ന്യൂഡൽഹി: എം ശിവശങ്കറിന്റെ അറസ്റ്റ് പാർട്ടിക്ക് ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. എം.ശിവശങ്കര്‍ ഐഎഎസ് ഉദ്യോഗസ്ഥനായതിനാല്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് കേന്ദ്രമാണെന്നും അതിനാൽ കേന്ദ്രത്തോടാണ് ചോദിക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. കേരളത്തിലെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് തന്നോട് എന്തിനാണ് ചോദിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.
സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിനെ കോടതി ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
അതേസമയം ശിവശങ്കറിന്റെ അറസ്റ്റിൽ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്‍റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.