കൊല്ലം: എം.സി റോഡിന് സമാന്തരമായി കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്ന പുതിയ ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കാൻ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ട് പൊളിക്കേണ്ടിവരും. പദ്ധതി നിലവിലെ അലൈൻമെന്‍റിൽ നിർമ്മിച്ചാൽ നിരവധി വീടുകളും കടകളും, സ്കൂളുകളും പൊളിക്കേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. പത്തനാപുരം നഗരത്തിന്‍റെ മുക്കാൽ ഭാഗവും പുതിയ ഹൈവേ കവർന്നെടുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിലെ അലൈൻമെന്റിൽ ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കാൻ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ വീട് കൂടാതെ സിപിഐ പത്തനാപുരം മണ്ഡലം ഓഫീസ്, സ്കൂൾ, നിരവധി കടകൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരും. പത്തനാപുരം-വാളകം ശബരീ ബൈപാസ് എന്നിവയുടെ 100 മീറ്റർ മാത്രം അകലത്തിൽ സമാന്തരമായാണ് ഗ്രീൻഫീൽഡ് ഹൈവേ വരുന്നത്. 45 മീറ്റർ വീതിയിലാണ് ഗ്രീൻഫീൽഡ് ഹൈവേ വരുന്നത്. പത്തനാപുരം നഗരം തന്നെ അപ്രത്യക്ഷമാകാനിടയാകുന്ന അലൈൻമെന്‍റ് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് അടുത്ത് പുളിമാത്ത് നിന്നു ആരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന രീതിയിലാണ് പുതിയ ഗ്രീൻഫീൽഡ് ഹൈവേ കടന്നുപോകുന്നത്. പത്തനാപുരത്ത് മാത്രമാണ് പുതിയ ഹൈവേ നഗരപ്രദേശത്തുകൂടി കടന്നുപോകുന്നത്. കിളിമാനൂർ-കടയ്ക്കൽ-അഞ്ചൽ-മാവില-കോട്ടവട്ടം-വിളക്കുടി ശാസ്ത്രി ജംക്‌ഷൻ-പറങ്കിമാംമുകൾ, പുളിവിള- പിടവൂർ വഴിയാണ് ഹൈവേ പത്തനാപുരം ടൗണിൽ പ്രവേശിക്കുന്നത്.
നിലവിൽ പത്തനാപുരം നഗരത്തിലൂടെ കടന്നുപോകുന്ന ശബരി ബൈപ്പാസുമായി പത്തനാപുരം സെൻട്രൽ ജങ്ഷനിൽവെച്ചാണ് ഏറ്റവുമടുത്തായി വരുന്നത്. ഇവിടെ ഒരു മതിൽ മാത്രമായിരിക്കും ഇരു പാതകളും തമ്മിലുള്ള അകലം. ഇവിടെനിന്ന് കല്ലുംകടവ് വലിയതോടിന്‍റെ വശത്തുകൂടി പത്തനംതിട്ട ജില്ലയിലെ ഇടത്തറ ജങ്ഷനിലെത്തി മലയോരഹൈവേയിലൂടെ കോന്നിഭാഗത്തേക്ക് പോകും.
മലയോര ഹൈവേയും, ശബരി ബൈപാസും ഈ പദ്ധതിയുടെ ഭാഗമാക്കി അലൈൻമെന്‍റ് തിരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതിനായി പിടവൂരിൽ നിന്നു കല്ലുംകടവിലേക്ക് ബൈപാസ് നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതിന് സാധിക്കില്ലെങ്കിൽ പുളിവിളയിൽ നിന്നു കല്ലുംകടവ് വരെ മറ്റൊരു അലൈൻമെന്റ് കണ്ടെത്തണമെന്നും വ്യാപാരികളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.
സംസ്ഥാന സർക്കാർ നിർമിക്കുന്ന മലയോര ഹൈവേ യാഥാർഥ്യമാകുന്നതോടെ കിഴക്കൻ മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നിരിക്കെ ഗ്രീൻഫീൽഡ് ഹൈവേയുടെ പ്രസക്തി എന്താണെന്നും നാട്ടുകാർ ചോദിക്കുന്നു. അങ്കമാലിയിൽ എത്താൻ പുതിയ പാതയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാർ പദ്ധതിയാണെങ്കിലും ഭൂമിയേറ്റെടുക്കലിനു 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.