തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണായകമാകുക പിണറായി വിജയനെന്ന നേതാവിനാകും. ഇടതുമുന്നണിക്ക് ഭേദപ്പെട്ട വിജയമുണ്ടായാല്‍ വിവാദങ്ങളെ കൂസാതെ നിലപാടുകളെടുത്ത പിണറായിയുടെ രാഷ്ട്രീയ വിജയം കൂടിയാകും അത്. മറിച്ചെങ്കില്‍ മുന്നണിയിലും പാര്‍ട്ടിയിലും എതിര് ശബ്ദങ്ങളുയരുമെന്ന് മാത്രമല്ല, ശേഷിക്കുന്ന രണ്ടുവര്‍ഷത്തെ ഭരണവും പിണറായിക്ക് അത്ര സുഗമമാകില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ അർത്ഥത്തിലും ഇടതുമുന്നണിയെ നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രചരണരംഗത്തും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്നതിലും അവസാനവാക്കും മറ്റാരുമായിരുന്നില്ല. വിവാദങ്ങള്‍ വകവയ്ക്കാതെ മുന്നോട്ടുപോയ സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി തെരഞ്ഞെടുപ്പിന് തൊട്ടുമുന്പുവന്ന ശബരിമല വിഷയമായിരുന്നു. നവേത്ഥാന രാഷ്ട്രീയമുയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ നീക്കം ഫലം കണ്ടോ? ശബരിമല വിഷയത്തിലുടക്കിയ സമുദായ സംഘടനകളെ വെല്ലുവിളിച്ചുള്ള മുന്നോട്ടുപോക്ക് ഗുണം ചെയ്തോ? ഇതിനൊക്കെയുള്ള ഉത്തരമാകും തെരഞ്ഞെടുപ്പ് ഫലം.
ശബരിമല ഒരു വിഷയമേ ആയിരുന്നില്ലെന്ന നിലപാടില്‍ വോട്ടെണ്ണല്ലിന് തൊട്ടുമുന്‍പും മുഖ്യമന്ത്രി ഉറച്ചു നില്ക്കുന്നു. ശബരിമല ജനവിധിയെ സ്വാധീനിച്ചില്ലെങ്കില്‍ പിണറായിക്ക് തല ഉയര്‍ത്തി നില്ക്കാം. മറിച്ചെങ്കില്‍ മറുപടി പറയേണ്ടി വരുന്നതും പിണറായി തന്നെ. കാരണം, ശബരിമല വിഷയത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയോട് സിപിഎമ്മിലെ ഒരു വിഭാഗത്തിനും ഘടകക്ഷികള്‍ക്കും പൂര്‍ണ യോജിപ്പുണ്ടായിരുന്നില്ല. എതിര്‍പ്പ് മറച്ചുവച്ച് മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുകയായിരുന്നു പാര്‍ട്ടിയും മുന്നണിയും. പക്ഷേ, തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ ഈ പിന്തുണ പ്രതീക്ഷിക്കാനാകില്ല. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കു നേരേയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരേയും ചോദ്യങ്ങളുയരാം. നിര്‍ണായക തീരുമാനങ്ങളില്‍ ഇതുവരെയുള്ള മുഖ്യമന്ത്രിയുടെ ഒറ്റയാന് പോക്കിനും നിയന്ത്രണങ്ങുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.