• HOME
 • »
 • NEWS
 • »
 • kerala
 • »
 • Lok Sabha Election 2019: കോട്ടകൾ തകരുമോ ?

Lok Sabha Election 2019: കോട്ടകൾ തകരുമോ ?

മണ്ഡലരൂപീകരിണത്തിന് ശേഷം എതിരാളികൾക്ക് വിട്ടുകൊടുക്കാത്ത രണ്ട് മണ്ഡലങ്ങൾ. ഇവിടെ ഇക്കുറി എങ്ങനെയാകും ഫലം ?

News18

News18

 • News18
 • Last Updated :
 • Share this:
  മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് മണ്ഡലങ്ങളും കൈവശം വയ്ക്കുന്നത് ഐക്യജനാധിപത്യ മുന്നണി തന്നെയാണ്. വലതുകോട്ട തകർക്കാൻ ഇത്തവണ സകല അടവും പയറ്റുകയാണ് എൽഡിഎഫ്. ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളല്ല ഇവ രണ്ടും.

  വയനാട്

  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്. ദേശീയ അധ്യക്ഷൻ മത്സരിക്കുമ്പോൾ വിജയത്തെ കുറിച്ചല്ല, ഭൂരിപക്ഷത്തെ കുറിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ആശങ്കപ്പെടുന്നത്. മൂന്നു ലക്ഷത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ രാഹുല്‍ഗാന്ധി വിജയിക്കുമെന്നാണ് യുഡിഎഫ്. 2009ലെ ഫലമാണ് ഈ കണക്കിന് ആധാരം. യുഡിഎഫ് സ്ഥാനാര്‍ഥി എം ഐ ഷാനവാസിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷവും എന്‍സിപി സ്ഥാനാര്‍ഥിയായിരുന്ന കെ മുരളീധരന്‍ നേടിയ 99,643 വോട്ടും കന്നി യുവവോട്ടര്‍മാരുടെ പങ്കും ചേര്‍ത്തുവച്ചാണ് രാഹുലിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് ചിന്തിക്കുന്നത്. രാഹുലിലൂടെ വയനാടിനെ രാജ്യമറിഞ്ഞതിലുള്ള ലഹരിയിലാണ് ന്യൂജന്‍വോട്ടർമാരിലേറേയും.

  മണ്ഡലത്തിലെ ഏറ്റവും പ്രബല ശക്തിയായ മുസ്ലിം ലീഗ് പ്രവർത്തകർ കോൺഗ്രസ് അധ്യക്ഷന് റെക്കോർഡ് ഭൂരിപക്ഷം സമ്മാനിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, ത്രിതല പഞ്ചാത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ ബട്ടണിൽ അമർത്തിയ നിഷ്പക്ഷ വോട്ടർമാർ ഇക്കുറി രാഹുലിന് വോട്ട് ചെയ്യുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി മൂലമുള്ള വോട്ടുചോര്‍ച്ചയ്ക്കു ഇത്തവണ നേരിയ പഴുതുപോലുമില്ല.

  എന്നാൽ, വയനാട് മണ്ഡലത്തിൽ കരുത്തുതെളിയിക്കാനാകുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് അവസാന മണിക്കൂറുകളിലും എൽ‍ഡിഎഫ്. ഏഴു നിയമസഭാമണ്ഡലങ്ങളില്‍ നാലും മണ്ഡലത്തിലെ 5 മുനിസിപ്പാലിറ്റികളില്‍ നാലും എല്‍ഡിഎഫ് ഭരണത്തിലാണ്. 50 പഞ്ചായത്തുകളില്‍ 21 എണ്ണം മാത്രമാണ് യുഡിഎഫിന്. ഈ കണക്കുകള്‍ നിരത്തിയാണ് കാര്യങ്ങൾ രാഹുലിന് ദുഷ്കരമാകുമെന്ന് എൽഡിഎഫ് വാദിക്കുന്നത്. സ്ഥാനാർഥിയായ പി പി സുനീറിന് അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും. എം‌ പി വീരേന്ദ്രകുമാറിന്റെ പിന്തുണ നേട്ടമാകുമെന്നും കണക്കുകൂട്ടുന്നു. മണ്ഡലത്തിലെ ആദിവാസി വോട്ടുകൾ ഏകോപിപ്പിക്കാൻ സി കെ ജാനുവിന്റെ പിന്തുണകൊണ്ട് സാധിക്കുമെന്ന പ്രതീക്ഷയും ഇടതുമുന്നണിക്കുണ്ട്. 2014ലെ തെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടായി കുറഞ്ഞതും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളും താല്‍ക്കാലിക പ്രതിഭാസമായാണ് യുഡിഎഫ് കാണുന്നത്.

  തൃശൂരില്‍ പ്രചാരണം ആരംഭിച്ചതിന് ശേഷം എത്തിയ BDJS അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ദേശീയ മാധ്യമങ്ങളിൽ പോലും താരമായി. വയനാട്ടില്‍ മത്സരം താനും രാഹുലും തമ്മിലാണെന്നാണ് തുഷാറിന്റെ അവകാശവാദം. എന്‍ഡിഎ വോട്ട് ഒന്നര ലക്ഷത്തിനടുത്ത് എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 2009ല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി വാസുദേവന് 31,687 വോട്ടാണ് ലഭിച്ചപ്പോൾ 2014ല്‍ പി ആര്‍ രശ്മില്‍നാഥ് 80,752 വോട്ടുപിടിച്ചു.

  മലപ്പുറം

  ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറമെന്ന് പലകുറി തെളിഞ്ഞതാണ്. ഏത് കുത്തൊഴുക്കിലും ഹരിത പതാക പാറിപ്പറന്ന മണ്ഡലം. ഏഴുപതിറ്റാണ്ടത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 2004ൽ ടി കെ ഹംസയിലൂടെ ഒരിക്കൽ മാത്രമാണ് മണ്ഡലം ഇടത്തേക്ക് ചാഞ്ഞത്. മഞ്ചേരി എന്നായിരുന്നു അന്ന് പേര്. പേരുമാറിയതിനൊപ്പം പഴുതടച്ചുള്ള പ്രവർത്തനങ്ങളിലൂടെ മണ്ഡലം വീണ്ടും ലീഗിന്റെ ശക്തിദുർഗമായി. പ്രഗത്ഭരായ ലീഗ് നേതാക്കളുടെ പോരാട്ടചരിത്രത്തിനൊടുവിൽ ഇ അഹമ്മദിനെ ആറാംതവണയും മലപ്പുറം വരിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷത്തിലേറെ വോട്ടുനേടി റെക്കോർഡ് ഭൂരിപക്ഷത്തിൽ ആധിപത്യമുറപ്പിച്ചു. 1,71,023 വോട്ടിനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ജയം. ഇത്തവണ കാര്യങ്ങൾ കൂടി കുറച്ചുകൂടി അനുകൂലമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം പാർലമെന്റ് മണ്ഡലത്തിലെ ഏഴുസീറ്റും ലീഗ് സ്വന്തമാക്കിയിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ലീഗ് ജയിച്ചുകയറി. ഇത്തവണ വെൽഫെയർ പാർട്ടിയുടെ പിന്തുണയും യുഡിഎഫിനാണ്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളെല്ലാം ചോരാതെ പെട്ടിയിലാകുമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം.

  എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവിലൂടെ 'മഞ്ചേരി' ആവർത്തിക്കാനാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. 30 വയസ്സുള്ള സാനുവിന് യുവവോട്ടർമാർക്കിടയിലുള്ള പിന്തുണ ലീഗ് കോട്ടയിൽ‌ വിള്ളൽ വീഴ്ത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സ്ഥാനാർഥിപ്പട്ടികയിലെ പ്രായംകുറഞ്ഞയാൾ എന്ന പരിവേഷം പ്രചാരണ രംഗത്ത് ഗുണം ചെയ്തതായാണ് വിലയിരുത്തൽ. ചിട്ടയായ പ്രവർത്തനമാണ് എൽഡിഎഫിന്റെ പ്ലസ് പോയിന്റ്. പെണ്‍കുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെറു സംഘങ്ങളായി തിരിഞ്ഞാണ് വീടുകളില്‍ പ്രചരണം നടത്തുന്നത്. സാനുവിന് ഒരു വോട്ട് ഉറപ്പിച്ചേ വീട്ടില്‍ നിന്നിറങ്ങൂ എന്ന വാശിയിലെ പ്രവര്‍ത്തനങ്ങളിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എങ്കിലും 1.71 ലക്ഷത്തിന്റെ ഭൂരിപക്ഷത്തെ മറികടന്ന് വിജയം നേടുക അത്ര എളുപ്പമാകുമോ എന്നതാണ് സംശയം. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ 7.02 ശതമാനം വോട്ട് വിഹിതം ഉണ്ണികൃഷ്ണൻ മാസ്റ്ററിലൂടെ ഇരട്ടിയാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

  First published: