കൊല്ലം: എന്തിനും ഏതിനും അഭിവാദ്യ ഫ്ലക്സ് വയ്ക്കുന്ന രാഷ്ട്രീയക്കാർക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാർ. കൊല്ലം പെരിനാട് പഞ്ചായത്തിലാണ് നാട്ടുകാരുടെ മറുപണി.
സംഗതി ഒരു റോഡ് പണിയാണ്. പെരിനാട് പഞ്ചായത്ത് സ്റ്റാർച്ച് ജംഗ്ഷൻ – കൈതകോടി റോഡ്. റോഡ് നിർമ്മാണം ആരംഭിച്ചിട്ട് 2 മാസം കഴിഞ്ഞു. പക്ഷേ കാര്യങ്ങൾ ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നിൽക്കുകയാണ്. റോഡ് പണിയേക്കാൾ വേഗത ഒച്ചിനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പുതിയ റോഡ് പണിയാൻ പഴയ റോഡ് ഇളക്കിയിട്ടിരിക്കുന്നത് കാരണം ജനങ്ങൾ മറഞ്ഞിവീഴുന്ന അവസ്ഥ ആണ്. നടക്കാൻ പോലും നിവർത്തിയില്ല , വാഹനങ്ങളുടെ കാര്യം പറയേണ്ടതുമില്ല.
പുതിയ റോഡിന് കാത്തിരുന്ന നാട്ടുകാർ ഇപ്പോ പഴയ റോഡെങ്കിലും തിരിച്ച് കിട്ടിയാൽ മതിയന്ന അവസ്ഥയിലാണ്. റോഡ് പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മടുത്ത നാട്ടുകാർ ഒടുവിൽ അതങ്ങ് ചെയ്തു, റോഡ് അടച്ചു. ആവശ്യത്തിന് വാഴകളും നട്ടു.
Also Read- പ്രതിപക്ഷ നേതാവിന് പുതിയ കാർ; ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സർക്കാർ
പുതിയ റോഡിന് പണം അനുവദിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച് സി പി എമ്മും ഇതേ വിഷയത്തിൽ എംഎൽഎയെ അഭിനന്ദിച്ച് കോൺഗ്രസും റോഡിൽ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു. ഈ ഫ്ലക്സുകൾക്ക് നടുവിലാണ് നാട്ടുകാരുടെ പ്രതിഷേധ വാഴകൾ നട്ടത്. വാഴ വളർന്ന് കുലച്ചാലെങ്കിലും റോഡ് പണി തുടങ്ങുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. കുലച്ച വാഴയ്ക്ക് അഭിവാദ്യവുമായി ഫ്ലക്സ് വരാതിരുന്നാൽ ഭാഗ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.