കൊല്ലം ശക്തമായ ഇടത് അടിത്തറയുള്ളപ്പോഴും പാർലമെന്‍റിലേക്ക് കഴിഞ്ഞ രണ്ടുതവണയും യുഡിഎഫുകാരെ അയച്ച മണ്ഡലമാണ് കൊല്ലം. 2014ൽ സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ ബേബിയെ 37000ൽപ്പരം വോട്ടുകൾക്ക് വീഴ്ത്തിയ എൻ.കെ പ്രേമചന്ദ്രനെ പരാജയപ്പെടുത്തുകയെന്ന നിയോഗമാണ് കെ.എൻ ബാലഗോപാലിനുള്ളത്. കൊല്ലത്ത് സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് മുൻ രാജ്യസഭാംഗവും ജില്ലാ സെക്രട്ടറിയുമായ ബാലഗോപാൽ. ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ, ബിജെപി സ്ഥാനാർത്ഥിത്വം മുതൽ ബിജെപി വോട്ട് കച്ചവടവും, പൊതിച്ചോറും കടന്ന് വോട്ടിന് കാശിൽ എത്തിനിൽക്കുന്ന കൊല്ലത്തെ തെരഞ്ഞെടുപ്പ് ചൂട്. എല്ലാ നിയമസഭാ മണ്ഡലങ്ങളും തൂത്തുവാരിയത് ഇടതുമുന്നണിക്ക് ആത്മവിശ്വാസമേകുന്നു. ബിജെപി വോട്ടുകൾ കിട്ടിയാൽ സ്വീകരിക്കുമെന്ന പ്രേമചന്ദ്രന്‍റെ പ്രഖ്യാപനം ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കിയ ആശയക്കുഴപ്പവും വിധിനിർണയത്തിൽ സ്വാധീനിക്കാം. എൻ.കെ പ്രേമചന്ദ്രനെന്ന വ്യക്തിയുടെ പ്രഭാവം തുണയ്ക്കുമെന്ന് യുഡിഎഫ് കരുതുന്നു. കൂടാതെ പാർലമെന്‍റിലേക്കുള്ള വോട്ടിങ് പാറ്റേണിൽ വ്യത്യാസമുണ്ടെന്നും അവർ പറയുന്നു. ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ കെ.വി. സാബു സ്ഥാനാർത്ഥിയായി എത്തിയതിനുശേഷം ബിജെപിയ്ക്കുള്ളിലെ പടലപിണക്കങ്ങൾ ആർക്ക് ഗുണം ചെയ്യുമെന്നതും പ്രധാനമാണ്. സാമുദായിക സംഘടനകൾ പോലെ തൊഴിലാളി പ്രശ്നങ്ങൾക്കും സ്വാധീനമുള്ള മണ്ഡലമാണ് കൊല്ലം. കശുവണ്ടിമേഖലയിൽ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ വോട്ടെടുപ്പിൽ നിർണായകമാകും. ആത്യന്തികമായി ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറയും പ്രേമചന്ദ്രന്‍റെ വ്യക്തിഗതമികവും തമ്മിലുള്ള പോരാട്ടമാണ് കൊല്ലത്ത് നടക്കുന്നത്.
