• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'Lokayukta ഓർഡിനൻസ് ഭരണഘടനാ തത്വങ്ങളുടെയും നിയമ തത്വങ്ങളുടെയും ലംഘനം; നിയമമാക്കാൻ ഗവർണർക്ക് അധികാരമുണ്ടോ?' : ഡോ കെ എസ് രാധാകൃഷ്ണൻ

'Lokayukta ഓർഡിനൻസ് ഭരണഘടനാ തത്വങ്ങളുടെയും നിയമ തത്വങ്ങളുടെയും ലംഘനം; നിയമമാക്കാൻ ഗവർണർക്ക് അധികാരമുണ്ടോ?' : ഡോ കെ എസ് രാധാകൃഷ്ണൻ

''ഈ നിയമം വരുന്നതോടെ ലോകായുക്ത പല്ലും നഖവും കൊഴിഞ്ഞ കടലാസ് പുലിയായിമാറും''

  • Share this:
    തിരുവനന്തപുരം: ലോകായുക്ത (Lokayukta) ഭേദഗതി ഓർഡിനൻസിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. കെ എസ് രാധാകൃഷ്ണൻ (KS Radhakrishnan). അഴിമതി ആരോപണത്തില്‍ പ്രതിയാക്കപ്പെട്ട സര്‍ക്കാര്‍ തന്നെ അപ്പീലധികാരിയായി വിധി പറയുന്നു എന്നതാണ് ഈ ഓർഡിനൻസിന്റെ സവിശേഷത. ഇത് നിയമവിരുദ്ധമാണ്. ഒരാളും അവനവന്റെ കേസില്‍ സ്വയം ന്യായധിപനാകാന്‍ പാടില്ല. ഈ അടിസ്ഥാന നിയമതത്ത്വത്തെ, അഴിമതിയെ മൂടിവെക്കാനായി പിണറായി ലംഘിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    ഭരണഘടനാ തത്ത്വങ്ങളെയും അടിസ്ഥാന നിയമതത്ത്വങ്ങളെയും ലംഘിക്കുന്ന ഈ ഓർഡിനന്‍സ് നിയമമാക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കലാണ്. അഴിമതിയില്‍ ശിക്ഷിക്കപ്പെടുമെന്ന ഭയമുള്ളതുകൊണ്ടാണ് അന്വേഷണ സംവിധാനത്തെ തന്നെ തകര്‍ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രളയ ദുരിദാശ്വാസ നിധി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു എന്നത് വസ്തുതയാണ്. മന്ത്രി ബിന്ദു സ്വജനപക്ഷപാതം കാണിച്ചു എന്നതും സത്യമാണ്. അതുകൊണ്ട് രണ്ടുപേരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. മുഖ്യമന്ത്രി പദവി നഷ്ടപ്പെടുമെന്ന ഭയം മുഖ്യമന്ത്രിയെ ഭ്രാന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഭരണഘടനാ തത്ത്വലംഘനവും നിയമതത്ത്വലംഘനവും ഉള്ള ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ ഗവര്‍ണര്‍ക്കും അധികാരമുണ്ടോ എന്ന ചോദ്യവും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.- രാധാകൃഷ്ണൻ കുറിച്ചു.

    കുറിപ്പിന്റെ പൂർണ രൂപം

    ലോകായുക്ത ഓർഡിനൻസ്: ഭരണഘടനാ തത്ത്വലംഘനവും നിയമതത്ത്വലംഘനവും ഉള്ള ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ?

    ലോകായുക്തയെ നിര്‍വീര്യമാക്കുന്ന ഓര്‍ഡിനന്‍സിന് പിണറായി മന്ത്രിസഭ അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഓര്‍ഡിനന്‍സ് നിയമമാക്കുന്നതോടെ അഴിമതി അന്വേഷണത്തിന്റെ പരമാധികാരിയായി സര്‍ക്കാര്‍ മാറും. മുഖ്യമന്ത്രി, അടക്കമുള്ള പൊതുജനസേവകരുടെ അഴിമതി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം എന്നിവയെല്ലാം അന്വേഷിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി രൂപീകരിച്ച അര്‍ദ്ധ-ജൂഡീഷ്യല്‍ സംവിധാനമാണ് ലോകായുക്ത. ഈ നിയമം വരുന്നതോടെ ലോകായുക്ത പല്ലും നഖവും കൊഴിഞ്ഞ കടലാസ് പുലിയായിമാറും.

    Related News- Lokayukta| 'കൂടിയാലോചന ഉണ്ടായിട്ടില്ല'; ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിയോജിപ്പുമായി CPI

    കാരണം, ലോകായുക്ത അഴിമതിയെക്കുറിച്ചു ശുപാര്‍ശ നല്‍കി കഴിഞ്ഞാല്‍ ആ ശുപാര്‍ശയില്‍ എന്തു തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കെ. ടി. ജലീല്‍ അഴിമതി നടത്തി എന്നു കണ്ടെത്തിയതിനുശേഷം മന്ത്രിയെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന ശുപാര്‍ശ ലോകായുക്ത നല്‍കി. മന്ത്രിക്ക് രാജിവെക്കേണ്ടി വന്നു. സുപ്രീം കോടതി വരെ പോയിട്ടും മന്ത്രിയെ കരകയറ്റാന്‍ സര്‍ക്കാരിനായില്ല.

    ഇനി മന്ത്രി ബിന്ദുവിന് എതിരെയും മുഖ്യമന്ത്രിക്ക് എതിരെയും ഇത്തരം ശുപാര്‍ശ വന്നാല്‍ ആ ശുപാര്‍ശ സര്‍ക്കാരിന് തന്നെ പരിഗണിച്ചു തള്ളിക്കളയാന്‍ കഴിയും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനിക്കുമെന്നു പറഞ്ഞാല്‍ മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ അംഗീകരിക്കുമെന്നേ അര്‍ത്ഥമുള്ളൂ.

