തിരുവനന്തപുരം: പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്കല്ല നടത്തിയതെന്നും അത് സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനവും ടീം വര്ക്കുമാണെന്നും ശൈലജ വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കഴിയാവുന്നത്ര നന്നായി നിര്‍വഹിക്കാന്‍ ശ്രമിച്ചെന്നും ശൈലജ പറഞ്ഞു.
''മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നതു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ് ഒു വ്യക്തിയല്ല. ആ സംവിധാനത്തിന്റെ തലപ്പത്ത് ആയിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. ഞാന്‍ മാത്രമല്ലല്ലോ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയ ഒരു ടീം അല്ലേ അത് കൈകാര്യം ചെയ്തത്'' ശൈലജ പറഞ്ഞു.
പുതിയ ആളുകള്‍ എത്തുമ്പോള്‍ അതിനേക്കാള്‍ നന്നായി നിര്‍വഹിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും പാര്‍ട്ടി മന്ത്രിയാക്കിയതുകൊണ്ടാണ് തനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചതെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു.
Also Read-'ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ'; ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധവുമായി പാർവതി തിരുവോത്ത്രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ ഷൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. ഷൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.ജെ ആര്‍മിയും. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വേണ്ടി പ്രചാരണം നടത്തുന്ന സൈബര്‍ കൂട്ടായ്മയാണ് പി.ജെ ആര്‍മി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറ്റ്യാടിയില്‍ തിരുത്തിയതു പോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നാണ് പി.ജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
'ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.'- പി.ജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Also Read-'കോവിഡ് വ്യാപനം നേരിടുന്നതിൽ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു'- സന്ദീപ് ജി വാര്യർഒന്നാം പിണറായി സര്‍ക്കാരില്‍ ഏറെ നന്നായി പ്രവര്‍ത്തിച്ച മന്ത്രിമാരില്‍ ഒരാളായിരുന്നു ആരോഗ്യ മന്ത്രിയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തെ തുടര്‍ന്നാണ് ഷൈലജയെ മാറ്റിനിര്‍ത്തിയത്. പകരം പാര്‍ട്ടി വിപ്പിന്റെ ചുമതലയാണ് കെ.കെ ഷൈലജയ്ക്ക് നല്‍കിയിരിക്കുന്നത്.
മട്ടന്നൂരില്‍ നിന്നും 60,963 വോട്ടെന്ന റെക്കോര്‍ഡ് ഭൂരിപക്ഷവുമായിട്ടാണ് കെ.കെ. ഷൈലജ നിയമസഭയിലെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.