മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായതായി നാട്ടുകാർ. വയനാട് അമ്പലവയൽ അമ്പുകുത്തിയിൽ രണ്ടു ആടുകളെ വന്യമൃഗം കൊന്നു തിന്ന നിലയിൽ കണ്ടെത്തി. മാളിക പല്ലിശേരി ലീലയുടെ രണ്ട് ആടുകളെയാണ് പുലിയെന്ന് സംശയിക്കുന്ന വന്യമൃഗം കൊന്നത്. ഒരു ആടിനെ പൂർണമായി കൂട്ടിൽ തന്നെ കൊന്നിട്ട് ഭക്ഷിച്ച നിലയിലും ഒരാടിനെ കൊന്നിട്ട നിലയിലുമാണ് കൂട്ടിൽ വീട്ടുകാർ കണ്ടത്. കടുവ തന്നെയാണ് ആടുകളെ കൊന്നതെന്ന് നാട്ടുകാർ പറയുന്നു.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണശ്രമം ഉണ്ടായിരുന്നു. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്. കടുവയുടെ ആക്രമണത്തിൽ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയിൽ താമസിക്കുന്ന ബിനു (20) ആണ് മരത്തിൽ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. ഉടൻ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപെടുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ ഒരാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 12നായിരുന്നു സംഭവം. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.
Also read-വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?
കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.