HOME /NEWS /Kerala / സിക വൈറസ് വ്യാപനം തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിക വൈറസ് വ്യാപനം തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തിറങ്ങണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

എംവി ഗോവിന്ദൻ

എംവി ഗോവിന്ദൻ

'വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ട് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കണം'

 • Share this:

  തിരുവനന്തപുരം : സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

  വീടും പരിസരവും കൊതുക് മുക്തമാക്കുകയും വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുകൊണ്ട് രോഗവ്യാപനത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നുവെന്ന് ഉറപ്പാക്കണം. നേരത്തെ സാംക്രമിക രോഗങ്ങളെ തടയുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ രീതിയില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സിക വൈറസിന്റെ വ്യാപനം തടയുന്നതിനായി നടത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

  സിക വൈറസ് വ്യാപനത്തിന് കാരണം കൊതുകുകളാണ്. അതിനാല്‍ കൊതുക് നിവാരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും വീടുകളില്‍ നടപ്പാക്കേണ്ടകാര്യങ്ങള്‍ പ്രചരിപ്പിക്കുകയും വേണം. ആഴ്ചയിലൊരു ദിവസം ഡ്രൈഡേ ആചരിച്ച് വീടും പരിസരവും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കണം. സര്‍ക്കാര്‍ ഓഫീസുകളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനമെന്നും അത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

  നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

  വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാന്‍ സാധ്യതയുള്ള വെള്ളം കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ നിരീക്ഷിച്ച് കൊതുകുകള്‍ വളരാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തണം. വീട്ടുമുറ്റത്തും പരിസരങ്ങളിലും ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാനിടയുണ്ട്. അവ ഒന്നുകില്‍ നശിപ്പിക്കുകയോ അല്ലെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

  സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങള്‍ അതീവ ജാഗ്രതയോടെ വ്യാപനം തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ടുപോവുകയും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

  അതിനിടെ സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക വൈറസ് സ്ഥിരീകരിച്ചത്.

  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.

  തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളേജില്‍ സിക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് 21 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

  ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക. കൊതുകു കടിയില്‍ നിന്നും രക്ഷ നേടുകയാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം.

  ഒടുവിൽ കരഞ്ഞത് എപ്പോള്‍? ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നൽകിയ മറുപടി!

  അതിനാല്‍ തന്നെ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണം. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാവരും ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി.

  First published:

  Tags: Zika virus, Zika virus Causes, Zika virus Kerala, Zika virus Symptoms