കൊല്ലവും, തൃശൂരും ചുവന്നു തുടുത്തു, ഇടത് കോട്ടകളായി- കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കൂടുതലായി കണ്ട വാർത്താ തലക്കെട്ടുകളിൽ ചിലത് ഇങ്ങനെയായിരുന്നു. എന്നാൽ കൃത്യം മൂന്നു വർഷത്തിനിപ്പുറം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഈ ജില്ലകളിലെ ചിത്രം മറ്റൊന്നായി. ചുവപ്പ് കോട്ടകൾ അടപടലം കടപുഴകിയ അവസ്ഥയിലാണ് കൊല്ലവും തൃശൂരും. ഇരു ജില്ലകളിലെയും പത്ത് വീതം നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും ലീഡ് നേടാൻ എൽഡിഎഫിന് സാധിച്ചില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും ഇടതുപക്ഷത്തിന് നേടിക്കൊടുത്ത ജില്ലകളായിരുന്നു കൊല്ലവും തൃശൂരും.
ഈ ജില്ലകിൽ ഉൾപ്പെട്ട നാല് ലോക്സഭാ മണ്ഡലങ്ങളിലും തിളക്കമാർന്ന വിജയമാണ് യുഡിഎഫ് കരസ്ഥമാക്കിയത്. ഇതിൽ കൊല്ലത്തും ആലത്തൂരിലും ശരാശരി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. കൊല്ലം ജില്ലയിലെ കൊല്ലം, ചവറ, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര, ചടയമംഗലം, പത്തനാപുരം, പുനലൂർ നിയമസഭാ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ മുന്നിലെത്തി. നേരത്തെ പ്രതീക്ഷിക്കപ്പെട്ട കൊല്ലം, ചവറ എന്നിവയ്ക്ക് പുറമെ ഇരവിപുരം, കുണ്ടറ, ചടയമംഗലം, ചാത്തന്നൂർ, പുനലൂർ എന്നിവിടങ്ങളിലും മികച്ച ലീഡ് നേടിയാണ് പ്രേമചന്ദ്രൻ തിളക്കമേറിയ ജയം സ്വന്തമാക്കിയത്. കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ മാവേലിക്കര പിടിക്കാമെന്ന എൽഡിഎഫ് കണക്കുകൂട്ടൽ അസ്ഥാനത്തായി. മണ്ഡലത്തിൽ കൊട്ടാരക്കര ഒഴികെയുള്ള സ്ഥലങ്ങളിൽ മികച്ച ലീഡാണ് യുഡിഎഫിന് ലഭിച്ചത്. ആലപ്പുഴ മണ്ഡലത്തിൽപ്പെട്ട കരുനാഗപ്പള്ളിയും യുഡിഎഫിനൊപ്പം നിന്നു.
എന്തു വില കൊടുത്തും കൊല്ലം പിടിക്കാനിറങ്ങി; പക്ഷേ സിപിഎം നേരിട്ടത് കനത്ത തിരിച്ചടി
തൃശൂരിലും ചിത്രം മറ്റൊന്നായിരുന്നില്ല. ആലത്തൂരിൽ രമ്യാ ഹരിദാസ് മികച്ച ഭൂരിപക്ഷം നേടിയതിൽ തൃശൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളും മികച്ച പിന്തുണ നൽകി. ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി മണ്ഡലങ്ങളിൽനിന്നായി ശരാശരി ഇരുപതിനായിരത്തിലേറെ വോട്ടുകൾ വീതം ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു. തൃശൂരിൽ ടിഎൻ പ്രതാപനെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും ചേർത്തുപിടിച്ചപ്പോൾ ഇടതുകോട്ടകൾ തകർന്നടിഞ്ഞു. ഇടതുവോട്ടുകളിൽ വൻ ചോർച്ചയുണ്ടായപ്പോൾ തൃശൂർ നിയമസഭാ മണ്ഡലത്തിൽ രാജാജി മാത്യൂ തോമസ്, സുരേഷ് ഗോപിക്കും പിന്നിൽ മൂന്നാമതായിപ്പോയി. ഇവിടെ ബിജെപിയേക്കാൾ 6500ലേറെ വോട്ടുകൾ എൽഡിഎഫിന് കുറവാണ്. ചാലക്കുടിയിൽപ്പെട്ട കയ്പ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും ലീഡ് യുഡിഎഫിനായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.