ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികൾക്ക് നേരിടേണ്ടി വന്ന കനത്ത തോൽവിയുടെ കാരണം വിശദീകരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോറ്റതിന്റെ പേരിൽ പലരും ഇപ്പോൾ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണെന്നും എന്നാൽ അത് പലരുടെയും രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി സൃഷ്ടിച്ചെടുത്തതാണെന്ന് കാണാതിരിക്കാനാവില്ലെന്നും ബൽറാം പറയുന്നു. അതിന് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ബൽറാം.
പരമാവധി സംസ്ഥാനങ്ങളിലൊക്കെ കോൺഗ്രസ് മതേതര പാർട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാൻ വേണ്ടിത്തന്നെയാണ് പരിശ്രമിച്ചിട്ടുള്ളത്. കേരളം, കർണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാർ എന്നിവയൊക്കെ അതിന് ഉദാഹരണമാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സഖ്യത്തിന് പറ്റിയ ശക്തിയുള്ള പ്രാദേശിക കക്ഷികൾ ഉണ്ടായിരുന്നതുമില്ല. സഖ്യം യാഥാർത്ഥ്യമാവാതെ പോയ പ്രധാന സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ബംഗാളുമാണ്, പിന്നെ ഡൽഹിയും-ബൽറാം പോസ്റ്റിൽ വ്യക്തമാക്കുന്നു.
also read: 'ഹാട്രിക്' തരൂർ; അന്ന് ലക്ഷം തികയ്ക്കാൻ രണ്ട് വോട്ടുകളുടെ കുറവ്; ഇപ്പോൾ 11 വോട്ടിന്റെയും
എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിനേക്കാൾ വിഘാതമായത് അവിടങ്ങളിലെ പ്രാദേശിക പാർട്ടികളുടെ കടുംപിടുത്തങ്ങളും ദുരഭിമാനവും അവരിൽ പലരുടേയും പ്രധാനമന്ത്രിപദ മോഹവുമായിരുന്നു എന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് ബല്‍റാം പറയുന്നു. ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിനെ അവഹേളിച്ചും മൂലക്കിരുത്തിയും സഖ്യമുണ്ടാക്കാൻ നോക്കിയാൽ ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ച ചെയ്യാൻ കോൺഗ്രസിന് മാത്രമായി കഴിയില്ലെന്നും ബൽറാം.
ഡൽഹിയിൽ ആകെയുള്ള 7 സീറ്റുകളിൽ 4 എണ്ണം ആം ആദ്മി പാർട്ടിക്ക് നൽകി ബാക്കി മൂന്നെണ്ണത്തിൽ മാത്രം കോൺഗ്രസ് മത്സരിക്കാമെന്ന വാഗ്ദാനമാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാൽ കേജ്രിവാൾ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഹരിയാനയിൽക്കൂടി സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചതിനാലാണ് സഖ്യം യാഥാർത്ഥ്യമാവാതെ പോയതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ റിസൾട്ട് വന്നപ്പോൾ ഡൽഹിയിലെ 5 മണ്ഡലങ്ങളിലും കോൺഗ്രസായിരുന്നു രണ്ടാം സ്ഥാനത്ത് വന്നത് എന്ന് കാണാവുന്നതാണെന്നും ആപ് കാര്യമായ മത്സരമുയർത്തിയത് വെറും രണ്ട് സീറ്റിൽ മാത്രമാണെന്നും ബല്‍റാം പറയുന്നു. ഡൽഹിയിൽ കോൺഗ്രസിന്റെ വോട്ട് ശതമാനം 22.5വും ആപിന്റേത് 18.1വും ആണ്. ഹരിയാനയിലാവട്ടെ, വെറും 0.36% വോട്ട് മാത്രമാണ് ആപിന് നേടാനായതെന്നും ബൽറാം.
ഉത്തർപ്രദേശിലും സ്ഥിതി ഏതാണ്ട് ഇതുതന്നെയായിരുന്നുവെന്നാണ് ബൽറാം പറയുന്നത്. 80 ൽ വെറും രണ്ട് സീറ്റ് മാത്രമായിരുന്നു എസ്പിയും ബിഎസ്പിയും കോൺഗ്രസിന് വച്ചുനീട്ടിയത്. ബിഎസ്പിക്ക് 19.3%വും എസ്പിക്ക് 18%വും വോട്ട് ലഭിച്ച സംസ്ഥാനത്ത് കോൺഗ്രസിന് 6.31% വോട്ട് ലഭിക്കുന്നുണ്ട്. ആ നിലക്ക് ഒരു പത്ത് സീറ്റെങ്കിലും കോൺഗ്രസിന് നീക്കിവക്കാൻ എസ്പി, ബിഎസ്പി തയ്യാറായിരുന്നുവെങ്കിൽ സഖ്യം യാഥാർത്ഥ്യമാവുമായിരുന്നു. ജയിച്ച സീറ്റിന് പുറമേ മൂന്ന് സീറ്റിൽ രണ്ടാം സ്ഥാനത്തെത്തിയതും കോൺഗ്രസാണെന്ന് കാണേണ്ടതുണ്ട്- ബൽറാം കുറിക്കുന്നു.
ബംഗാളിൽ മറ്റ് എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നാലും മമതാ ബാനർജിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമായിരുന്നു എന്നതാണ് ബൽറാമിന്റെ അഭിപ്രായം. സിപിഎമ്മിന്റെ അണികളും നേതാക്കളും ഒരുപോലെ ബിജെപി കൂടാരത്തിലേക്കൊഴുകിയെത്തിയ ആ സംസ്ഥാനത്ത് കോൺഗ്രസ് - തൃണമൂൽ സഖ്യം ഉണ്ടായിരുന്നുവെങ്കിൽ ഒരു പത്ത് സീറ്റിലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നുവെന്നാണ് ബൽറാം പറയുന്നത്.
ചുരുക്കത്തിൽ ഓരോ സംസ്ഥാനത്തേയും സാഹചര്യം വിലയിരുത്തി യുക്തിസഹമായ സഖ്യങ്ങൾ ഉണ്ടാക്കുക എന്നത് തന്നെയാണ് മതേതര കക്ഷികൾക്ക് മുന്നോട്ടുള്ള വഴി. എന്നാൽ അത് മുഴുവൻ കോൺഗ്രസിന്റെ ബാധ്യതയാണെന്ന് കരുതി സ്വന്തം കോട്ടകൾ സംരക്ഷിക്കുന്നതിനപ്പുറം വിശാലമായ ഒരു ദേശീയ താത്പര്യവും പ്രകടിപ്പിക്കാത്തവരായി പ്രാദേശിക കക്ഷികൾ തുടരുന്നിടത്തോളം ആ വഴി അതീവ ദുഷ്ക്കരമാണ് എന്നതാണ് യാഥാർത്ഥ്യം- ബൽറാം വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Election Result, General Election 2019 Result, Live election result 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Lok Sabha Election Results Live Elections news, Lok Sabha elections results 2019, Loksabha Election Result, Loksabha Election Result 2019, Vt balram, തെരഞ്ഞെടുപ്പ് ഫലം, തെരഞ്ഞെടുപ്പ് ഫലം തത്സമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം, വി ടി ബൽറാം