മാവേലിക്കരശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം നാമജപ പ്രതിഷേധം നടന്ന പ്രദേശങ്ങൾ മണ്ഡലത്തിൽ ഉൾപ്പെടുന്നതിനാൽ ഏഴ് മണ്ഡലങ്ങളിലും എൻ.എസ്.എസ് നിലപാട് നിർണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ആറ് മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. കൊല്ലത്തെ മൂന്ന് മണ്ഡലങ്ങളിൽ വ്യക്തമായ മേൽക്കൈ നേടി കൈപ്പിടിയിലൊതുക്കാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എൻഎസ്എസ് സർക്കാരിനെതിരെ നിൽക്കുമ്പോഴും ബാലകൃഷ്ണപിള്ള ഒപ്പമുള്ളത് തുണയ്ക്കുമെന്ന് എൽഡിഎഫ് കരുതുന്നു. സാമുദായികസംഘടനകൾക്ക് മണ്ഡലത്തിലുള്ള സ്വാധീനം നിർണായകമാണ്. എൻ.എസ്.എസ്, കെ.പി.എം.എസ് സംഘടനകളുടെ ആസ്ഥാനം ഉൾപ്പെടുന്ന മണ്ഡലത്തിൽ ക്രൈസ്തവ സഭകൾക്കും അവഗണിക്കാനാകാത്ത ശക്തിയുണ്ട്. എന്നാൽ എം.പിയെന്ന നിലയിലും കേന്ദ്രമന്ത്രിയെന്ന നിലയിലും മണ്ഡലത്തിൽ ഉടനീളം സുപരിചിതനായ കൊടിക്കുന്നിൽ സുരേഷ് നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ തുണയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ചങ്ങനാശേരി, ചെങ്ങന്നൂർ, കുട്ടനാട് എന്നിവിടങ്ങളിൽനിന്നായി ലഭിക്കുന്ന വോട്ടുകളിലൂടെ വിജയം ആവർത്തിക്കാമെന്നും അവർ പ്രതീക്ഷിക്കുന്നു. കൂടാതെ വനിതാമതിലിൽ സർക്കാരിനൊപ്പമായിരുന്ന കെ.പി.എം.എസ് ഇടതുമുന്നണിക്കൊപ്പമല്ലെന്ന പ്രഖ്യാപനവും വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫിന്.
ആലപ്പുഴമണ്ഡലത്തിൽ ന്യൂനപക്ഷമായ സമുദായ അംഗങ്ങളെ ഇരുമുന്നണികളും ഇറക്കിയിരിക്കുന്നതിനാൽ തികച്ചും രാഷ്ട്രീയമായി ഏറ്റുമുട്ടലാണ്. ഇതാദ്യമായാണ് മണ്ഡലത്തിൽ ഏതെങ്കിലും മുന്നണി മുസ്ലിം സമുദായത്തിൽ പെട്ടവരെ സ്ഥാനാർത്ഥിയാക്കുന്നത്. ശക്തമായ ഇടത് അടിത്തറയുള്ളപ്പോഴും പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയുടെ മനസ് അൽപം വലത്തേക്കാണ് ചെരിയുന്നത്. അരൂർ, ചേർത്തല, ആലപ്പുഴ ആരിഫിന്‍റെ ജനപ്രിയ പരിവേഷം മേൽക്കൈ നേടാൻ കഴിയുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ ആദ്യം എൽഡിഎഫ് കൈവരിച്ച മേൽക്കൈ മറികടക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഷാനി മോൾ ഉസ്മാൻ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ അതിൽ നിന്നും ശബരിമല വിഷയവും കെ.സി വേണുഗോപാൽ നടത്തിയ വികസനപ്രവർത്തനങ്ങളും തുണയ്ക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, അമ്പലപ്പുഴ മണ്ഡലങ്ങൾ ഒപ്പം നിൽക്കുമെന്ന് യുഡിഎഫ് കരുതുന്നു. എൻഡിഎ സ്ഥാനാർത്ഥിയായി PSC മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ നേടുന്ന വോട്ടുകൾ, പ്രത്യേകിച്ച് തീര പ്രദേശത്തു നിന്നും, നിർണായകമായിരിക്കും.
എറണാകുളംമുൻ സാമുദായിക പരിഗണനയെന്ന പതിവ് തെറ്റിച്ച് പി. രാജീവിനെ സ്ഥാനാർത്ഥിയാക്കിയതോടെ പരമ്പരാഗത വോട്ടുകൾക്കപ്പുറമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. മികച്ച പാർലമെന്‍റേറിയനും വ്യ ക്തിബന്ധമുള്ളയാളുമായ രാജീവിനെ രംഗത്തിറക്കി ഇടതുമുന്നണി തുടക്കത്തിൽ മുൻതൂക്കം നേടിയിരുന്നു. എന്നാൽ കെ.വി തോമസിന് പകരം ഹൈബി ഈഡന്‍റെ വരവും ഒടുവിൽ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനവും എത്തിയതും ചിത്രം മാറ്റിവരച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയത പഴയതുപോലെ തീവ്രമല്ലെന്നതും എൻ.ഡി.എ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്തുന്നതും ഗുണകരമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു. ഹൈബിയോടും അദ്ദേഹത്തിന്റെ പിതാവിനോടും വോട്ടർമാർക്കുള്ള വൈകാരികമായ അടുപ്പം മികച്ച വിജയം നേടാൻ സഹായിക്കുമെന്നു യു.ഡി.എഫും. കേന്ദ്രത്തിന്റെ സ്വന്തം സ്ഥാനാർത്ഥിയായി വന്ന കണ്ണന്താനം എതിരാളികളെ ഞെട്ടിക്കാമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പൊന്നാനിഎന്നെന്നും യുഡിഎഫിന്‍റെ ഉറച്ച കോട്ടയായി ഇരിക്കുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിൽ അടുത്തകാലത്തായി പൊന്നാനി ഇടതുപക്ഷത്തോടും ചെറിയ താൽപര്യം കാണിക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കാനാണ് നിലമ്പൂർ സിറ്റിങ് എം.എൽ.എ പി.വി അൻവറിനെ ഇടതുമുന്നണി രംഗത്തിറക്കുന്നത്. ശക്തമായ പ്രചാരണത്തിലൂടെ മികച്ച മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞതും മുൻ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെന്ന നിലയിൽ പി.വി അൻവറിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ വോട്ടാക്കി മാറ്റാമെന്നുമാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിലെ അസംതൃപ്തരുടെ വോട്ട് ഒപ്പം നിൽക്കുമെന്നും അൻവർ പ്രതീക്ഷിക്കുന്നു. എന്നാൽ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലത്തിൽ വിജയത്തിന്‍റെ തിളക്കം കൂട്ടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വയനാട്ടിൽ രാഹുൽ മത്സരത്തിനെത്തിയതോടെ ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉറപ്പോടെ ഒപ്പംനിൽക്കുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
കോഴിക്കോട്എം.എൽ.എ എന്ന നിലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും വ്യക്തിബന്ധവും തുണയ്ക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മികച്ച നിയമസഭാ സാമാജികനെന്ന നിലയിൽ നിറഞ്ഞുനിൽക്കുന്ന എ. പ്രദീപ് കുമാറിനെ പാർലമെന്‍റിലേക്ക് അയയ്ക്കാൻ നിയോഗിച്ചതിൽ അസംതൃപ്തിയുള്ളവരുമുണ്ട്. എന്നാൽ എം.പി വീരേന്ദ്രകുമാർ ഒപ്പമുള്ളതുവഴി മണ്ഡലത്തിലെ സോഷ്യലിസ്റ്റ് വോട്ടുകളും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായ ഒളി ക്യാമറ വിവാദവും എൽഡിഎഫിന് പ്രതീക്ഷ പകരുന്ന മറ്റൊരു ഘടകമാണ്. മികച്ച പ്രതിച്ഛായയുമായി മൂന്നാം അങ്കത്തിനിറങ്ങിയ എം.കെ രാഘവന് തിരിച്ചടിയായി ഒളി ക്യാമറ വിവാദം വന്നു. എന്നാൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും ഉറച്ച വ്യക്തിബന്ധങ്ങളും ഒരുതവണ കൂടി തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അയൽ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിന്‍റെ സ്വാധീനവും കോഴിക്കോട്ട് ഉണ്ടാകുമെന്ന് യുഡിഎഫ് കരുതുന്നു. Also Read കോട്ടകൾ തകരുമോ ?
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.