• HOME
 • »
 • NEWS
 • »
 • kerala
 • »
 • Love Jihaad | 'ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബ്'; നിരപരാധികൾ ക്രൂശിക്കപ്പെടുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Love Jihaad | 'ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബ്'; നിരപരാധികൾ ക്രൂശിക്കപ്പെടുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലൗ ജിഹാദ് വാദം ബിജെപി ആരോപിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും ചെറുക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി

 • Share this:
  തിരുവനന്തപുരം: ലൗ ജിഹാദ് ബിജെപിയുടെ നുണ ബോംബാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ പേരിൽ നിരപരാധികൾ ക്രൂശിക്കപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. ലൗ ജിഹാദ് വാദം ബിജെപി ആരോപിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. വിവാഹം വ്യക്തിപരമായ കാര്യമാണ്. അതിനെതിരെ ആരു വന്നാലും ചെറുക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

  കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം എസ് ഷെജിനും ജോസ്ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് വിവാദമായത്. ഏപ്രിൽ ഒമ്പത് മുതൽ കാണാതായ യുവതി, പിന്നീട് ഷെജിനെ വിവാഹം കഴിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നുമുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇവർ താമരശേരി കോടതിയിൽ ഹാജരാകുകയും ചെയ്തു. ഷെജിനെ വിവാഹം കഴിച്ച വിവരം യുവതി കോടതിയെ അറിയിച്ചു. ഷെജിനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും യുവതി അറിയിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും ഒരുമിച്ച് പോകാൻ കോടതി അനുവദിച്ചു.

  അതേസമയം പാർട്ടിയെ അറിയിക്കാതെ ഇത്തരത്തിൽ വിവാഹം കഴിച്ച ഷെജിനെതിരെ നടപടിയുണ്ടാകുമെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ജോർജ് എം തോമസിനെതിരെ രൂക്ഷ വിമർശനമാണ് സിപിഎം അണികൾക്കിടയിൽനിന്ന് തന്നെ ഉയരുന്നത്.

  അതേസമയം ഷെജിനുമായി കഴിഞ്ഞ കുറേകാലമായി പ്രണയത്തിലാണെന്നും ഒരുമിച്ച് ജീവിക്കാൻ വേണ്ടി വീട്ടിൽനിന്ന് ഇറങ്ങി വരികയായിരുന്നുവെന്നും ജോസ്ന പ്രതികരിച്ചു. ഇത്ര രൂക്ഷമായ പ്രശ്നം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു. മതം മാറാൻ ഷെജിൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസ്ന പറഞ്ഞു. ലൌ ജിഹാദ് ആരോപണം അടിസ്ഥാനരഹിതവും സാഹചര്യം മുതലെടുത്ത് വ്യക്തിഹത്യ നടത്തുന്നതാണെന്നും ഷെജിൻ പ്രതികരിച്ചു. വിദ്വേഷ പ്രചരണത്തിനാണ് ചിലർ ശ്രമിക്കുന്നതെന്നും ഷെജിൻ പറഞ്ഞു.

  Also Read- Love Jihad | 'ഷെജിന്‍റെ വിവാഹം ലൗ ജിഹാദല്ല; വിദ്യാസമ്പന്നരായ യുവതികളെ മതം മാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു': CPM നേതാവ് ജോർജ് എം തോമസ്

  അതേസമയം വിവാഹ വിവാദത്തിൽ പ്രതികരണവുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്. മകളെ പണത്തിനായി തട്ടിക്കൊണ്ടുപോയതാണെന്നും മകളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും ജോസ്നയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് ഒരു ലക്ഷം രൂപ തരാനുണ്ടെന്ന് മകൾ ഷെജിനോട് പറയുന്നത് കേട്ടിരുന്നു. ഈ മാസം ഒമ്പതിന് പണം ആവശ്യപ്പെട്ട് മകൾ ആരെയോ ഫോണിൽ വിളിച്ചിരുന്നു. അതേ ദിവസമാണ് മകളെ കാണാതായത്. പണത്തിനായി മകളെ തട്ടിക്കൊണ്ടുപോയതാണെന്നും ജോസ്നയുടെ പിതാവ് ആരോപിക്കുന്നു.

  മാർച്ച് 31നാണ് മകൾ സൌദിയിൽനിന്ന് നാട്ടിലെത്തിയത്. ഒമ്പതാം തീയതി കൂട്ടുകാരിയുടെ ആധാർ കാർഡ് പോസ്റ്റ് ചെയ്യുന്നതിനായി താമരശേരിയിൽ പോയ ശേഷമാണ് കാണാതായതെന്നും ജോസ്നയുടെ പിതാവ് പറഞ്ഞു. മകൾ തിരിച്ചുവരാൻ വൈകിയതോടെ ഫോണിൽ വിളിച്ചു. അപ്പോൾ ഒരു പുരുഷ ശബ്ദമാണ് കേട്ടത്. ജോസ്ന അടുത്തുണ്ടോയെന്ന് ചോദിച്ചപ്പോൾ ഫോൺ കൊടുത്തു. ഇവർ തന്നെ വിടുന്നില്ലെന്നാണ് അപ്പോൾ മകൾ പറഞ്ഞത്. ഫോൺ കട്ടാകുകയും ചെയ്തു. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. ഇടവക വികാരിയെയും കാര്യം അറിയിച്ചതായി ജോസ്നയുടെ പിതാവ് പറഞ്ഞു.

  ജോസ്നയുടെ സമ്മതത്തോടെയാണ് മറ്റൊരു യുവാവുമൊത്തുള്ള വിവാഹം ഉറപ്പിച്ചതെന്നും പിതാവ് പറയുന്നു. ഇപ്പോഴത്തെ സംഭവം ലൌ ജിഹാദ് ആണെന്ന് പറയുന്നില്ല. സ്വന്തം ഇഷ്ടത്തിന് ഇറങ്ങി പോയതാണെന്ന് മകളെക്കൊണ്ട് പറഞ്ഞു പറയിക്കുകയാണ്. ഇപ്പോഴത്തെ സംഭവങ്ങളിൽ ദുരൂഹതയുണ്ട്. അത് നീക്കണം. മകളെ തിരിച്ചു കിട്ടുന്നതു വരെ നീതിക്കു വേണ്ടി പോരാടുമെന്നും ജോസ്നയുടെ മാതാപിതാക്കൾ പറഞ്ഞു.
  Published by:Anuraj GR
  First published: