ലോക്സഭാ തെരഞ്ഞെടുപ്പ്: കാന്തപുരം എൽഡിഎഫിനൊപ്പം

ഇടതുസർക്കാർ അർഹമായ പരിഗണന നൽകിയെന്ന് വിലയിരുത്തൽ

news18
Updated: March 28, 2019, 6:18 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ്: കാന്തപുരം എൽഡിഎഫിനൊപ്പം
കാന്തപുരം അബൂബക്കർ മുസ്ലിയാർ
  • News18
  • Last Updated: March 28, 2019, 6:18 PM IST
  • Share this:
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന്. ഇടതുസര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കഴിഞ്ഞ മര്‍കസ് സമ്മേളനം യുഡിഎഫ് നേതാക്കള്‍ ബഹിഷ്‌കരിച്ചതിലുള്ള പ്രതിഷേധമറിയിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലപാട് കീഴ്ഘടകങ്ങള്‍ വഴി പ്രവര്‍ത്തകരെ അറിയിക്കാനാണ് തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ പിന്തുണക്കാനാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കിയതുള്‍പ്പെടെ ഇടതുസര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയെന്ന് സംഘടന വിലിയിരുത്തുന്നു. കാരന്തൂര്‍ മര്‍ക്കസിന്റെ സമ്മേളനം മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്‌കരിച്ചതിലുള്ള പ്രതിഷേധവും തീരുമാനത്തിന് പിന്നിലുണ്ട്. മര്‍കസിനെതിരായ വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ ചില മുസ്ലിം ലീഗ് നേതാക്കള്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്.

കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് നിലപാട്. എന്നാല്‍ കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസ്സമാകില്ലെന്നും കാന്തപുരം വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇ കെ സുന്നി വിഭാഗം പരമ്പരാഗതമായി മുസ്ലിം ലീഗിനൊപ്പം നില്‍ക്കുമ്പോള്‍ കാന്തപുരം വിഭാഗം സ്വതന്ത്രനിലപാടാണ് സ്വീകരിച്ചിരുന്നത്. തിരുകേശ വിവാദ കാലത്ത് സിപിഎമ്മുമായി അകന്ന കാന്തപുരം വിഭാഗം അന്ന് യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കീഴ്ഘടകങ്ങളുടെ യോഗം വിളിച്ച് ഇടതുപക്ഷത്തിന് വോട്ടു ചെയ്യാനുള്ള സംഘടനയുടെ നിലപാട് പ്രവര്‍ത്തകരെ അറിയിക്കാനണ് തീരുമാനം.

ദേശീയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന വിലയിരുത്തലുണ്ടാവുമ്പോഴാണ് കാന്തപുരം സുന്നികള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. മലബാറില്‍ കാന്തപുരം വിഭാഗത്തിന് ചെറുതല്ലാത്ത സ്വാധീനമുണ്ടെന്നിരിക്കെ തീരുമാനം തെരഞ്ഞെടുപ്പില്‍ നിർണായകമാകും.

First published: March 28, 2019, 6:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading