തിരുവനന്തപുരം: പ്രളയബാധിത, ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ച 1260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും പൗള്‍ട്രി കര്‍ഷകര്‍ക്കും അലങ്കാര പക്ഷി കര്‍ഷകര്‍ക്കും തേനീച്ച കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തര വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും 'ഉജ്ജീവന വായ്പാപദ്ധതി' എന്ന പേരില്‍ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
ജീവിതോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതര്‍ വാണിജ്യബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന വായ്പയുടെ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവര്‍ത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാര്‍ജിന്‍ മണിയായി അനുവദിക്കും. പ്രവര്‍ത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്സിഡി (ഇന്ററസ്റ്റ് സബ് വെന്ഷന്) നല്‍കും.
ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് 2018ലെ പ്രളയത്തിലെ നഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്സിഡി അനുവദിക്കും. പദ്ധതി ഉപയോഗപ്പെടുത്താനുളള കാലാവധി 2019 മാര്‍ച്ച് 31 വരെയായിരിക്കും.
ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകള്‍ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. കിസാന്‍ കാര്‍ഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 4 ശതമാനം പലിശ സബ്സിഡിഅനുവദിക്കാനും തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cabinet Meeting Decisions, Kerala, Kerala government, കേരളം, മന്ത്രിസഭായോഗം