• HOME
  • »
  • NEWS
  • »
  • kerala
  • »
  • LPG CYLINDER LEAKED AT 2AM TIMELY INTERVENTION OF THE FAMILY AVERTED ACCIDENT

LPG സിലിണ്ടർ ചോർന്നത് പുലർച്ചെ 2 മണിക്ക്; സോപ്പ് ഉപയോഗിച്ച് ചോർച്ച അടച്ചു; ഒഴിവായത് വൻദുരന്തം

കൊച്ചി റിഫൈനറിയിലെ ഉദ്യോഗസ്ഥനായതിനാൽ ഗ്യാസ് ചോർന്നാൽ ചെയ്താൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

Fuel price

Fuel price

  • Share this:
    ആലപ്പുഴ: ഹരിപ്പാട് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടർ പുലർച്ചെ ചോർന്നു. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കരുവാറ്റ ടിബി ജംഗ്ഷന് സമീപം മുളവന പുത്തൻ വീട്ടിൽ ബെന്നിയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പാചക വാതകം ചോർന്നത്.

    വീടിന്റെ അടുക്കളയിലാണ് സിലിണ്ടർ സൂക്ഷിച്ചിരുന്നത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ ബെൻസി ഭർത്താവിനെ വിളിച്ചുണർത്തി. വിമുക്തഭടനായ ബെന്നി ജനാലകളും കതകുകളും തുറന്നിട്ടു. സിലിണ്ടർ വീടിന് പുറത്തേക്ക് മാറ്റി. സിലിണ്ടർ ചോർന്ന ഭാഗം സോപ്പ് ഉപയോഗിച്ചു അടച്ചു. തുടർന്ന് ഹരിപ്പാട് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. വീണ്ടും ചോരുമെന്ന വീട്ടുകാരുടെ ഭീതികാരണം അഗ്നിരക്ഷാ നിലയത്തിലേക്ക് മാറ്റിയ സിലിണ്ടർ ഗ്യാസ് ഏജൻസിക്കാർ എത്തി കൊണ്ടു പോയി. രണ്ടാഴ്ച മുൻപാണ് ഈ സിലിണ്ടർ ലഭിച്ചത്. ഉപയോഗിച്ചിരുന്നില്ല.

    അടുക്കളയിൽ മറ്റൊരു സിലിണ്ടറാണ് ഉപയോഗിച്ചിരുന്നത്. ചെറിയ ഒരു സ്പാർക്ക് ഉണ്ടായാൽ രണ്ടു സിലിണ്ടറും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. സിലിണ്ടറിന്റെ കാലപ്പഴക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി റിഫൈനറിയിലെ ഉദ്യോഗസ്ഥനായതിനാൽ ഗ്യാസ് ചോർന്നാൽ ചെയ്താൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

    സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


    ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് മഴ ശക്തമാകും. തിരുവനന്തപുരം ആലപ്പുഴ, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യുന മര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്.

    തിങ്കളാഴ്ച ഏഴ് ജില്ലകളിലും, ചൊവ്വാഴ്ച 12 ജില്ലകളിലും ബുധനാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

    13-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

    14-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

    15-09-2021: ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു.

    പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

    അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

    വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

    അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

    സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

    ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

    ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

    ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

    ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

    അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

    മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

    കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
    Published by:Rajesh V
    First published:
    )}