രമ്യ ഹരിദാസ് ഒൻപതാമത്തെ വനിത; 2019ലെ ബേബി

news18
Updated: May 23, 2019, 10:59 PM IST
രമ്യ ഹരിദാസ് ഒൻപതാമത്തെ വനിത; 2019ലെ ബേബി
ramya haridas
  • News18
  • Last Updated: May 23, 2019, 10:59 PM IST
  • Share this:
ആലത്തൂരിൽ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ്, കേരളത്തിൽ നിന്ന് ലോക്സഭയിലെത്തുന്ന ഒൻപതാമത്തെ വനിതയാണ്. ഇത്തവണ കേരളത്തിൽ നിന്നും ലോക്സഭയിലെത്തുന്ന ഏക വനിത കൂടിയാണ് 32കാരിയായ രമ്യ. സിപിഎമ്മിലെ സിറ്റിങ് എം പി പി കെ ബിജുവിനെ ഒന്നരലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് രമ്യ തിളക്കമാർന്ന വിജയം നേടിയത്. ഭാർഗവി തങ്കപ്പന് ശേഷം ലോക്സഭയിലെത്തുന്ന പട്ടികജാതിക്കാരിയായ വനിത കൂടിയാണ് രമ്യ. ഇത്തവണ ലോക്സഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതകളുടെ കൂട്ടത്തിലും രമ്യയുണ്ടാകും.

ഏഴ് പതിറ്റാണ്ടിനിടയിൽ കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയത് എട്ടുവനിതകൾ മാത്രമാണെന്ന് അറിയുമ്പോഴാണ് രമ്യയുടെ വിജയത്തിന്റെ മാധുര്യമേറുന്നത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം സാവിത്രി ലക്ഷ്മൺ മാത്രമാണ് കോൺഗ്രസിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്. പഴയ മുകുന്ദപുരം സീറ്റിൽ 1989ലും 1991ലുമായിരുന്നു സാവിത്രി ലക്ഷ്മണന്റെ വിജയം. ഈ പട്ടികയിലേക്ക് കൂടിയാണ് രമ്യ നടന്നുകയറുന്നത്. ആകെയുള്ള എട്ടുപേരിൽ അഞ്ചുപേരെയും വിജയിപ്പിച്ച് ലോക്സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും.

രമ്യയുടെ മുൻഗാമികൾ ഇവർ

ആനി മസ്ക്രീൻ- 1951ലെ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ ടികെ നാരായണ പിള്ളയെ 68,117 വോട്ടിന് പരാജയപ്പെടുത്തിയാണ് ആനി മസ്ക്രീൻ തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലെത്തിയത്.

സുശീല ഗോപാലൻ- ആനി മസ്ക്രീന് ശേഷം ലോക്സഭയിൽ അടുത്തൊരു വനിതാ ജനപ്രതിനിധിക്കായി പത്ത് വർഷം കേരളത്തിന് കാത്തിരിക്കേണ്ടി വന്നു. 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് സിപിഎമ്മിന്റെ സുശീലാ ഗോപാലനാണ് പിന്നീട് ലോക്സഭയിലെത്തിയത്. കോൺഗ്രസിന്റെ പി എസ് കാർത്തികേയനെ 50,297 വോട്ടുകൾക്കാണ് സുശീലാ ഗോപാലൻ അന്ന് പരാജയപ്പെടുത്തിയത്. 1980ലും ആലപ്പുഴയിൽ നിന്നും സുശീല ഗോപാലൻ ജയിച്ചുകയറി.

ഭാര്‍ഗവി തങ്കപ്പന്‍

1971ല്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. അന്ന് അടൂരില്‍ 1,08,897 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഐയിലെ കെ ഭാര്‍ഗവി എന്ന ഭാര്‍ഗവി തങ്കപ്പന്‍ സിപിഎമ്മിലെ പി കെ കുഞ്ഞച്ചനെ തോല്‍പ്പിച്ചത്. സിപിഐയും കോണ്‍ഗ്രസും ഒരേ മുന്നണിയിലായതിനാല്‍ ഭാര്‍ഗവി തങ്കപ്പനെ ലോക്‌സഭയിലേക്ക് അയച്ചതിന്റെ പെരുമ കോണ്‍ഗ്രസിനും അവകാശപ്പെടാം.

സാവിത്രി ലക്ഷ്മണൻ-1989ൽ മുകുന്ദപുരം സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ സാവിത്രി ലക്ഷ്മണൻ സിപിഎമ്മിലെ സി ഒ പൗലോസിനെ 18,754 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1991ൽ എ പി കുര്യനെ 12,365 വോട്ടിന് പരാജയപ്പെടുത്തി സാവിത്രി ലക്ഷ്മണൻ വീണ്ടും ലോക്സഭയിലെത്തി.

എ കെ പ്രേമജം- 1998ൽ വടകരയിൽ നിന്നാണ് സിപിഎമ്മിലെ എ കെ പ്രേമജം വിജയിച്ചത്. കോൺഗ്രസിലെ പി എം സുരേഷ് ബാബുവിനെ 59,161 വോട്ടുകൾക്കാണ് പ്രേമജം തോൽപിച്ചത്. ഭൂരിപക്ഷം 25,844 ആയി കുറഞ്ഞെങ്കിലും 1991ൽ വീണ്ടും അതേ എതിരാളിയെ പരാജയപ്പെടുത്തി പ്രേമജം വീണ്ടും പാർലമെന്റിലെത്തി.

പി സതീദേവി- 2004ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി സതീദേവി വടകരയിൽ നിന്നാണ് വിജയിച്ചത്. കോൺഗ്രസിലെ എം ടി പത്മയെ 1,30,589 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സതീദേവിയുടെ കന്നിവിജയം.

സി എസ് സുജാത- 2004ൽ മാവേലിക്കരയിൽ നിന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ സി എസ് സുജാത ആദ്യമായി പാർലമെന്റിലെത്തിയത്. 7414 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

പികെ ശ്രീമതി-2014ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് പി കെ ശ്രീമതി ലോക്സഭയിലെത്തിയത്. കടുത്ത മത്സരത്തിനൊടുവിൽ കോൺഗ്രസിലെ കെ. സുധാകരനെ 6566 വോട്ടുകൾക്കാണ് ശ്രീമതി പരാജയപ്പെടുത്തിയത്.

First published: May 23, 2019, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading