HOME » NEWS » Kerala » MAHA SHIVARAATHRI TODAY ALUVA ALL SET FOR BALI THARPANAM RITUAL

Maha Shivaraathri 2021| ഇന്ന് മഹാശിവരാത്രി; ബലിതര്‍പ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം

മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിപ്പുരകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 20 പേര്‍ക്കു വീതം ഒരേസമയം 1000 പേര്‍ക്ക് ബലിയിടാം.

News18 Malayalam | news18-malayalam
Updated: March 11, 2021, 12:52 PM IST
Maha Shivaraathri 2021| ഇന്ന് മഹാശിവരാത്രി; ബലിതര്‍പ്പണത്തിനൊരുങ്ങി ആലുവ മണപ്പുറം
ആലുവ (ഫയല്‍ ചിത്രം)
  • Share this:
കൊച്ചി: ഇന്ന് മഹാ ശിവരാത്രി. കോവിഡ് നിയന്ത്രങ്ങൾക്കിടയിലും ആലുവ മണപ്പുറവും പരിസരവും ശിവരാത്രി മഹോത്സവത്തിനായി ഒരുങ്ങി കഴിഞ്ഞു. നിയന്ത്രങ്ങളുള്ളതിനാല്‍ മണപ്പുറത്ത് ഭക്തര്‍ക്ക് ഉറക്കമൊഴിയാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല. നിയന്ത്രണങ്ങളോട് കൂടി ബലി തര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിമുതല്‍ ഉച്ചക്ക് 12 മണി വരെയായിരിക്കും ബലി തര്‍പ്പണത്തിനുള്ള സമയം.

മണപ്പുറത്തെ അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് 50 ബലിപ്പുരകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലസ്റ്ററിലും 20 പേര്‍ക്കു വീതം ഒരേസമയം 1000 പേര്‍ക്ക് ബലിയിടാം. തോട്ടയ്ക്കാട്ടുകര വഴിയും പെരിയാറിന് കുറുകെയുള്ള ശിവരാത്രി നടപ്പാലം വഴിയും ആണ് ക്യൂ സംവിധാനം ഉള്ളത്. ബലിയിടാനല്ലാതെ ആര്‍ക്കും മണപ്പുറത്തേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഒരേ സമയം 200 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകള്‍ക്കായിരിക്കും പ്രവേശനം. വിശാലമായ മണപ്പുറത്ത് അഞ്ച് ഗ്രൂപ്പുകളിലായി ആയിരം പേര്‍ ഒരേ സമയം ഉണ്ടാകും. ഇതിനായി അകലം പാലിച്ച് ബലിത്തറകള്‍ ഒരുങ്ങി. എന്നാല്‍, ഇതറിയാതെ ബുധനാഴ്ച നിരവധി ആളുകള്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യാന്‍ മണപ്പുറത്ത് എത്തിയിരുന്നു.

Also Read- 'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ആളുകള്‍ മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അതോടൊപ്പം ബലിതര്‍പ്പണത്തിന് ശേഷം പുഴയില്‍ ഇറങ്ങുന്നതിനും അനുവാദമില്ല. പുഴയില്‍ ഇറങ്ങരുതെന്ന് ക്ഷേത്രം ഭരണ സമതിയും പൊലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകളുടെ സേവനം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തരെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പൊലീസിനും ദേവസ്വം ബോര്‍ഡിനും ആശങ്കയുണ്ട്.

ശിവരാത്രി വ്രതം

ഭഗവാൻ ശിവനെ പ്രീതിപ്പെടുത്താനുളള 8 വ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്‌ണ ചതുർദ്ദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. വ്രതമനുഷ്‌ഠിക്കുന്നതിലൂടെ ജീവിതത്തിൽ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവ ക്ഷേത്ര ദർശനം നടത്തുന്നതും വ്രതമെടുക്കുന്നതുമാണ് ശിവരാത്രിയുടെ പ്രത്യേകത. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്ട വഴിപാടുകളാണ്. രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. വ്രതമെടുക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ശിവരാത്രി വ്രതം നോൽക്കുന്നവർ അരി ഭക്ഷണം കഴിക്കാൻ പാടില്ല. വിശിഷ്‌ടമായ പലഹാരങ്ങളുണ്ടാക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്.

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടയുമ്പോൾ ഭൂമിയെ നശിപ്പിക്കാൻ കഴിയുന്ന കാളകൂട വിഷം പുറത്ത് വന്നു. വിഷം ഭൂമിയിൽ സ്‌പർശിച്ച് ജീവജാലങ്ങൾക്ക് നാശമുണ്ടാകാതിരിക്കാനായി ശിവൻ ആ വിഷം പാനം ചെയ്തു. എന്നാൽ വിഷം ഉളളിൽ ചെന്ന് ശിവന് ആപത്തുണ്ടാകാതാരിക്കാനായി പാർവതി ദേവി അദ്ദേഹത്തിന്റെ കണ്‌ഠത്തിൽ മുറുകെ പിടിച്ചു. വായിൽ നിന്ന് വിഷം പുറത്തു പോകാതിരിക്കാനായി ഭഗവാൻ വിഷ്‌ണു വായ് പൊത്തി പിടിക്കുകയും ചെയ്‌തു. അങ്ങനെ വിഷം ശിവന്റെ കണ്‌ഠത്തിൽ ഉറയ്‌ക്കുകയും കഴുത്ത് നീല നിറമാവുകയും ചെയ്‌തു. ഭഗവാൻ ശിവന് ആപത്തുണ്ടാകാതിരിക്കാനായി പാർവതീ ദേവി ഉറക്കമിളിച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതിഹ്യം.
Published by: Rajesh V
First published: March 11, 2021, 12:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories