തിരുവനന്തപുരം: യഥാർത്ഥ സ്നേഹിതരെ മനസ്സിലാക്കാൻ ജയിൽ അനുഭവം സഹായിച്ചുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ ടി പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കര്‍ (M Sivasankar). 59ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങൾ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്. ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല.
ഇത്തവണയും പിറന്നാളിന് ആഘോഷങ്ങൾ ഒന്നുമില്ല. കഴിഞ്ഞ വർഷം പിറന്നാൾ ജയിൽ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാൾ ഓർക്കാൻ ഉണ്ടായിരുന്നില്ല. ഈ പിറന്നാൾ ദിനത്തിൽ സന്ദേശങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു. അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു. മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത് എന്നും ശിവശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ജോലിയില്‍ അവസാന നിമിഷം വരെ കഠിനാധ്വാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ 572 ദിവസങ്ങളെ സര്‍ക്കാര്‍ സര്‍വീസില്‍ ബാക്കിയുള്ളൂ എന്നും രേഖപ്പെടുത്തുന്നു. തെറ്റിദ്ധാരണകളുടെ ഭാരമില്ലാത്ത കൂടുതല്‍ അര്‍ഥമുള്ള ജോലികള്‍ ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട്. സ്പ്രിങ്ക്ളർ ഉള്‍പ്പെടെയുളള വിവാദങ്ങളെ നര്‍മത്തില്‍ പൊതിയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വൈകാരികമായാണ് ഓരോ വാക്കുകളും എഴുതിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചോ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഒന്നും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.
സ്വർണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്പെൻഷൻ കാലാവധി തീർന്നതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍റ് ചെയ്തത്. പിന്നീട് കസ്റ്റംസും എൻഫോഴ്സമെന്‍റും വിജിലൻസും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയായി.
Also Read- Republic Day 2022 | ഇന്ത്യൻ ഭരണഘടനയുടെ പിതാവാര്? ഭരണഘടനയുടെ മാതാവായി അറിയപ്പെടുന്നതോ?
സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലുമാണ് പ്രതി ചേർത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിൽലിൽ കഴിയുകയും ചെയ്തു. 2023 ജനുവരിവരെയാണ് ശിവശങ്കറിന്‍റെ സർവീസ് കാലാവധി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook post, M sivasankar