• HOME
 • »
 • NEWS
 • »
 • kerala
 • »
 • എന്തുകൊണ്ട്  ജാമ്യം നിഷേധിച്ചു? പ്രൊഫ.ടി. ജെ ജോസഫിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി മജിസ്ട്രേറ്റ്

എന്തുകൊണ്ട്  ജാമ്യം നിഷേധിച്ചു? പ്രൊഫ.ടി. ജെ ജോസഫിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി മജിസ്ട്രേറ്റ്

മജിസ്ട്രേറ്റ്, യേശുവിനെപ്പോലെ നീതിമാനായിരിക്കുമോ പീലാത്തോസിനെപ്പോലെ കൈ കഴുകുമോ?

tj joseph

tj joseph

 • Share this:
  തന്നെ ഒന്ന് നോക്കുകയോ തന്റെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് മജിസ്ട്രേറ്റ് ജയിലിലേക്ക് അയച്ചതെന്ന പ്രൊഫ.ടി.ജെ.ജോസഫിന്റെ  ആത്മകഥയിലെ പരാമർശത്തിന്  മറുപടിയുമായി മജിസ്ട്രേറ്റ്. അന്ന് തൊടുപുഴ മജിസ്ട്രേറ്റായിരുന്ന എസ്.സുദീപാണ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ദിവസമാണ്  ജോസഫ് മാഷിനെ അറസ്റ്റു ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത്. പ്രൊഫ.ടി.ജെ.ജോസഫ് ആ ദിവസത്തെ ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്.

  also read:തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീങ്ങുമോ? ആകാംക്ഷയിൽ പൂരപ്രേമികൾ

  "ഇന്നു ദു:ഖവെള്ളിയാണ്. കാൽവരിമൗണ്ടിലെ കുരിശടിയിലേയ്ക്കുള്ള വഴിയിലൂടെ ഒരു ചെറുസംഘം നടന്നുകയറുന്നത് പൊലീസ് വാഹനത്തിലിരുന്നു ഞാൻ കണ്ടു. യേശുവിനെ എന്നപോലെ എന്നെയും കസ്റ്റഡിയിലെടുക്കുന്നത് പെസഹാദിനത്തിലാണെന്നതു തികച്ചും യാദൃച്ഛികം. യേശുവിൽ എന്നപോലെ മതനിന്ദയും ദൈവനിന്ദയുമാണ് എന്നിലും ആരോപിക്കപ്പെട്ടിരിക്കുന്നത്.
  ജല്പനങ്ങളാൽ നിബന്ധിച്ചെടുത്ത എഫ് ഐ ആറും കേസ് ഡയറിയും സഹിതം യേശുവിനെ പീലാത്തോസിന്റെ അടുക്കലേയ്ക്കെന്നപോൽ എന്നെ കട്ടപ്പനയിലുള്ള ഏതോ മജിസ്ട്രേറ്റിന്റെ അടുത്തേയ്ക്കു കൊണ്ടു പോകുകയാണ്. അദ്ദേഹം നീതിമാനായിരിക്കുമോ? അതോ പീലാത്തോസിനെപ്പോലെ കൈകഴുകുമോ?

  നാല്പത്തിയഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരാൾ സോഫയിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊടുത്ത പേപ്പറുകൾ നോക്കുകയാണ്. അദ്ദേഹമാണ് മജിസ്ട്രേറ്റ്. പ്രതികളായ ഞങ്ങൾ അകത്തു ചെന്നിട്ടും അദ്ദേഹം തല ഉയർത്തുകയോ ഞങ്ങളെ നോക്കുകയോ ചെയ്തില്ല.

  ഞാൻ ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു. അവിടെ ചെറിയൊരു ഷെൽഫിൽ കുറേ പുസ്തകങ്ങൾ വച്ചിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങൾക്കൊപ്പം മലയാളം പുസ്തകങ്ങളുമുണ്ട്. അവയിൽ പലതും എനിക്കു പരിചിതങ്ങളാണ്. ഒ വി വിജയന്റെ ഗുരുസാഗരമാണ് ഒരടുക്കിന്റെ മുകളിലിരിക്കുന്നത്. ഗുരുസാഗരമൊക്കെ വായിക്കാൻ താല്പര്യം കാണിക്കുന്ന മജിസ്ട്രേറ്റ് നല്ലൊരു സാഹിത്യാസ്വാദകനായിരിക്കും. പൊലീസ് നൽകിയ കുറ്റാരോപണ റിപ്പോർട്ടിന്റെ അർത്ഥശൂന്യത മനസിലാക്കാനുള്ള 'വെളിവ്' സഹൃദയനായ ഈ ന്യായാധിപനുണ്ടാകുമെന്നും വിവാദ ചോദ്യത്തെക്കുറിച്ച് എന്തെങ്കിലും എന്നോടു ചോദിക്കുമെന്നും ഞാൻ കരുതി.
  പക്ഷേ അദ്ദേഹം എന്നോട് ഒന്നും ചോദിച്ചില്ലെന്നു മാത്രമല്ല, എന്റെ നേരെ മുഖമുയർത്തി ഒന്നു നോക്കിയതുപോലുമില്ല. പൊലീസ് നൽകിയ റിമാന്റ് പെറ്റീഷനിൽ ഒപ്പുവച്ച് അദ്ദേഹം എന്നെ ജയിലിൽ അയയ്ക്കാനുള്ള ഉത്തരവാക്കി. നിങ്ങൾ നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യ്, എനിക്കിതിലൊരു പങ്കുമില്ലെന്ന ഭാവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പേപ്പറുകൾ കൈമാറിയിട്ട് അദ്ദേഹം വീണ്ടും കുമ്പിട്ടിരുന്നു."
  മജിസ്ട്രേറ്റിന്റെ മുറിക്കു പുറത്തിറങ്ങിയ ഉടനെ എന്നെ വീണ്ടും വിലങ്ങണിയിച്ചു.

