• HOME
  • »
  • NEWS
  • »
  • kerala
  • »
  • തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; പലയിടത്തും ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; പലയിടത്തും ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു

ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 97 സ്ഥാനാർഥികൾ ജനവിധി തേടി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 74.38 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

    ഫലം വ്യക്തമായ 20 വാര്‍ഡുകളിൽ 9 ഇടത്ത് എൽഡിഎഫും 5 ഇടത്ത് യുഡിഎഫും നാലിടത്ത് സ്വതന്ത്രരും രണ്ടിടത്ത് എൻഡിഎയും ലീഡ് ചെയ്യുന്നു. ഫലം ഇവിടെ അറിയാം

    ഫലം ഇങ്ങനെ

    കോഴിക്കോട്- ചെറുവണ്ണൂർ കക്കറ മുക്ക് വാർഡിൽ യുഡിഎഫിന് വിജയം. പി.മുംതാസ് 168 വോട്ടിനാണ് സീറ്റ് എൽ ഡി എഫിൽ നിന്ന് പിടിച്ചെടുത്തത്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് പതിനൊന്ന് വോട്ടിന് ജയിച്ച വാർഡാണിത്. ഇതോടെ ഭരണ സമിതിക്ക് 8 വാർഡുകളായി. എൽ ഡി എഫിന് ഏഴ് വാർഡുകളാണ് ഉള്ളത്.

    കൊല്ലം-  കോർപറേഷിനെ മൂന്നാം ഡിവിഷൻ മീനത്തുചേരിയിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് യുഡ‍ിഎഫ് പിടിച്ചെടുത്തു. ആർഎസ്പിയിലെ ദീപു ഗംഗാധരൻ 638 വോട്ടുകൾക്ക് ജയിച്ചു.

    വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് നോർത്ത് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി എൻ അനിൽകുമാർ (അജി ) 241 വോട്ടുകൾക്ക് ജയിച്ചു. സിപിഎം പ്രതിനിധി എ റഹീം കുട്ടി മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്

    കോട്ടയം- എരുമേലി പഞ്ചായത്തിൽ ഇടത് ഭരണം വീഴും. തെരഞ്ഞെടുപ്പ് നടന്ന ഒഴക്കനാട് വാർഡിൽ യുഡിഫ് സ്ഥാനാർത്ഥി അനിതാ സന്തോഷ്‌ 232 വോട്ടിന് വിജയിച്ചു. ഇതോടെ യുഡിഎഫ് 12 എൽഡിഎഫ് 11 എന്ന നിലയായി

    വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം വാർഡ് എൽഡിഎഫ് നിലനിർത്തി. അനുപ്രിയ സോമൻ 126 വോട്ടിന് വിജയിച്ചു.

    കടപ്ലാമറ്റം വയലാ ടൗൺ വാർഡിൽ അട്ടിമറി.
    ‌കേരള കോൺഗ്രസ്‌ എം ൽ നിന്നും സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
    യുഡിഫ് സ്ഥാനാർത്ഥി ഷിബുപോതംമാക്കിൽ 288 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

    തിരുവനന്തപുരം- കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമൂക്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബീന രാജീവ് 132 വോട്ടിന് വിജയിച്ചു.

    മലപ്പുറം-  കരുളായി പഞ്ചായത്തിലെ ചക്കിട്ടാമലയിൽ യുഡിഎഫിന് ജയം. സുന്ദരൻ കരുവാടൻ ജയിച്ചത് 68 വോട്ടുകൾക്ക്.

    വയനാട്-  ബത്തേരി പാളാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് പ്രമോദ് 204 വോട്ടിനാണ് എൽഡിഎഫിന്റെ പി കെ ദാമുവിനെ പരാജയപ്പെടുത്തിയത്. പ്രമോദിന് 573 വോട്ട് ലഭിച്ചപ്പോൾ പി കെ ദാമുവിന് 369 വോട്ടുകൾ ലഭിച്ചു.

    പത്തനംതിട്ട- കല്ലൂപ്പാറ പഞ്ചായത്തിലെ അമ്പാട്ടുഭാഗം വാർഡിൽ ബിജെപിയുടെ രാമചന്ദ്രൻ 93 വോട്ടുകൾക്ക് ജയിച്ചു.

    ആലപ്പുഴ- തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ തണ്ണീർമുക്കം വാർഡില്‍ ബിജെപി സ്ഥാനാർത്ഥി വി പി ബിനു 83 വോട്ടുകൾ‌ക്ക് വിജയിച്ചു.

    Published by:Rajesh V
    First published: