മലപ്പുറം: വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ട്രാഫിക് എസ്ഐയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മലപ്പുറം ട്രാഫിക് എസ്ഐ ഇന്ദു റാണിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പിഴ അടയ്ക്കാന്‍ തയ്യറാണെന്ന് പറഞ്ഞിട്ടും ഫോണ്‍ പിടിച്ചുവാങ്ങിയെന്ന് വിഡിയോയില്‍ പറയുന്നു. പിഴ അടയ്ക്കാന്‍ എസ്ഐ പറയുമ്പോള്‍ കോടതിയില്‍ അടച്ചോളം എന്ന് മറുപടി പറയുന്നതും വിഡിയോയില്‍ നിന്ന് കേള്‍ക്കാം.
എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണെന്നും ഫോണിലേക്ക് വിളിക്കുമെന്ന് പറഞ്ഞിട്ടും എസ്ഐ കേട്ടില്ല. എന്തടിസ്ഥാനത്തിലാണ് ഫോണ്‍ പിടിച്ചുവാങ്ങിയതെന്ന് നാട്ടുകാര്‍ എസ്ഐയോട് ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഒരു ഫോണ്‍ നാട്ടുകാരുടെ മുന്നിലേക്ക് എസ്ഐ നീട്ടുന്നതും കാണാം.
കഴിഞ്ഞദിവസം പശുവിന് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറങ്ങിയ ക്ഷീര കര്ഷകന് 2000രൂപ പിഴ നല്‍കിയത് വലിയ വിവാദമായിരുന്നു. മൂന്ന് പൊലീസുകാര്‍ വീട്ടിലെത്തിയാണ് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. പിഴ നല്‍കിയില്ലെങ്കില്‍ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. കാസര്‍കോട് അമ്പലത്തറ പൊലീസാണ് കര്ഷകന് പിഴ ചുമത്തിയത്. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി. നാരായണന്, ബന്ധുവാണ് പിഴ അടയ്ക്കാന്‍ പണം നല്കി സഹായിച്ചത്.
കൂടാതെ ലോക്ക്ഡൗണ്‍ കാലത്ത് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് പിഴ നല്‍കേണ്ടി വന്നത് നൂറ്റി അമ്പതിലേറെ തവണയാണ്. മലപ്പുറം പുല്പറ്റ സ്വദേശിയായ വരിക്കക്കാടന്‍ റിയാസാണ് ഉപജീവനത്തിന് വേണ്ടി പിഴ നല്‍കേണ്ടി വന്നത്. കുടുംബം പട്ടിണിയിലാകുന്ന അവസ്ഥയിലെത്തിയതോടെ വേറിട്ട പ്രതിഷേധവുമായി എത്തി റിയാസ്.
പിഴ ഈടാക്കിയ ഇനത്തില്‍ ലഭിച്ച രസീതുകള്‍ മാലയാക്കി കഴുത്തില്‍ അണിഞ്ഞാണ് റിയാസ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രി ചെങ്കല്ല് ഖനനത്തിനും കല്ല് കൊണ്ട് പോകുന്നതിനും അനുമതി നല്‍കുകയും ഉദ്യോഗസ്ഥര്‍ നിരന്തര പരിശോധനകള്‍ നടത്തി പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ കുടുംബം പട്ടിണിയിലാണെന്ന് റിയാസ് പറയുന്നു.
500, 10,000 രൂപകളാണ് പലപ്പോഴും പിഴയായി നല്‍കേണ്ടി വരുന്നതെന്ന് റിയാസ് പറയുന്നു. ഓരോ ചെറിയ കാരണത്തിന്റെ പേരിലും പൊലീസും ഉദ്യോഗസ്ഥരും പിഴ ഈടാക്കാകുകയാണ്. പ്രവാസിയായ തനിക്ക് അന്യ രാജ്യത്ത് വാഹനമോടിക്കാന്‍ ഇത്രയും പ്രയാസമുണ്ടായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.