• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എന്തു വില കൊടുത്തും കൊല്ലം പിടിക്കാനിറങ്ങി; പക്ഷേ സിപിഎം നേരിട്ടത് കനത്ത തിരിച്ചടി

Loksabha Election result 2019: പ്രത്യേക പരിഗണന നൽകിയായിരുന്നു സിപിഎം ഇത്തവണ കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി

news18
Updated: May 24, 2019, 8:47 AM IST
എന്തു വില കൊടുത്തും കൊല്ലം പിടിക്കാനിറങ്ങി; പക്ഷേ സിപിഎം നേരിട്ടത് കനത്ത തിരിച്ചടി
എൻ.കെ പ്രേമചന്ദ്രൻ
  • News18
  • Last Updated: May 24, 2019, 8:47 AM IST IST
  • Share this:
എൻ.കെ. പ്രേമചന്ദ്രനെ എന്തു വിലകൊടുത്തു തോൽപ്പിക്കാൻ രംഗത്തിറങ്ങിയ സിപിഎമ്മിന് നേരിട്ടത് കനത്ത തിരിച്ചടി. കൊല്ലം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സിപിഎമ്മിന് മുന്നിലുണ്ടായിരുന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയമായിരുന്നു. 2016ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം എൽഡിഎഫിനൊപ്പമായിരുന്നു. ഈ നേട്ടം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു സിപിഎം കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. പക്ഷേ ഫലം വന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ 1,48,856 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊല്ലത്തുനിന്ന് വീണ്ടും ലോക്സഭയിലേക്ക് പോകുന്നത്. പ്രേമചന്ദ്രൻ 4,99,677 വോട്ടും കെ.എൻ.ബാലഗോപാൽ 3,50,821 വോട്ടും കെ.വി.സാബു 1,03,339 വോട്ടുമാണു നേടിയത്.

കൊല്ലത്തിന് പ്രത്യേക പരിഗണന നൽകിയായിരുന്നു സിപിഎം ഇത്തവണ കൊല്ലത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ മാസ്റ്ററും ഡോ. ടി.എം തോമസ് ഐസക്കിനും പ്രധാന ചുമതലകൾ നൽകി. തോമസ് ഐസക് ദിവസങ്ങളോളം കൊല്ലത്ത് ക്യാംപ് ചെയ്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇടഞ്ഞുനിന്നവരെ പാട്ടിലാക്കാൻ മന്ത്രി നേരിട്ടെത്തി. പ്രവർത്തനങ്ങൾക്കായി മണ്ഡലത്തിന് പുറത്തുള്ള പരിചയസമ്പന്നരായ പ്രവർത്തകരെയും രംഗത്തിറക്കി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്‍റെ മുഖത്തേറ്റ അടിയായി മാറി.

രാഹുൽ ഗാന്ധി നാലേകാൽ ലക്ഷം ഭൂരിപക്ഷം പിടിച്ചപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോയി

2014 മുതൽ തുടങ്ങിയ സിപിഎം-ആർ.എസ്.പി വൈരം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുന്നതാണ് ഇത്തവണ കൊല്ലത്തെ തെരഞ്ഞെടുപ്പ് ഗോദ കാട്ടിത്തന്നത്. ബൈപ്പാസ് ഉദ്ഘാടനം, പൊതിച്ചോറ്, യുഡിഎഫ് സ്ഥാനാർത്ഥിയുടെ 'സംഘിച്ചായ്വ്' തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും കളംനിറഞ്ഞു. ഒടുവിൽ കോൺഗ്രസുകാർ കാലുവാരുമോയെന്ന് പരിശോധിക്കാൻ ആർ.എസ്.പിയുടെ പ്രത്യേക ടീം നിരീക്ഷിച്ചുവെന്ന സ്ഥാനാർത്ഥിയുടെ പരാമർശം വരെ ഏറെ വിവാദമായിരുന്നു. ഏറെ നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ പ്രേമചന്ദ്രനൊപ്പമല്ലെന്ന തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണം അസ്ഥാനത്തായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

കൊല്ലത്ത് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് കൈവരിച്ചാണ് പ്രേമചന്ദ്രൻ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്. 2014ൽ എം.എ ബേബിയെ തോൽപ്പിക്കുമ്പോൾ, ചടയമംഗലം, പുനലൂർ, ചാത്തന്നൂർ എന്നിവിടങ്ങളിൽ ലീഡ് നേടാൻ പ്രേമചന്ദ്രന് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഇടത് കോട്ടകളിലെല്ലാം പ്രേമചന്ദ്രന്‍റെ തേരോട്ടം ദൃശ്യമായിരുന്നു. വികസനനേട്ടങ്ങളും വ്യക്തിത്വ മികവും ന്യൂനപക്ഷ വോട്ടുകൾക്കും പുറമെ, ഭൂരിപക്ഷ സമുദായത്തിലെ വലിയൊരു വിഭാഗം വോട്ടും പ്രേമചന്ദ്രനൊപ്പം നിന്നത് വിജയത്തിന്‍റെ തിളക്കം കൂട്ടി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