തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നതായി വ്യാപക പരാതിയുണ്ടെന്നും ഇതേക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോവിഡ് മൂലം മാതാപിതാക്കൾ മരിച്ച് അനാഥരായ കുട്ടികൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനപ്പൂർവം കുറച്ചു കാണിച്ചാൽ അർഹതപ്പെട്ട നിരവധി കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കാതെപോകുമെന്നും സതീശൻ പറഞ്ഞു. നിയസഭയിലെ ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തെയും വി ഡി സതീശൻ വിമർശിച്ചു. സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read ദിവസങ്ങൾക്ക് മുൻപ് ഭര്‍ത്താവ് വീണുമരിച്ച അതേ കിണറ്റില്‍ ഭാര്യയും മകളും മുങ്ങി മരിച്ചു
കോവിഡ് മൂന്നാം തരംഗത്തിന്റെ സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുത്തൻ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. കോവിഡ് മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞെന്നാണ് സർക്കാരിന്റെ അവകാശവാദം. ഇതിൽ ധാരാളം പരാതികളുണ്ട്. കൊവിഡ് വന്ന ശേഷം (പോസ്റ്റ് കൊവിഡ് രോഗബാധിതരായി) മരണമടയുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല. അത് ദൗർഭാഗ്യകരമാണ്. കോവിഡ് മരണനിരക്ക് മനപൂർവ്വം കുറയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Also Read സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വെടിവച്ചിട്ട് പൊലീസ്
സർക്കാർ ബജറ്റില്‍ പറയേണ്ട കാര്യങ്ങളാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. സര്‍ക്കാരിന് സ്ഥലജലവിഭ്രാന്തിയാണ്. മൂന്ന് കാര്യത്തെകുറിച്ച് നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചെങ്കിലും അത് വന്നില്ല. ഒന്നാമത്തെ ആരോഗ്യനയമാണ്. പുതിയ ആരോഗ്യനയം പ്രതീക്ഷിച്ചെങ്കിലും വന്നില്ല. മൂന്നാം തരംഗം ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിനെ കുറിച്ച് ഒരു നയമുണ്ടാകാത്തത് ദൗർഭാഗ്യകരമാണ്.
രണ്ടാമത് ഒരു പുതിയ വിദ്യാഭ്യാസനയമാണ്. ഇത് രണ്ടാം തവണയാണ് കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് കടക്കുന്നത്. വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ അസ്വസ്ഥരാണെന്നും പുതിയ ഒരു മാർഗരേഖ പ്രതീക്ഷിച്ചെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മൂന്നാമത് ദുരന്തനിവാരണത്തിലാണ്. കോവിഡ് മഹാമാരിക്കിടയിലാണ് കടലാക്രമണവും മറ്റു കെടുതികളും അനുഭവിക്കുന്നത്. ഇനി ഒരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിൽ ഒരു ദുരന്തനിവാരണ പ്ലാൻ ആവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.