ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എം എം മണിയുടെ ലീഡ് 30,000 കടന്നു. ഇനി മൂന്ന് റൗണ്ട് വോട്ടുകൾ മാത്രമാണ് എണ്ണാനുള്ളത്. ഇ എം ആഗസ്തിയാണ് എതിർ സ്ഥാനാർഥി. നാളെ തല മൊട്ട അടിക്കുമെന്ന് ഇം എം ആഗസ്തി പറഞ്ഞു. തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. എന്നാൽ ഇം എം ആഗസ്തി തല മൊട്ട അടിക്കരുതെന്ന് എം എം മണി പറഞ്ഞു.
എം എം മണി ജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ആഗസ്തി പറഞ്ഞു. ചാനലുകളുടെ സർവേ പെയ്ഡ് സർവേയാണെന്നും ഫലം മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോ എന്നും ആഗസ്തി ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലക്കെടുത്തപോലെയാണ് ഇപ്പോൾ കേരളത്തിലെന്നും ആഗസ്തി ആരോപിച്ചിരുന്നു.
മന്ത്രി എം എം മണി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ- ''എല്ലാവർക്കും നന്ദി. എന്റെ സുഹൃത്തുകൂടിയായ ഇ എം അഗസ്തി നല്ല മൽസരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗിൽ പ്രതിഫലിച്ചത്. അത് ആഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണില്ലയെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിന്റെ പൊതുവികസനത്തിൽ നമുക്ക് ഒന്നിച്ചു മുന്നേറാം.''
2001 മുതൽ തുടർച്ചയായി സിപിഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പൻചോല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം എം മണി 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി സേനാപതി വേണുവിനെ പരാജയപ്പെടുത്തിയത്. മന്ത്രിയെന്ന നിലയിൽ മണി നേടിയ വാർത്താ ശ്രദ്ധയും സർക്കാരിന്റെ നേട്ടങ്ങളും ഇത്തവണ സഹായകരമാകുമെന്ന് എൽഡിഎഫ് കണക്കു കൂട്ടിയപ്പോൾ, മണ്ഡലം പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് മുൻ എംഎൽഎ കൂടിയായ മുതിർന്ന നേതാവ് ഇ എം ആഗസ്തിയെയാണ്. ബിഡിജെഎസിന്റെ സന്തോഷ് മാധവനാണ് എൻഡിഎ സ്ഥാനാർഥി. എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന കൗൺസിലറാണ് സന്തോഷ്.
Also Read-
'പാലായിൽ പണാധിപത്യത്തിന് എതിരായ ജനാധിപത്യത്തിന്റെ വിജയം:' മാണി സി കാപ്പൻ
25 വർഷത്തിനു ശേഷം എം എം മണിയും ഇ എം ആഗസ്തിയും ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ, ഒരേ മണ്ഡലത്തിൽ നേർക്കുനേർ എന്ന കൗതുകവും ഇത്തവണയുണ്ടായി. 1996ൽ എം എം മണി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പു പോരാട്ടത്തിൽ മൽസരിച്ചത് ഇ എം ആഗസ്തിക്കെതിരെയായിരുന്നു; ഉടുമ്പൻചോലയിൽത്തന്നെ. അന്ന് പക്ഷേ മണിയാശാൻ തോറ്റു.
Also Read-
Kerala Assembly Election Result Live | 'ആചാര ലംഘനം' നടത്തി കേരളം; ചരിത്ര വിജയനായി ക്യാപ്റ്റൻ; LDF 94, UDF 44, NDA 2
ഇത്തവണ, മണ്ഡലത്തിലെത്തിച്ച വികസനങ്ങൾ പറഞ്ഞാണ് മണി വോട്ടു ചോദിച്ചത്. ഇത്തവണ എൽഡിഎഫ് സർക്കാരിനു ഭരണത്തുടർച്ച കിട്ടിയാൽ പട്ടയനിയമം ഭേദഗതി ചെയ്ത് നിയമനിർമാണം നടത്തുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. പട്ടയഭൂമിപ്രശ്നം നീറിനിൽക്കുന്ന മണ്ഡലത്തിൽ അതിൽപിടിച്ചായിരുന്നു ഇരുമുന്നണികളുടെയും പ്രചാരണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.