    മുഖ്യമന്ത്രിയും മന്ത്രിമാരും യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന് എതിരെയാണ് ഒരു പൗരന്‍ ലോകായുക്തയെ സമീപിക്കുന്നത്. മുഖ്യമന്ത്രി വിജയനും മന്ത്രി ബിന്ദുവും അഴിമതി നടത്തിയെന്ന് ലോകായുക്തയ്ക്ക് ബോധ്യപ്പെട്ടാല്‍ ആ ശുപാര്‍ശ സര്‍ക്കാരിന് നല്‍കണം. ആ ശുപാര്‍ശ തള്ളിക്കളയാന്‍ പുതിയ നിയമം സര്‍ക്കാരിന് അധികാരം നല്‍കുന്നു.

    Related News- 'Lokayukta-യെ നിർജീവമാക്കുന്നത് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും എതിരായ കേസ് പരിഗണിക്കുന്നതിനാൽ'; ഒപ്പിടരുതെന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ്

    ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കാണാതെ പോകരുത്. അഴിമതി ആരോപണത്തില്‍ പ്രതിയാക്കപ്പെട്ട സര്‍ക്കാര്‍ തന്നെ അപ്പീലധികാരിയായി വിധി പറയുന്നു എന്നതാണ് സവിശേഷത. ഇത് നിയമവിരുദ്ധമാണ്. ഒരാളും അവനവന്റെ കേസില്‍ സ്വയം ന്യായധിപനാകാന്‍ പാടില്ല. ഈ അടിസ്ഥാന നിയമതത്ത്വത്തെ, അഴിമതിയെ മൂടിവെക്കാനായി പിണറായി ലംഘിക്കുന്നു.

    പൊതുജനസേവകര്‍ക്കിടയില്‍ അഴിമതി സര്‍വ്വസാധാരണമായപ്പോള്‍, ഒട്ടനവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് ലോക്പാല്‍, ലോകായുക്ത നിയമങ്ങള്‍ നിലവില്‍ വന്നത്. ആ നിയമങ്ങളുടെ ലക്ഷ്യം അഴിമതിയില്ലാത്ത ഭരണം നിലനിര്‍ത്തുക എന്നതാണ്. ഈ ലക്ഷ്യത്തിന് വിരുദ്ധമാണ് പിണറായി സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്. കാരണം, അഴിമതിക്കാരായ പൊതുജനസേവകരെ അവര്‍ തന്നെ കുറ്റവിമുക്തരാക്കുന്ന സംവിധാനമാണ് പിണറായി ലക്ഷ്യമാക്കുന്നത്.

    ലോകായുക്ത അര്‍ദ്ധ-ജുഡീഷ്യല്‍ സംവിധാനമാണ്. അതിന്റെ തീരുമാനങ്ങളെ പൂര്‍ണ്ണ ജുഡീഷ്യല്‍ സംവിധാനത്തിലൂടെ മാത്രമേ അസാധുവാക്കാന്‍ കഴിയൂ. അതായത്, കോടതിയാണ് അതിനുള്ള വേദി എന്നു സാരം. ഈ ജുഡീഷ്യല്‍ അധികാരമാണ് ഓര്‍ഡിനന്‍സിലൂടെ എക്‌സിക്യൂട്ടീവ് തട്ടിയെടുക്കുന്നത്. അതുകൊണ്ട് തന്നെ അത് ഭരണഘടനാ വിരുദ്ധമായ നിലപാടാണ്.



    നിയമവകുപ്പ് മന്ത്രി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞ കാര്യം ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണുള്ളത് എന്ന് കോടതി പറഞ്ഞിട്ടുണ്ട് എന്നാണ്. അതു ശരിയാണെങ്കിലും ലോകായുക്തയുടെ ശുപാര്‍ശ തള്ളിക്കളയാന്‍ കുറ്റാരോപിതര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല എന്നതും മന്ത്രി ഓര്‍ക്കണം. അതുകൊണ്ട് ആ വാദവും നിയമപരമായി നിലനില്‍ക്കുന്നതല്ല.

    അതുകൊണ്ട് ഭരണഘടനാ തത്ത്വങ്ങളെയും അടിസ്ഥാന നിയമതത്ത്വങ്ങളെയും ലംഘിക്കുന്ന ഈ ഓഡിനന്‍സ് നിയമമാക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കലാണ്. അഴിമതിയില്‍ ശിക്ഷിക്കപ്പെടുമെന്ന ഭയമുള്ളതുകൊണ്ടാണ് അന്വേഷണ സംവിധാനത്തെ തന്നെ തകര്‍ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രളയ ദുരിദാശ്വാസ നിധി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു എന്നത് വസ്തുതയാണ്. മന്ത്രി ബിന്ദു സ്വജനപക്ഷപാതം കാണിച്ചു എന്നതും സത്യമാണ്. അതുകൊണ്ട് രണ്ടുപേരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. മുഖ്യമന്ത്രി പദവി നഷ്ടപ്പെടുമെന്ന ഭയം മുഖ്യമന്ത്രിയെ ഭ്രാന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു. ഭരണഘടനാ തത്ത്വലംഘനവും നിയമതത്ത്വലംഘനവും ഉള്ള ഓര്‍ഡിനന്‍സ് നിയമമാക്കാന്‍ ഗവര്‍ണര്‍ക്കും അധികാരമുണ്ടോ എന്ന ചോദ്യവും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.

    (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
    Published by:Rajesh V
    First published: