ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ അപ്രതീക്ഷിതമായാണ് സുരേഷ് ഗോപി എൻ.ഡി.എ സ്ഥാനാര്‍ഥിയായെത്തുന്നത്. സ്ഥാനാർഥി നിർണയവേളയിൽ തിരുവനന്തപുരം മണ്ഡലത്തിൽ പരിഗണിക്കപ്പെട്ടെങ്കിലും കുമ്മനം രാജശേഖരൻ എന്ന ഒറ്റപ്പേരിലേക്ക് നേതൃത്വം എത്തിയതോടെ സുരേഷ്ഗോപിയുടെ സാധ്യത ഇല്ലാതായി. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനാർഥിയായതിനു പിന്നാലെ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി വയനാട്ടിലേക്കു മാറിയതാണ് സുരേഷ് ഗോപി സ്ഥാനാർഥിയാകണമെന്ന ആവശ്യത്തിലേക്കെത്താൻ ബി.ജെ.പി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ആരാണ് സുരേഷ് ഗോപി?രാജ്യസഭാംഗമെന്ന നിലയിലാണ് ചലച്ചിത്രതാരം കൂടിയായ സുരേഷ് ഗോപി തൃശൂരിലെ പോരാട്ടത്തിനിറങ്ങുന്നത്. 2016 ഏപ്രിലിലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റു ചെയ്തത്.
1957-ജൂണ്‍ 26ന് ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥന് പിള്ളയുടെയും മകനായി കൊല്ലത്തായിരുന്നു സുരേഷ് ഗോപിയുടെ ജനനം. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലെത്തിയത്. എട്ടാമത്തെ വയസിലായിരുന്നു ഇത്. 1986-ല്‍ മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയില്‍ വില്ലനായിരംഗപ്രവേശം ചെയ്തു. മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.
1994-ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണര്‍ എന്ന സിനിമയാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. 1997-ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരേഷ് ഗോപിയെ തേടിയെത്തി. കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം 2005-ല്‍ ഭരത്ചന്ദ്രന് ഐ പി എസ് എന്ന പേരില്‍ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി സുരേഷ് ഗോപി വെള്ളിത്തിരയില്‍ വീണ്ടും സജീവമായി. രാധികയാണ് ഭാര്യ. നാല് മക്കള്‍ ഉണ്ട്, ലക്ഷ്മി (മരണപ്പെട്ടു), ഗോകുല്‍, ഭാഗ്യ, ഭാവ്നി, മാധവ്.
എന്തുകൊണ്ട് സുരേഷ് ഗോപി?ബിഡിജെഎസിനു വിട്ടുകൊടത്ത വയാനാട് സീറ്റില്‍ പൈലി വാത്യാട്ടായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തുന്ന സാഹചര്യത്തില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടിലേക്കു മാറി. ഇതോടെ ഒഴിവു വന്ന തൃശൂര്‍ ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് കൈമാറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭാംഗം കൂടിയായ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത്. സുരേഷ് ഗോപി സ്ഥാനാർഥിയാകുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
ഒരുകാലത്ത് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനുമായി അടുപ്പം പുലര്‍ത്തിയിരുന്ന സുരേഷ് ഗോപി നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുനു പിന്നാലെയാണ് ബി.ജെ.പിയിലെത്തിയത്.
അനുകൂലഘടകംശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സീറ്റാണ് തൃശൂര്‍. അതുകൊണ്ടു തന്നെയാണ് രാഷ്ട്രീയക്കാരന് എന്നതിലുപരി ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചതും. സുരേഷ് ഗോപിയുടെ ജനപ്രീതിയും മണ്ഡലത്തിൽ ബി.ജെ.പിയ്ക്കുള്ള സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
Also Read
സർക്കാരിന് തിരിച്ചടി; മഹാപ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ പാളിച്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.