ് സ്ഥലവും ഉണ്ട്...ഇതെല്ലാം ബാങ്കിൽ വായ്പക്ക് പണയമായി വെച്ചിരിക്കുക ആണ്. തിരിച്ചടവ് മുടങ്ങാൻ തുടങ്ങിയതോടെ ബാങ്കിൽ നിന്നും നോട്ടീസ് വരാൻ തുടങ്ങി..ഇനി ഇപ്പൊ എന്ത് ചെയ്യും എന്ന് അറിയില്ല. "

  ദുരന്തത്തിൽ കൃഷി ഭൂമി മണ്ണിന് അടിയിലായതോടെ ബാങ്കിലെ തിരിച്ചടവ് മുടങ്ങിയ ഭൂദാനം സ്വദേശി രഘുവിനും പറയാൻ ഉള്ളതും സമാനമായ  അവസ്ഥയാണ്.

  " 65 സെൻ്റ് സ്ഥലം ആയിരുന്നു എനിക്ക് ഇവിടെ ഉണ്ടായിരുന്നത്. " മണ്ണിൽ മൂടിപ്പോയ ഏതോ ഇടം ചൂണ്ടിക്കാട്ടി രഘു പറഞ്ഞു തുടങ്ങി." അവിടെ തെങ്ങും, കവുങ്ങും വാഴയും മറ്റ് വിളകളും ഒക്കെ കൃഷി ചെയ്തിരുന്നത് ആണ്. കുടുംബത്തിൻ്റെ ഒരു വരുമാന മാർഗം ആയിരുന്നു. ഈ സ്ഥലത്തിൻ്റെ ആധാരം പണയം വെച്ച് ആണ് 5 ലക്ഷം രൂപയിൽ അധികം ഞാൻ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. എല്ലാം മണ്ണ് മൂടി പോയില്ലേ...പക്ഷേ ഇപ്പോഴും ബാങ്കിൽ നിന്നും നോട്ടീസുകൾ വരുന്നുണ്ട്, വിളികളും.

  Also Read-  കരിപ്പൂർ ദുരന്തത്തിൽ രക്ഷപ്പെട്ടവരുടെ കൂട്ടായ്മ കരിപ്പൂരിലെ PHC കെട്ടിടം നിർമ്മിക്കും

  കഴിഞ്ഞ ദിവസം ഞാൻ നേരിട്ട് പോയിരുന്നു. എൻ്റെ അവസ്ഥ പറഞ്ഞു എങ്കിലും ബാങ്കിൻ്റെ നിയമങ്ങൾ അങ്ങനെ പെട്ടെന്ന് മാറ്റാൻ പറ്റുന്നത് അല്ലല്ലോ. മകൻ ഇപ്പൊൾ വിദേശത്ത് ജോലി കിട്ടി പോയിട്ടുണ്ട്. ഏറെ വൈകാതെ  കുറച്ച് പണം എങ്കിലും അടക്കാം എന്ന് ഞാൻ പറഞ്ഞു. ഈ ഭൂമിക്ക് അവർ എന്ത് വില കാണും എന്ന് എനിക്ക് അറിയില്ല. പക്ഷെ എല്ലാ ജീവിത മാർഗവും അടഞ്ഞ ഞാൻ എവിടെ നിന്ന് എടുത്ത് പണം തിരിച്ചടക്കും.

  യൂസഫലി സാറിൻ്റെ കാരുണ്യം കൊണ്ട് വീട് കിട്ടി. അത് കൊണ്ട് കൂടുതൽ സഹായം ഒന്നും സർക്കാരിൽ നിന്നും കിട്ടിയതും ഇല്ല..ഇനി എന്ത് ചെയ്യാൻ " - രഘു പറഞ്ഞു.

  കരുണാകരനേയും രഘുവിനേയും പോലെ നിരവധി പേരുണ്ട് ഈ ഗ്രാമത്തിൽ.പലരുടെയും ഭൂമി മുത്തപ്പൻ കുന്നിൽ നിന്ന് ഇടിഞ്ഞു വന്ന മണ്ണിൽ മൂടിപ്പോയിരിക്കുന്നു. ഇവർക്കും ബാങ്കുകളിൽ നിന്ന് നോട്ടീസുകൾ പതിവായി വരുന്നുണ്ട്. മണ്ണ് മൂടിപ്പോയ സ്ഥലത്തിന് ബാങ്കുകൾ മൂല്യം കാണുന്നില്ല...പുതിയ വായ്പാ അത് കൊണ്ട് തന്നെ ഇവിടെ ആർക്കും ലഭിക്കുന്നില്ല .. എടുത്ത വായ്പ എഴുതി തള്ളാൻ ബാങ്കുകൾക്ക് നിർവാഹവുമില്ല... ബാങ്കുകൾ കർശന നടപടികൾ എടുത്താൽ എന്ത് ചെയ്യും എന്ന് അറിയാതെ ആശങ്കയിൽ ആണ് ദുരന്തത്തെ അതിജീവിക്കുന്ന ഈ ഗ്രാമവാസികൾ.

  എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ നോട്ടീസ് അയക്കുന്നത് നടപടി ക്രമം മാത്രം ആണെന്നും സാഹചര്യങ്ങൾ മനസ്സിലാക്കി മാത്രമേ മറ്റ് നടപടികൾ ഉണ്ടാകൂ എന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ആരുടേയും ഭൂമി ജപ്തി ചെയ്യാൻ ആലോചിക്കുന്നില്ല. വായ്പ എഴുതി തള്ളുന്നത് പോലെ ഉള്ള കാര്യങ്ങൾ നയപരമായതാണെന്നും അതിൽ തീരുമാനം ഉന്നത തലങ്ങളിൽ നിന്നും വരേണ്ടത് ആണെന്നും ആണ് ബ്രാഞ്ച് തലത്തിൽ നിന്നുള്ള മറുപടി.
  Published by:Arun krishna
  First published: