സഖാക്കളുടെ സഖാവിനെ അനുസ്മരിച്ച് എംഎ ബേബി; പി കൃഷ്ണപിള്ളയുടെ ഓർമകൾക്ക് 71 വർഷം
സഖാക്കളുടെ സഖാവിനെ അനുസ്മരിച്ച് എംഎ ബേബി; പി കൃഷ്ണപിള്ളയുടെ ഓർമകൾക്ക് 71 വർഷം
തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് പി കൃഷ്ണപിള്ള അവസാനമായി കൈമാറിയ സഖാക്കളെ മുന്നോട്ട് എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണെന്നും എംഎ ബേബി പറഞ്ഞു.
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പിന്റെ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ ഓർമകൾക്ക് 71 വയസ്. പി കൃഷ്ണപിള്ളയുടെ ഓർമദിനത്തിൽ അദ്ദേഹത്തെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അനുസ്മരിച്ചു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവസാനമായി കൈമാറിയ സഖാക്കളെ മുന്നോട്ട് എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണെന്നും എംഎ ബേബി പറഞ്ഞു.
എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
"സഖാക്കളുടെ സഖാവ്" പി കൃഷ്ണപിള്ളയുടെ ഓർമകൾക്ക് 71 വർഷം.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും ,1937 ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പിന്റെ സെക്രട്ടറിയും ആയിരുന്നു സഖാവ് . ഈ എംെസ്സ്, കെ ദാമോദരൻ , എൻ സി ശേഖർ എന്നിവരായിരുന്നു ഒപ്പം കേരളത്തിലെപ്രഥമ കമ്മ്യൂണിസ്റ്റ് ഘടകത്തിൽഅംഗങ്ങളായത്. 1906-ല്‍ വൈക്കത് ജനിച്ച സഖാവ് 14 - ) ൦ വയസിൽ അനാഥനായി . ഇരുപത്തൊന്നാം വയസ്സില്‍ അലഹബാദില്‍ ചെന്ന് ഹിന്ദി പഠിച്ച് മടങ്ങിവന്ന് ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയുടെ പ്രവര്‍ത്തകനായിത്തീര്‍ന്നു. ജീവിക്കാനായി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടു.
1930 ജനുവരിയില്‍ ഉപ്പു സത്യഗ്രഹം നടത്താന്‍ വടകര നിന്നും പയ്യന്നൂരിലേയ്ക്കുപോയ ജാഥയുടെ പതാക വാഹകനായതോടെ പി.കൃഷ്ണപിള്ളയുടെ ജീവിതം ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമായി തീരുക ആയിരുന്നു . ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ സഖാവ് കൃഷ്ണപിള്ളയെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.നിയമലംഘനകേസിൽ കുറ്റം ചാർത്തപ്പെട്ട ആറു പ്രതികളിൽ ഒരാളായിരുന്നു സഖാവ് കൃഷ്ണപിള്ള. ജയിലിൽ ബി ക്ലാസ്സ് തടവുകാരായിരുന്നെങ്കിലും, ജയിലധികൃതർ വളരെ മോശമായാണ് ഈ തടവുകാരോട് പെരുമാറിയിരുന്നത്. കൃഷ്ണപിള്ള വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ജയിലിലുണ്ടായിരുന്ന കെ.പി.ഗോപാലൻ രേഖപ്പെടുത്തി .തടവുകാരെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും മേലധികാരികളുമായി മല്ലിടാൻ തന്റേടത്തോടെ തയ്യാറായത് അന്ന് സഖാവ് മാത്രമായിരുന്നു. തടവുകാർക്കെതിരേ നടക്കുന്ന അക്രമങ്ങളെ ചോദ്യം ചെയ്തതിനെ തുടർന്ന് ജയിലധികൃതർ അദ്ദേഹത്തെ കോൽചങ്ങലയിൽ ബന്ധിച്ചിടുകയുണ്ടായി. ഇതിനെതുടർന്ന് നിരാഹാരം ആരംഭിച്ച കൃഷ്ണപിള്ളയെ വെല്ലൂർ ജയിലിലേക്കു മാറ്റുവാൻ ജയിൽ മേധാവികൾ തീരുമാനിച്ചു.