തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ സ്ഥാപിത താത്പര്യങ്ങളാണ് പശ്ചിമഘട്ട സംരക്ഷണത്തിന് വെല്ലുവിളിയെന്ന് മാധവ് ഗാഡ്ഗിൽ. കനകക്കുന്നില്‍ ആരംഭിച്ച, ഡി സി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈനും ചേര്‍ന്ന് സംഘടിപ്പിച്ച സ്പേസസ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ അനിവാര്യതയെ കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ട്. എങ്കിലും മനപ്പൂര്‍വ്വം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, തന്റെ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കാന്‍ കാരണങ്ങള്‍ തേടുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാദേശിക അടിസ്ഥാനത്തിലുള്ള നയരൂപീകരണം അസാധ്യമാണെന്നും ഗാഡ്ഗിൽ പറഞ്ഞു.
ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. രണ്ടാം പ്രളയത്തിന് ശേഷം ജനങ്ങള്‍ ഉണരുന്നു എന്നത് പ്രതീക്ഷാവഹമാണ്. അതില്‍ സന്തോഷമുണ്ട്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പശ്ചിമ ഘട്ട സംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കണം. ഹരിത രാഷ്ട്രീയം മുന്നോട്ട് വയ്ക്കാന്‍ കേരളത്തിലെ സര്‍ക്കാരിന് കഴിയും. പ്രകൃതിയോടിണങ്ങുന്ന സര്‍ക്കാരുകള്‍ പുതിയ കാലത്തെ അനിവാര്യതയാണെന്നും ഗാഡ്ഗിൽ അഭിപ്രായപ്പെട്ടു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രാധാന്യം ജനങ്ങള്‍ക്കിടയില്‍ വേണ്ടവിധം എത്തിക്കാന്‍ കഴിയാതെ പോയെന്ന് മാധവ് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. പരിസ്ഥിതി ലോല പ്രദേശങ്ങളെ സംരക്ഷിക്കാനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള പ്രധാന ഉപാധിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. എന്നാല്‍ ഇത് വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മാധവ് ഗാഡ്ഗിൽ സ്പേസസ് ഫെസ്റ്റിവലിൽ പങ്കെടുത്തത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ശുദ്ധജല സ്രോതസ്സുകള്‍ സംരക്ഷിക്കുകയും ഹരിതകേരളം പോലെയുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിലുടെ മാത്രമേ പരിസ്ഥിതി സംരക്ഷണം ഏറെക്കുറെയെങ്കിലും സാധ്യമാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ കമ്മിറ്റി അംഗം ഡോ വി എസ് വിജയന് സെഷനില്‍ പങ്കെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.