തിരുവനന്തപുരം: ജല അതോറിറ്റി വാട്ടർ ചാർജ് മൂന്നിരട്ടി വരെ വർധിപ്പിച്ചതോടെ പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി ആരംഭിച്ചു. പൊതുടാപ്പുകളുടെ ചാർജ് അടയ്ക്കുന്നതു തദ്ദേശസ്ഥാപനങ്ങൾ ആയതിനാൽ ഇപ്പോഴത്തെ ഗണ്യമായ വർധന താങ്ങാനാകാത്ത സാഹചര്യത്തിലാണു നടപടി. ഓരോ പൊതു ടാപ്പിനും പഞ്ചായത്തുകൾ ഏകദേശം 15,000 രൂപയും നഗരസഭകളും കോർപറേഷനുകളും ഏകദേശം 22,000 രൂപയും വാർഷികമായി നൽകണമെന്ന തരത്തിലാണു ചാർജ് വർദ്ധനവ്.
അവശ്യമേഖലകളിൽ ഒഴികെ പൊതുടാപ്പുകൾ വേണ്ടെന്നാണു തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. സംസ്ഥാനത്തെ രണ്ടു ലക്ഷത്തിൽ പരം പൊതു ടാപ്പുകൾക്കായി ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് പ്രതിവർഷം 334.05 കോടി രൂപയാണു ജല അതോറിറ്റിക്ക് ഇനി നൽകേണ്ടി വരിക. 2021ൽ 120 കോടി രൂപ ചെലവായിരുന്ന സ്ഥാനത്താണിത്. ഓരോ മാസവും തുക മുൻകൂട്ടി നൽകണം. പ്രവർത്തിക്കാത്ത പൊതു ടാപ്പുകൾക്കും ജല അതോറിറ്റി ബിൽ നൽകുന്നു എന്ന പരാതിയും വ്യാപകമാണ്.
കണക്‌ഷൻ വിഛേദിക്കാൻ തദ്ദേശസ്ഥാപനങ്ങൾ അപേക്ഷ നൽകി 6 മാസത്തിലേറെ ആയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. കണക്‌ഷൻ വിഛേദിക്കാൻ മാത്രം ടാപ്പ് ഒന്നിന് 1000 രൂപ വരെയാണു ഫീസ്. ജല അതോറിറ്റിയുടെ ഒരു പൊതുടാപ്പിനുള്ള വാർഷിക നിരക്കുകൾ മുമ്പ് പഞ്ചായത്തുകളിൽ 5250 രൂപയായിരുന്നു. നിരക്ക് വർദ്ധനവിന് ശേഷം ഇത് 14,559.12 രൂപയായി ഉയർന്നു. നഗരപ്രദേശങ്ങളിൽ മുമ്പ് 7884 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 21,838.68 രൂപയാണ്. ചെലവു ചുരുക്കുന്നതിനു പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമ്പോൾ ദരിദ്രവിഭാഗങ്ങൾക്കുള്ള ശുദ്ധജല ലഭ്യത വെല്ലുവിളിയായി മാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.