• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുക, പൊട്ടിത്തെറി, അഗ്നിഗോളം; കോടാലിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടി കെട്ടിടം തകര്‍ന്നതെങ്ങനെ?

പുക, പൊട്ടിത്തെറി, അഗ്നിഗോളം; കോടാലിയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടി കെട്ടിടം തകര്‍ന്നതെങ്ങനെ?

കെട്ടിടത്തിന് പുറത്തേക്ക് വലിയ പുക പുറത്തേക്ക് വരുന്നത് കണ്ടാണ് കടക്കാർ ശ്രദ്ധിച്ചത്.

  • Share this:
    തൃശൂർ: കൊടകര കോടാലിയിൽ ഗ്യാസ് സ്റ്റൗ സർവീസ് സെന്ററിലെ (Gas stove service Centre) സിലിണ്ടറുകൾ (Gas Cylinder) പൊട്ടിത്തെറിച്ച് മൂന്നുനിലക്കെട്ടിടം തകർന്നു. സമീപത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചതിനോടൊപ്പം സർവീസ് സെന്ററിന് പുറകിലെ കോംപ്ലക്സിലുണ്ടായിരുന്ന ലിഫ്റ്റ് പൂർണമായും കത്തി. കടകളിലെ ജീവക്കാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വൻ അത്യാഹിതം ഒഴിവായി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഗ്യാസ് സ്റ്റൗ നന്നാക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

    പുക, പൊട്ടിത്തെറി, അഗ്നിഗോളം; കോടാലിയിലെ അപകടമിങ്ങനെ -

    കെട്ടിടത്തിന് പുറത്തേക്ക് വലിയ പുക പുറത്തേക്ക് വരുന്നത് കണ്ടാണ് കടക്കാർ ശ്രദ്ധിച്ചത്. പുകയും തീയും സിലിണ്ടർ സർവീസ് സെന്ററിൽ നിന്നാണെന്ന് മനസിലാക്കിയതോടെ കടകളിലെ ജീവനക്കാർ ഞൊടിയിടയിൽ ഷട്ടറുകൾ താഴ്ത്തി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ആദ്യ സിലിണ്ടർ പൊട്ടിയതോടെ വലിയൊരു അഗ്നിഗോളം പുറത്തേക്ക് വരികയായിരുന്നു. തുടർന്ന് കടയിലുണ്ടായിരുന്ന 19 കിലോ വീതമുള്ള നാല് സിലിണ്ടറുകളും രണ്ട് കിലോ വീതമുള്ള അഞ്ച് സിലിണ്ടറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ മൂന്നുനിലക്കെട്ടിടത്തിന് താഴെയുണ്ടായിരുന്ന കടയിൽ നിന്നും തീ മൂന്നാംനില വരെ പടരുകയായിരുന്നു.

    മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ്‌ പൂർണമായും കത്തിനശിച്ചു. ഇവിടെയുണ്ടായിരുന്ന പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിൽ തന്നെയുള്ള തുണിക്കടയും കത്തി. കെട്ടിടത്തിന് പുറകുവശത്തുള്ള ഇരുനിലക്കെട്ടിടത്തിന്റെ മുൻവശത്തുള്ള ചില്ല് പൊട്ടിത്തെറിയിൽ തകരുകയും ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ടായിരുന്ന ലിഫ്റ്റ് പൂർണമായി കത്തിനശിക്കുകയും ചെയ്തു.

    Also read- K Swift Accident| KSRTC സ്വിഫ്റ്റ് ബസ് ഇടിച്ചു ഒരാൾ മരിച്ചു; അപകടം കുന്നംകുളത്ത്

    കടയിലുണ്ടായിരുന്ന രണ്ട് വലിയ സിലിണ്ടറുകൾ തീ പിടിക്കാതെ അഗ്‌നിശമനസേനാംഗങ്ങൾ പുറത്തേക്ക് എത്തിച്ചു. പുതുക്കാട് നിന്നും ചാലക്കുടിയിൽ നിന്നുമെത്തിയ അഗ്നിശമനസേനയുടെ യൂണിറ്റുകൾ ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീയണച്ചത്. ഇതിനിടയിൽ കോടാലിയിൽ മൂന്ന് മണിക്കൂറോള൦ റോഡ് ഗതാഗതം തടസപ്പെട്ടു.

    പുതുക്കാട് അഗ്നിരക്ഷാസേനാ ഓഫീസർ ആർ. രാജേഷ് കുമാർ, അസി. സ്റ്റേഷൻ ഓഫീസർ വി. സജുകുമാർ, ചാലക്കുടി അസി. സ്റ്റേഷൻ ഓഫീസർ വി. പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

    Also read- Ksrtc Swift വീണ്ടും ഇടിച്ചു; അപകടത്തിൽ ഗ്ലാസും റിയർവ്യൂ മിററും പൊട്ടി

    ജില്ലാ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ അരുൺ ഭാസ്‌കറും സ്ഥലത്തെത്തിയിരുന്നു. സി.ഐ. കെ.പി. മിഥുൻ, എസ്.ഐ. പി.ആർ. ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിക്കുളങ്ങര പോലീസും സ്ഥലത്തുണ്ടായിരുന്നു.

    അശ്രദ്ധമായി സിലിണ്ടറുകൾ കൈകാര്യം ചെയ്തതിന് കോടാലി പുഴക്കര ഇല്ലത്ത് വീട്ടിൽ അബ്ദുൾ മജീദിനെതിരെ വെള്ളിക്കുളങ്ങര പോലീസ് കേസ് എടുത്തു. സുരക്ഷിതമല്ലാതായ കെട്ടിടം പൊളിച്ചുമാറ്റാൻ നിർദേശം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അറിയിച്ചു.
    Published by:Naveen
    First published: