പാലക്കാട്: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഡോക്ടർ മരിച്ച കേസിൽ 1.47 കോടി രൂപ നഷ്ടപരിഹാരം നല്കാൻ ഒറ്റപ്പാലം മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി) ഉത്തരവിട്ടു. പാലക്കാട് മെഡിക്കൽ കോളേജ് അസി. പ്രൊഫസറായിരുന്ന തൃശൂർ കാനാട്ടുകര പ്രശാന്തിനഗർ പട്ടത്ത് വീട്ടിൽ ഡോ. നവീൻകുമാർ (38) മരിച്ച കേസിലാണ് ജഡ്ജി പി സെയ്തലവി വിധി പറഞ്ഞത്.
ഹർജി ഫയൽ ചെയ്ത 2018 ഫെബ്രുവരി മുതലുള്ള എട്ട് ശതമാനം പലിശയും, കോടതി ചെലവുമടക്കം നല്കാനും ഉത്തരവിൽ പറയുന്നു. ഇതടക്കം 1.90 കോടി രൂപ നല്കണം. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നല്കേണ്ടത്. ലക്കിടി സ്വദേശിയുടെ കാർ പിരായിരി സ്വദേശിയായ 17 കാരനാണ് ഓടിച്ചിരുന്നത്.
2017 ഒക്ടോബർ ഏഴിന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് നൂറണി ചക്കാന്തറ പെട്രോൾ പമ്പിന് സമീപം നവീൻകുമാറും ഭാര്യയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ അമിതവേഗത്തിൽ വന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ഇതുകൂടാതെ പ്രായപൂർത്തിയാവാതെ വാഹനം ഓടിച്ച കേസ് പാലക്കാട് ജുവനൈൽ കോടതിയിൽ ഇപ്പോഴും നടക്കുന്നുണ്ട്.
അമിതവേഗത്തിലെത്തിയ കാറിടിച്ചുണ്ടായ അപകടത്തിൽ നവീൻകുമാർ ദാരുണമായി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. കെ ജയശ്രീ (35), മകൻ പാർഥിവ് (9) എന്നിവർക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെക്കാലത്തെ ചികിത്സയ്ക്കുശേഷമാണ് ഇരുവരും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
നഷ്ടപരിഹാര തുക കാർ ഉടമയിൽ നിന്ന് ഇൻഷുറൻസ് കമ്പനി ഈടാക്കിയേക്കും. ഹർജിക്കാർക്കു വേണ്ടി അഡ്വ. കെ കെ പ്രശാന്ത്, സുജ എസ് നായർ എന്നിവർ ഹാജരായി. സംസ്ഥാനത്ത് വാഹനാപകടക്കേസിൽ വിധിക്കുന്ന ഉയർന്ന നഷ്ട പരിഹാര തുകകളിലൊന്നാണിത്. ഒറ്റപ്പാലത്തെ ഏറ്റവും ഉയർന്ന തുകയുമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.