  അറ്റുപോകാത്ത ഓർമ്മകൾ എന്ന പ്രഫ. ജോസഫിന്റെ ആത്മകഥയിലെ ഈ പരാമർശങ്ങൾക്ക് അന്ന് തൊടുപുഴ മജിസ്ട്രേറ്റായിരുന്ന എസ്.സുദീപിന്റെ ഫേസ്ബുക്കിലൂടെയുള്ള മറുപടിക്കുറിപ്പ് ഇങ്ങനെ ...

  ''പുറത്തു പൊലീസ് വണ്ടികളും ഒ ബി വാനുകളും നിറഞ്ഞത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല .
  2010 ലെ ഒരവധിദിവസം ഉച്ചയ്ക്ക് വെള്ളയാംകുടിയിലെ വീട്ടിലെ കാളിംഗ് ബെൽ മുഴങ്ങി.
  ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയ സ്കൂൾ കുട്ടിയെപ്പോലെ, ഹാജരാക്കപ്പെട്ട പ്രതി ഇരുകൈകളും മുന്നിൽ പിണച്ചു വച്ചു നിന്നു.
  റിമാന്റപേക്ഷ വായിച്ചപ്പോഴാണ് മുമ്പിൽ നിൽക്കുന്നത് ആരാണെന്നു മനസിലായത്. അദ്ദേഹം കോളേജ് അദ്ധ്യാപകനാണ്. റിമാന്റ് അപേക്ഷയിൽ ആരോപിക്കപ്പെട്ട കുറ്റം കേരളം മുഴുവൻ അറിഞ്ഞു കഴിഞ്ഞിരുന്നു. വിവാദം കത്തി നിൽക്കുന്നു.
  മന:പ്പൂർവ്വമായ ഒരു കുറ്റം അദ്ദേഹം ചെയ്തതായി ഒരിയ്ക്കലും തോന്നിയുമില്ല.
  അദ്ദേഹം അപ്പോഴും അതേപോലെ കൈകൾ പിണച്ച് മുഖം കുനിച്ചു നിൽക്കുകയാണ് . ഞാൻ ഇരിയ്ക്കുന്നതു കൊണ്ട് അദ്ദേഹത്തിന്റെ പിണച്ചുവച്ച കൈകളാണ് എന്റെ കണ്ണിൽ പതിയുന്നത്.
  ജാമ്യാപേക്ഷയുമായി വന്ന വക്കീൽ ഇരുന്നു. അദ്ദേഹം നിൽക്കുകയാണ്.
  പള്ളിക്കൂടം വിശേഷങ്ങളും ചോദ്യോത്തരക്കടലാസുകളും നിറഞ്ഞ ഒരു വീട് എന്റെ മനസ്സിൽ തെളിഞ്ഞു . അദ്ധ്യാപകരായിരുന്ന മുത്തച്ഛനും മാതാപിതാക്കളും ചോദ്യക്കടലാസുകൾ വായിയ്ക്കുന്നതു ഞാൻ കേട്ടു.
  വലിയൊരു അദ്ധ്യാപകന്റെ മുമ്പിൽ ഞാൻ അങ്ങനെയിരിയ്ക്കുകയും അദ്ദേഹം നിൽക്കുകയും ചെയ്യുമ്പോൾ ഞാൻ അസ്വസ്ഥനായി.
  അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹത്തെ തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഹാജരാക്കേണ്ടിയിരുന്നത്. അവർ സ്ഥലത്തില്ല, ചാർജ് എനിക്കാണ്. ജാമ്യമില്ലാക്കുറ്റമെന്നാണു പേരെങ്കിലും വേണമെങ്കിൽ ജാമ്യം നൽകാം. വിവാദങ്ങൾ ഏറ്റെടുക്കാൻ ഞാനും തയ്യാറാണ്.
  ആലോചിച്ചു . അപ്പോഴും എന്റെ ദൃഷ്ടിപഥത്തിൽ അദ്ദേഹത്തിന്റെ കൈകൾ മാത്രം .
  ജാമ്യം ലഭിയ്ക്കുന്ന പ്രതിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ജാമ്യം നിഷേധിയ്ക്കാൻ കാരണമാണ്. വേണ്ട, കേരളം കത്തിനിൽക്കുകയാണ്. ജാമ്യം നൽകിയാൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവൻ തന്നെ...
  അദ്ദേഹത്തിന്റെ റിമാന്റ് ഉത്തരവ് വിറയ്ക്കുന്ന കൈകളോടെ ഞാൻ ഒപ്പിട്ടു . അപ്പോഴും കൺകോണിലൂടെ ഞാൻ അദ്ദേഹത്തിന്റെ കൈകൾ മാത്രം കണ്ടു.
  ഉത്തരവ് കൈമാറിയ ശേഷം പേന, വീട്ടിലെ ഓഫീസ് മുറിയിലെ മേശമേൽ സ്ഥിരം ഇരിയ്ക്കുന്ന ബൈബിൾ-ഗീത-ഖുറാൻ ത്രയങ്ങളുടെ മേൽവച്ചു .
  പടിയിറങ്ങിപ്പോകുമ്പോഴും പിണച്ചുവച്ച കൈകളും കുനിഞ്ഞ മുഖവും മാത്രമേ എനിയ്ക്കു കാണാമായിരുന്നുള്ളു .
  ജോസഫ് സാർ പതിയെ പൊലീസ് ജീപ്പിലേയ്ക്കു കയറി... ''

  Published by:Gowthamy GG
  First published: