ലണ്ടന്‍:
കോവിഡ് ബാധിച്ച് ആരോഗ്യ നില വഷളായി നീണ്ട അഞ്ചു മാസത്തിലേറെ ജീവനു വേണ്ടി പൊരുതിയ ബിസിനസുകാരന് ജിയോ മോന് ജോസഫ് (46) നിര്യാതനായി. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ ഒന്നരയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാര്‍ച്ച് അവസാനത്തില്‍ ലണ്ടനില്‍ ഉണ്ടായ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഇരയായ ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് മരിച്ചതെന്ന സാഹചര്യത്തിലാണ് ഇതിന്റെ സാധ്യതകള്‍ തേടുന്നത്
ലണ്ടനിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലെ ചികിത്സയില്‍ കഴിയവേ രോഗനില വഷളായപ്പോള്‍ എക്മോ വെന്റിലേറ്റര്‍ സൗകര്യം ഉള്ള കേംബ്രിജ് പാപ്വര്‍ത്ത് ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷുദിന തലേന്ന് മുതൽ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു തിരുവോണത്തലേന്ന് വരെ ജീവൻ പിടിച്ചു നിര്‍ത്തിയത്.
കാഞ്ഞിരപ്പള്ളി എകെജെഎം പബ്ലിക് സ്കൂൾ, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സെന്റ് ഡൊമനിക് കോളജിലെ ബിരുദ പഠന കോളജി യൂണിയൻ ചെയർമാനായിരുന്നു. ഒഐസിസി യുകെയുടെ നാഷണല്‍ കമ്മറ്റി അംഗവും കോണ്‍ഗ്രസ്സ് നേതാവുമായിരുന്നു. പൊൻകുന്നം ചെങ്കല്ലേപ്പള്ളി പന്തിരുവേലില്‍ കുടുംബാംഗമാണ്. ഭാര്യ സ്മിത. മക്കൾ നേഹ,നിയാൽ, കാതറിൻ.

ജിയോ മോന് ജോസഫ്
ഒന്നര പതിറ്റാണ്ടിലെ യുകെ ജീവിതത്തിനിടയില്‍ തൊഴില്‍ രംഗത്ത് തനതായ പാത കണ്ടെത്തിയ ജിയോ മോന് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. സ്റ്റുഡന്റ് വിസയിലാണ് ലണ്ടനില്‍ എത്തിയത്. അതിന് ശേഷമാണ് സ്വന്തം നിലയില്‍ വിദ്യാഭ്യാസ മേഖലയിൽ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചത്. യുകെസിബിസി എന്ന ബ്രാൻഡിൽ കോളേജുകള്‍ തുടങ്ങി. ഏഴു കോളേജുകള്‍ യുകെയില്‍ സ്വന്തമായി. ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലും കോളേജ് തുറന്നു. കൊച്ചിയില്‍ ഐടി കമ്പനിയും ഉണ്ടായിരുന്നു.
ബിസിനസ് ആവശ്യങ്ങൾക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. വിദേശ യാത്ര കഴിഞ്ഞെത്തിയ ഉടന്‍ ആണ് രോഗബാധിതനായത്. ഏപ്രിൽ ആദ്യ വാരമാണ് ലണ്ടനിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുകെയില്‍ തന്നെ കോവിഡ് ബാധിച്ചവരില്‍ ഏറ്റവും ദീര്‍ഘ കാലം ചികിത്സ നടത്തിയതും ജിയോ മോന് വേണ്ടി ആയിരിക്കുമെന്നാണ് സൂചന. പാപ്വര്‍ത്ത് ഹോസ്പിറ്റലില്‍ തന്നെ വേറെയും മലയാളികളെ ഗുരുതരമായ നിലയില്‍ ഏകമോ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവരൊക്കെ രോഗം ഭേദമായി വീട്ടില്‍ എത്തി ആരോഗ്യം വീണ്ടെടുക്കുകയാണ്.
കുറച്ചു രോഗികളെ പരിചരിച്ച ശേഷമാണ് രോഗ നില വഷളാകും മുന്നേ ഏകമോ വെന്റിലേറ്ററിലേക്ക് മാറ്റുന്നതാണ് ജീവന് തിരിച്ചു പിടിക്കാന്‍ ഫലപ്രദമെന്ന് മെഡിക്കല്‍ ടീമിന് പോലും വക്തമാകുന്നത്. തുടര്‍ന്നാണ് ഗുരുതരനിലയില്‍ ഉള്ള രോഗികളെ വേഗത്തില്‍ ഏകമോ സംവിധാനത്തില്‍ മാറ്റുവാന്‍ തുടങ്ങിയതും അനേകം പേർ ജീവിതത്തിലേക്ക് മടങ്ങി എത്തിയതും.
ജിയോമോന്റെ ജീവന് രക്ഷിക്കാന്‍ സമാനതകള്‍ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രില്‍ ആദ്യവാരം മുതൽ നടന്നിരുന്നു. പാപ്വര്‍ത്ത് ആശുപത്രിയില്‍ ഏകമോ സംവിധാനമുള്ള ചികിത്സ ഏര്‍പ്പെടുത്താന്‍ ലണ്ടന്‍ ഹൈക്കമ്മിഷന്, കേരള സര്‍ക്കാര്‍ എന്നിവയൊക്കെ സമ്മര്‍ദം ചെലുത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ പോലും വേണ്ടി വന്നു.
ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയില്‍ ജിയോമോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബസുഹൃത്തുക്കള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇതിനിടെ ആന്തരിക അവയവ പ്രവര്‍ത്തനങ്ങള്‍ തകരാറില്‍ ആയി.
ദീര്‍ഘനാളായി ജീവന് രക്ഷ ഉപകാരണത്തോടെ കഴിയുന്ന രോഗിയില്‍ പ്രതീക്ഷക്കു വകയില്ലെന്ന് പലവട്ടം കൂടിയാലോചനകള്‍ നടത്തി മെഡിക്കല്‍ ബോര്‍ഡ് കുടുംബത്തെ അറിയിച്ചു. തുടര്‍ന്ന് ഉറ്റബന്ധുക്കളുടെ അനുമതിയോടെ ജീവന് രക്ഷാ ഉപകരണങ്ങള്‍ വിച്ഛേദിച്ചു മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.