തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ വകുപ്പ് ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പര്‍ധയും സര്‍ക്കാര്‍ വിരുദ്ധ വികാരവും വളര്‍ത്തിയെടുക്കാന്‍ ചില നിക്ഷിപ്ത കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചു.
പാതയോര വിശ്രമ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള പേര് ടേക് എ ബ്രേക്ക് എന്നാണ്. അതിന് നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേര് നല്‍കി അപമാനിച്ചു എന്ന നുണ പ്രചരിപ്പിച്ചാണ് ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുതലെടുപ്പിന് ശ്രമിക്കുന്നത്. റോഡ് യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനും വിശ്രമിക്കാനും വേണ്ടിയുള്ളതാണ് ടേക് എ ബ്രേക്കില്‍ ഒരുക്കുന്ന ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
വാർത്താക്കുറിപ്പിൽ നിന്ന്- ''സാധാരണ നിലയില്‍ ഇത്തരം കേന്ദ്രങ്ങളുടെ പരിപാലനത്തിന് കരാറുകാരെ ഏര്‍പ്പിക്കാറാണ് പതിവ്. അതില്‍ നിന്നും വ്യത്യസ്തമായി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളികള്‍ക്ക് പരിപാലന ചുമതല നല്‍കുന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പ്രസ്താവിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും വഴി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ ഉള്‍പ്പെടുത്തുമ്പോഴാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ജനപക്ഷ മനോഭാവത്തെ ഇകഴ്ത്തികാണിക്കാന്‍ ചില ദുഷ്‌കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇത്തരം നുണ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ വിഷയത്തില്‍ ഡി ജി പിയ്ക്ക് നല്‍കിയ പരാതിയില്‍ പോലീസ് സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു''.
പൊതുശൗചാലയങ്ങൾക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകുവാനുള്ള കേരള സർക്കാർ തീരുമാനം മഹാത്മാവിനോടുള്ള അനാദരവും ചരിത്രത്തോടുള്ള അനീതിയുമാണെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പിന്നാക്ക സമൂഹത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കുന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകനാണ് മഹാത്മാ അയ്യങ്കാളി. എന്നാൽ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടോ സാംസ്‌കാരിക പൈതൃകങ്ങളിലോ അദ്ദേഹത്തിന്‍റെ നാമം പരിഗണിക്കാറില്ല. പകരം ജാതീയമായി നിർണയിക്കപ്പെട്ട ശുചീകരണ തൊഴിലിനോടും ശൗചാലയത്തിനോടും ചേർത്ത് മാത്രം മഹാത്മാവിനെ പരിഗണിക്കുന്നതിലെ യുക്തി ജാതീയമാണ് എന്ന് പറയാതെ വയ്യ. അനാദരവ് നിറഞ്ഞ ഈ തീരുമാനത്തിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
'പട്ടികവര്‍ഗ വിഭാഗത്തിന് പ്രാതിനിധ്യമുറപ്പാക്കാന്‍ ഗസറ്റഡ് കാറ്റഗറിയില്‍ രണ്ട് തസ്തികകള്‍ സംവരണം ചെയ്യും'നഗര ഗ്രാമാസൂത്രണ വകുപ്പില്‍ ഉയര്‍ന്ന തസ്തികകളില്‍ പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗണ്‍ പ്ലാനറുടെ രണ്ട് തസ്തികകള്‍ സംവരണം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.
നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാര്‍ഷിക അവലോകനത്തില്‍ ഗസറ്റഡ് കാറ്റഗറിയില്‍ പട്ടികവര്‍ഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പ്രത്യേക നിയമനം നടത്താന്‍ സാധിക്കുന്ന വിധത്തില്‍ രണ്ട് തസ്തികകള്‍ സംവരണം ചെയ്തത്. എല്ലാ മേഖലകളിലും പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് അര്‍ഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.