• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ ; CPI നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും, പ്രതിഷേധവുമായി പ്രതിപക്ഷം

ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ ; CPI നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തും, പ്രതിഷേധവുമായി പ്രതിപക്ഷം

പൊതുപ്രവർത്തകരുടെ അഴിമതി തടയൽ ലക്ഷ്യമിട്ട് 1999 ലെ നായനാർ സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്

  • Last Updated :
  • Share this:
    ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ സിപിഐയും പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാൽ നിയമസഭയ്ക്കും മന്ത്രിമാർക്കെതിരെ ഉത്തരവ് വന്നാൽ മുഖ്യമന്ത്രിക്കും അത് പരിശോധിക്കാൻ അവകാശം നൽകണമെന്ന സിപിഐ നിർദ്ദേശവും ബില്ലിൽ ഉൾപ്പെടുത്തും.

    പൊതുപ്രവർത്തകരുടെ അഴിമതി തടയൽ ലക്ഷ്യമിട്ട്
    1999 ലെ നായനാർ സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ഈ വർഷം ഫെബ്രുവരി ഏഴിന് മുൻകാലപ്രാബല്യത്തോടെയാണ് ബില്ല് തയ്യാറാക്കിയത്. നിയമത്തിന്റെ പതിനാലാം വകുപ്പിലാണ് വിവാദഭേദഗതി നിർദേശം. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാര സ്ഥാനത്തിരിക്കാൻ അർഹരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടായിരുന്നു.

    ലോകായുക്ത വിധി നിയമന അധികാരികളായ ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ കൈമാറും. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണം എന്നാണ് നിയമം.
    ഇതിലാണ് സർക്കാർ മാറ്റം വരുത്തുന്നത്. അധികാരസ്ഥാനത്തിരിക്കുന്നയാളിന് ഒരു ഹിയറിങ് നടത്തി വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി.

    ഇതിനെയാണ് പ്രതിപക്ഷവും സിപിഐയും എതിർക്കുന്നത്.
    മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്ക് നൽകണമെന്ന നിർദ്ദേശമാണ് സിപിഐ മുന്നോട്ടുവച്ചത്. മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും.

    സിപിഐയുടെ ദേഭഗതി നിർദേശങ്ങൾ പരിശോധിക്കാൻ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
    ഇന്ന് സഭയിൽ അവതരിപ്പിക്കുന്ന ബില്ല് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. സബ്ജക്ട് കമ്മിറ്റിയിലെ പരിശോധനകൾക്ക് ശേഷം തിരിച്ചെത്തുമ്പോൾ സിപിഐയുടെ നിർദ്ദേശം ഔദ്യോഗിക ഭേദഗതിയായി ബില്ലിൽ ഉൾപ്പെടുത്തി പാസാക്കാൻ ആണ് തീരുമാനം. പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പ് അവഗണിച്ചാകും സർക്കാർ ലോകായുക്ത നിയമഭേദഗതി പാസാക്കുന്നത്. ബില്ല് പാസാക്കിയാലും നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണം. അതാണ് സർക്കാരിനെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി

    ലോകാ യുക്ത നിയമ ഭേദഗതി കൂടാതെ അഞ്ചു ബില്ലുകൾ ഇന്ന് സഭയിൽ വരും. കേരള സഹകരണ സംഘം ഭേദഗതി ബിൽ, കേരള മാരി ടൈം ബോർഡ് ഭേദഗതി ബിൽ, കേരള പി എസ് സി രണ്ടാം ഭേദഗതി ബിൽ, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബിൽ തുടങ്ങിയവയും ഇന്ന് സഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടും. മത്സ്യത്തൊഴിലാളികളുടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അടിയന്തര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവരും. മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസവും ജീവിതസാഹചര്യങ്ങളും ഒരുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം..
    Published by:Arun krishna
    First published: