തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്‍തൂക്കം കിട്ടിയത് എങ്ങനെയെന്ന ചോദ്യവുമായി സി.പി.എം നേതൃത്വം. തോല്‍വി സംബന്ധിച്ച മേഖലാ റിപ്പോര്‍ട്ടിംഗിലാണ് നേതൃത്വം കീഴ്ഘടകങ്ങളോട് ഈ ചോദ്യമുന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ ജീവനക്കാര്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്ത ബി.ജെ.പി സര്‍വീസ് വോട്ടുകളില്‍ മുന്നേറ്റമുണ്ടാക്കിയത് ഏറെ ഗൗരവത്തോടെ കാണണമെന്നും ഇന്നലെ നടത്തിയ തെക്കന്‍ മേഖലാ റിപ്പോര്‍ട്ടിംഗില്‍ സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലുണ്ടായ വോട്ടു ചോര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.
തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ അവലോകനത്തില്‍ സംസ്ഥാനത്ത് 17 ലക്ഷം വോട്ടു ലഭിക്കുമെന്നായിരുന്നു കണക്ക്. എന്നാല്‍ ഫലം വന്നപ്പോള്‍ 2014-നേക്കാള്‍ കുറവ് വോട്ടു മാത്രമെ നേടാനായുള്ളൂ. ഇത് ജനവികാരം മനസിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. പെരുപ്പിച്ച കണക്കുകള്‍ നല്‍കരുതെന്ന നിര്‍ദ്ദേശമുണ്ടായിട്ടും പല ഘടകങ്ങളും അതിനു തയാറായില്ല. ആലപ്പുഴയില്‍ ജയിച്ചെങ്കിലും വോട്ടില്‍ വന്കുറവുണ്ടായെന്നും കുറ്റപ്പെടുത്തുന്നു.
അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ല്‍ ഉണ്ടായ തോല്‍വിക്കു സമാനമാണ് 2019 -ലെ തോല്‍വി. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി ബി.ജെ.പി നടത്തിയ വര്‍ഗീയ ചേരിതിരിവ് ഒരു പരിധിവരെ തടയാന്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണത്തിലൂടെ സാധിച്ചു. എന്നാൽ വനിതാ മതിലിനു പിന്നാലെ യുവതികള്‍ ശബരിമലയില്‍ കയറിയത് പാര്‍ട്ടി അണികളെ പോലും സ്വാധീനിച്ചു.
കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പി.ബി അംഗം എസ്. രാമചന്ദ്രന് പിള്ളയും സംസ്ഥാന കമ്മിറ്റിയുടേത് സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുരുക്കമാണ് യോഗത്തില്‍ അവതരിപ്പിച്ചത്. വിശദമായ അവലോകന റിപ്പോര്‍ട്ട് കീഴ്ഘടകങ്ങള്‍ക്ക് പിന്നീട് കത്തായി നല്‍കും.
ഈ മാസം 22 മുതല്‍ 28 വരെ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭവനസന്ദര്‍ശനം നടത്തി പാർട്ടി നിലപാട് വിശദീകരിക്കും. ഓഗസ്റ്റില്‍ ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ കുടുംബയോഗങ്ങള്‍ വിളിച്ച് അവരിലുണ്ടായ അകല്‍ച്ച മാറ്റിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read
ശബരിമലയില്‍ ശരണം വിളിക്കുന്നതിനെതിരേ വനം വകുപ്പ് റിപ്പോര്‍ട്ട് കൊടുത്തോ?ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.