നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കിറ്റക്സ് കമ്പനി കേരളം വിട്ടു പോകരുതെന്ന് വ്യവസായി എം എ യൂസഫലി

    കിറ്റക്സ് കമ്പനി കേരളം വിട്ടു പോകരുതെന്ന് വ്യവസായി എം എ യൂസഫലി

    കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്റെയും ക്ഷണം ലഭിച്ചതായി സാബു എം ജേക്കബ്. തെലുങ്കാന വ്യവസായ മന്ത്രി കെ റ്റി രാമറാവുവാണ് സന്ദേശം കൈമാറിയത്

    ma_Yousufali

    ma_Yousufali

    • Share this:
    കൊച്ചി: കിറ്റെക്സ് കമ്പനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം എ യൂസഫലി പറഞ്ഞു. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകും. കിറ്റെക്സ് എം. ഡി സാബു ജേക്കബുമായി താൻ സംസാരിക്കുമെന്നും എം എ യൂസഫലി പറഞ്ഞു.

    കൊവിഡ് മൂലം മരിച്ച പ്രവാസികളൂടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ നോർക്കയുമായി ചർച്ച നടത്തും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബായ് വേൾഡ് എക്സ്പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യു എ ഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

    കിറ്റക്സിനെ സ്വാഗതം ചെയ്ത് തെലുങ്കാനയും

    കിറ്റെക്‌സിന് തെലുങ്കാന സര്‍ക്കാരിന്റെയും ക്ഷണം ലഭിച്ചതായി സാബു എം ജേക്കബ്. തെലുങ്കാന വ്യവസായ മന്ത്രി കെ റ്റി രാമറാവുവാണ് സന്ദേശം കൈമാറിയത്. തെലുങ്കാനയുടെ  വാഗ്ദാനങ്ങള്‍ അടക്കം അറിയിക്കാന്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ജനെ മന്ത്രി ചുമതലപ്പെടുത്തിയതായും അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.

    വിവാദങ്ങള്‍ക്കിടെ കിറ്റക്‌സ് കമ്പനിയുമായി അനുരഞ്ജന നീക്കവുമായി കേരള സര്‍ക്കാര്‍ പ്രതിനിധികളും  രംഗത്തെത്തി. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റക്‌സിലെത്തി ചെയര്‍മാന്‍ സാബു എം ജേക്കബിനെ നേരില്‍ കണ്ട് പരാതികള്‍ കേട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളുവെന്നാണ് സാബു എം ജേക്കബിന്റെ നിലപാട്.

    വ്യവസായ വകുപ്പ്  മന്ത്രി ഉള്‍പ്പടെ അനുരഞ്ജനത്തിന് ശ്രമിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ വീണ്ടും നോട്ടീസ് അയക്കുകയാണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. 76 നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. കിറ്റക്‌സ് കമ്പനിയില്‍ നിന്ന് കടമ്പ്രയാറിലേക്ക് മാലിന്യം ഒഴുകുന്നില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി വ്യവസായ വകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ പറഞ്ഞു. പരാതിയുണ്ടെങ്കില്‍ സാബു ജേക്കബിന് സര്‍ക്കാരിനെ നേരിട്ട് അറിയിക്കാമായിരുന്നുവെന്ന്  മന്ത്രി പി രാജീവ് പ്രതികരിച്ചു. കിറ്റക്‌സ് വിവാദം കേരളം വ്യവസായികള്‍ക്ക് അനുകൂലമല്ല എന്ന് പ്രതീതി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലാണ് സര്‍ക്കാരിനുള്ളത്. അതുകൊണ്ടാണ് വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്.
    Published by:Anuraj GR
    First published:
    )}