കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിനെതിരെ (Monson Mavunkal) ഒരു കേസ് കൂടി. ബെംഗളൂരുവിലെ വ്യാപാരിയില്‍ നിന്ന് പണം നല്‍കാതെ ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നതാണ് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസ്. ഇതും ക്രൈംബ്രാഞ്ച് (Crime Branch) അന്വേഷിക്കും. 86 ലക്ഷം രൂപ വിലവരുന്ന ആറ് കാറുകള്‍ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ മോൺസണെതിരെയുള്ള കേസുകളുടെ എണ്ണം 14 ആയി. എല്ലാ കേസുകളും സംയോജിപ്പിച്ചാണ് അന്വേഷണം. പോക്സോ ഉള്‍പ്പെടെ നാല് കേസുകളില്‍ ഇതുവരെ മോൺസണെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഇയാള്‍ക്ക് കൊച്ചിയിലും ചേര്‍ത്തലയിലുമായി 30ല്‍ അധികം ആഡംബര കാറുകളുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ പലതും ഓടുന്നവയായിരുന്നില്ല. കോടീശ്വരനാണെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ വേണ്ടി മാത്രമാണ് വാഹനങ്ങള്‍ വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്നത്. ശേഷിക്കുന്ന കേസുകളില്‍ കൂടി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. മോൺസണ് എതിരായ കേസുകളില്‍ ഇ.ഡിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇയാള്‍ക്ക് പൊലീസുള്‍പ്പടെ ഉന്നത ബന്ധങ്ങളുണ്ടെന്ന് ആരോപണമുണ്ട്. മോന്‍സനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ ഐജി ലക്ഷ്മണയെ സസ്പെന്‍ഡു ചെയ്തിട്ടുണ്ട്.
മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് രജിസ്ടർ ചെയ്ത സാമ്പത്തിക ഇടപാട് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചു വരുത്തി നാലു മണിക്കൂറോളമാണ് എസ് സുരേന്ദ്രനെ ചോദ്യം ചെയ്തത്. സുരേന്ദ്രന്റെ തൃശ്ശൂരിലെ ക്വാർട്ടേഴ്സിൽ വെച്ച് മോൻസന് 25 ലക്ഷം രൂപ കൈമാറിയെന്നായിരുന്നു കേസിലെ പരാതിക്കാരിലൊരാളായ യാക്കൂബിന്റെ വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ മൊഴി ഇഡി നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ.
മോൺസണുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നത്. കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്നു. ചില ചടങ്ങുകളിലും പങ്കെടുത്തിരുന്നു. എന്നാൽ സാമ്പത്തികമായി ഒരു ഇടപാടിലും താൻ ഉൾപ്പെട്ടിട്ടില്ല എന്നും സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയിൽ കമ്മീഷണർ ആയിരിക്കുമ്പോൾ ആണ് പരിചയം. ആ സമയത്ത് ഇയാൾക്കെതിരെ കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ നേരത്തെ മേലുദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ മോൺസണുമായി സുരേന്ദ്രന് അടുത്ത ബന്ധം ആണെന്ന് വ്യക്തമാക്കുന്ന ഒട്ടനവധി തെളിവുകൾ പുറത്ത് വന്നിരുന്നു. കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളും പരിപാടികളും ഉൾപ്പെടുന്ന ചിത്രങ്ങളായിരുന്നു ഇതിൽ പ്രധാനം . സുരേന്ദ്രൻ കലൂരിലെ വീട്ടിൽ ഇതിൽ മിക്കവാറും വെറും വരുമായിരുന്നു എന്ന് വീട്ടുജോലിക്കാരും മൊഴി നൽകിയിട്ടുണ്ട് .ഇവരുടെ ഫോൺ രേഖകളും അടുത്ത ബന്ധമാണെന്ന് തെളിയിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.