ആര് കിരണ്‍ ബാബു
തിരുവനന്തപുരം: വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധനവില്‍ മൂന്നു മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷയാണുള്ളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീണിട്ടുണ്ടാകുമെന്നാണ് ഇടതു വലതു മുന്നണികളുടെ കണക്കുകൂട്ടല്‍. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണ് വോട്ടിങ് ശതമാനം ഉയര്‍ത്തിയത് എന്നാണ് ബിജെപിയുടെ അവകാശവാദം.
അവകാശവാദം ഉന്നയിക്കുമ്പോഴും വോട്ടിങ് ശതമാനത്തിലെ വര്‍ദ്ധനവ് ആരെ തുണയ്ക്കുമെന്ന ആശങ്ക മൂന്നു മുന്നണികള്‍ക്കും ഉണ്ട്. സ്ത്രീകളും ചെറുപ്പക്കാരും കൂടുതലായി ബൂത്തിലെത്തിയതിന് പിന്നിലെ രാഷ്ട്രീയ രസതന്ത്രമാണ് മുന്നണികളെ കുഴയ്ക്കുന്ന ഘടകം. കേന്ദ്രത്തില്‍ ബിജെപി ഭരണം തടയണമെന്ന് എന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം വോട്ടര്‍മാരില്‍ കണ്ണുവച്ചായിരുന്നു ഇടത് വലത് മുന്നണികളുടെ പ്രവര്‍ത്തനം.
Also Read: തകര്‍പ്പന്‍ പോളിങ്: സംസ്ഥാനത്ത് മൂന്നു പതിറ്റാണ്ടിനിടയിലെ ഉയര്‍ന്ന ശതമാനം കടന്നു
പോളിങ് ശതമാനത്തിലെ വര്‍ദ്ധനവിന് കാരണം ഇതാണെന്ന് പറയുമ്പോഴും ബിജെപി വിരുദ്ധ വോട്ടുകള്‍ ആരെയാവും തുണച്ചിട്ടുണ്ടാവുക എന്ന ആശങ്ക ഇടത് വലത് മുന്നണികള്‍ക്ക് ഒരുപോലെയുണ്ട്. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിനേക്കാള്‍ വിശ്വാസം ഇടതു മുന്നണിയെ ആണെന്നും ഈ വോട്ടുകള്‍ തുണയ്ക്കുമെന്നും ഇടതു പക്ഷം കണക്കുകൂട്ടുന്നു. ചെറുപ്പക്കാര്‍ കൂടുതലായി വോട്ടു ചെയ്യാന്‍ എത്തിയതിലും സിപിഎം പ്രതീക്ഷ വയ്ക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ വരവോടെ ന്യൂനപക്ഷ മത വിഭാഗങ്ങളുടേത് അടക്കം ബിജെപി വിരുദ്ധ വോട്ടുകള്‍ തരംഗമായി തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ ഒരു വിഭാഗം വിശ്വാസികളുടെ വികാരം പോളിങ് ശതമാനം ഉയരാനുളള കാരണമായി കോണ്‍ഗ്രസും ബിജെപിയും കാണുന്നു.
Dont Miss: 'ബിജെപിക്ക് വോട്ടു ചെയ്യുന്നവർ വിഡ്ഢികൾ ' - ഐ ഐ ടി ബോംബെയുടെ ട്വീറ്റ് വിവാദത്തിൽ
ഈ അധിക വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീണിട്ടുണ്ടാവും എന്ന് ഇരു കൂട്ടരും ഉറപ്പിക്കുന്നു. ഇക്കുറി ഹിന്ദു വോട്ടുകളില്‍ വലിയ തോതില്‍ ഏകീകകരണം ഉണ്ടായിട്ടുണ്ടെന്ന് പല മണ്ഡലങ്ങളിലെയും കണക്ക് നിരത്തി ബിജെപി അവകാശപ്പെടുന്നു. വെട്ടിയും തിരുത്തിയും കണക്ക് കൂട്ടാന്‍ മുന്നണികള്‍ക്ക് മുന്നില്‍ കൃത്യം ഒരു മാസം കൂടിയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.