മാനന്തവാടി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ടഭ്യര്‍ഥിച്ച് സഹോദരി പ്രിയങ്ക ഗാന്ധി വദ്ര. വയനാടും എന്റെ നാടാണെന്നും ഉത്തര്‍പ്രദേശിലെ ഗോതമ്പ് പാടങ്ങള്‍ എങ്ങനെയാണോ അതുപോലെയാണ് ഇവിടുമെന്നും പ്രിയങ്ക പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും എന്റെ നാടാണ്. ഈ രാജ്യത്തിന്റെ ഭാഗമാണ്. ഈ നാടിനെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് സ്വാതന്ത്ര്യ സമരര സേനാനികൾ പോരാടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷം ബി.ജെ.പി ചെയ്തത് വിഭജിക്കല്‍ മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു.
അധികാരത്തില്‍ എത്തിയതിനു ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് മോദി ചെയ്തത്. വരുമാനം ഇരട്ടിയാക്കുമെന്ന് കര്‍ഷകരോടും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യുവാക്കളോടും പറഞ്ഞു. ഇതുകൂടാതെ എല്ലാവരുടെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം രൂപ വീതം നിഷേപിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഈ വാഗ്ദനങ്ങളൊന്നും പാലിക്കാന്‍ മോദി തയാറായില്ലെന്നും പ്രിയങ്ക ആരോപിച്ചു.
വയനാട്ടിലും ധാരാളം കര്‍ഷകരുണ്ട്. പ്രളയത്തെ അതിജീവിച്ച അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഈ നാട്ടിലെ ആദിവാസികളുടെ തൊഴിലും സംസ്കാരവും ഉപജീവനമാര്‍ഗവും സംരക്ഷിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനുള്ള സഹായം ഉറപ്പാക്കും. ബി.ജെ.പിയെ പോലെ വാഗ്ദനങ്ങള്‍ നല്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസിൽ ജനാധിപത്യം കൊണ്ടുവരാനാണ് രാഹുല്‍ ശ്രമിച്ചത്. ഇതിന്റെ ഫലമായാണ് പല യുവാക്കള്‍ക്കും നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ സാധിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
Also Read
കേരളത്തിൽ AAP പിന്തുണ ഇടതുപക്ഷത്തിന്; CR നീലകണ്ഠനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.