വെല്ലൂർ ജയിലിൽ കണ്ണൂരിലേതിനേക്കാൾ മെച്ചപ്പെട്ട അന്തരീക്ഷമായിരുന്നു. വെല്ലൂരിൽ നിന്നും കൃഷ്ണപിള്ളയെ പിന്നീട് സേലം ജയിലിലേക്കു മാറ്റി. സേലം ജയിലിൽ വെച്ച് കൃഷ്ണപിള്ള ലാഹോർ ഗൂഢാലോചനകേസിൽ ഭഗത് സിംഗിന്റെ സഹപ്രവർത്തകനായ ബദ്കേശ്വർ ദത്തിനെ അടുത്തു പരിചയപ്പെടാൻ ഇടയായി. സേലം ജയിലിലും അന്യായങ്ങൾക്കെതിരേ കൃഷ്ണപിള്ളയും ദത്തും കടുത്ത സമരങ്ങൾ നടത്തുകയും വീണ്ടും കോൽച്ചങ്ങലകളിൽ തളക്കപ്പെടുകയും ചെയ്തു. ഇവിടെ വെച്ച് പല വിപ്ലവകാരികളുമായി അടുത്തു ബന്ധപ്പെടാൻ സഖാവിനു കഴിഞ്ഞു .അത് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് അടുപ്പിച്ചു .
ജയിലിൽ നിന്നും മോചിതനായ സഖാവ് നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ്.അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സവർണ്ണമേധാവിത്വത്തെ പ്രകോപിപ്പിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് സഖാവിനെ മർദ്ദിച്ചു."ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും" എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു സഖാവ്. അത് നവോത്ഥാനസമരചരിത്രത്തിലെഅണയാതെകത്തുന്ന വാക്കുകളാണ്. വാടകമർദ്ദകരുടെകൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി സഖാവ് ഏറ്റുവാങ്ങി.
1937 ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു.സഖാവ് സെക്രട്ടറിയായ കേരളത്തിലെ പ്രഥമപാർടിഘടകത്തിൽ അംഗങ്ങളായി ഒപ്പംഉണ്ടായിരുന്നവരുംചരിത്രസൃഷ്ടാക്കളായിരുന്നു:
ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും സഖാവ് മുന്‍ പന്തിയിലുണ്ടായിരുന്നു. പിണറായി-പാറപ്പുറം രഹസ്യസമ്മേളനത്തില് പങ്കെടുത്ത സഖാവ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി.കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി യിലെ പ്രമുഖർ മുഴുവൻ കമ്മ്യൂണിസ്റ്റ്കാരായിമാറുകയായിരുന്നു. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണം പോലും ഒളിവിലിരിക്കെയായിരുന്നു. കേരളത്തില്‍ കൃഷ്ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നത്. തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തോടും, സാധാരണ ജനജീവിതത്തോടും കൃഷ്ണപിള്ള ഇഴുകിച്ചേര്‍ന്നിരുന്നു. തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1948 ആഗസ്റ്റ് 19-ന് ആലപ്പുഴയിലെ കണ്ണര്‍കാട്ടെ ഒളിത്താവളത്തില്‍ സര്‍പ്പദംശമേറ്റ് മരിക്കുന്നതിനിടയിലും കൃഷ്ണപിള്ള പെരുമാറിയത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഒരിക്കലും തോല്‍ക്കാത്ത ഇച്ഛാശക്തിയുടെ അഗ്നിനാളമായാണ്. തന്റെ വിറയ്ക്കുന്ന കൈകള്‍കൊണ്ട് അവസാനമായി കൈമാറിയ സഖാക്കളെ മുന്നോട്ട് എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.ഒപ്പ് സഖാവെഴുതി: 'നമ്മുടെ പ്രസ്ഥാനത്തിൽ വിമർശനം ഉണ്ടെങ്കിലും സ്വയംവിമർശനം വേണ്ടത്രയില്ല. എന്നും നമ്മെ കരുതലുള്ളവരാക്കേണ്ട വാക്കുകളാണവ. സഖാവിന്റെ മരിക്കാത്ത ഓര്‍മ്മക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.