ക്ഷേത്രങ്ങൾ മലബാർ ദേവസ്വം ബോർഡ് (Malabar Devaswom Board) ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്യുന്നവർ അരാജകത്വം നടപ്പാക്കാൻ ആഗ്രഹിക്കുന്നവർ ആണെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ. മുരളി. ക്ഷേത്ര നടത്തിപ്പ് സുതാര്യമാക്കാൻ കോടതിയുടെ അനുമതിയോടെ ഇടപെടുകയാണ് ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അരാജകത്വം തടയുക എന്നതാണ് ഉദ്ദേശം. ഇപ്പൊൾ ഉയരുന്ന പ്രതിഷേധങ്ങൾ അരാജകത്വം പ്രചരിപ്പിക്കാനാണെന്നും എം.ആർ. മുരളി പറഞ്ഞു.
"ക്ഷേത്രങ്ങൾ ഒക്കെ ആരെങ്കിലും പത്ത് പേർ ചേർന്ന് കൈകാര്യം ചെയ്തുകൊള്ളാം എന്ന നിലപാട് പാടില്ല. ക്ഷേത്രങ്ങൾ പൊതുജനങ്ങളുടെ കേന്ദ്രമാണ്. പൊതുജനങ്ങളുടെ പണമാണ് കൈകാര്യം ചെയ്യുന്നത്. അത് അങ്ങനെ ആരെങ്കിലും പത്ത് പേര് കൈകാര്യം ചെയ്താൽ മതി എന്ന് പറയുന്നത് കടുത്ത അരാജകത്വമാണ്. നിയമ, നീതി വ്യവസ്ഥകൾ ഉള്ള ഒരു നാട്ടിൽ അത് അനുവദിക്കാനാകില്ല," എം.ആർ. മുരളി കാടാമ്പുഴയിൽ പറഞ്ഞു.
ഗ്രേഡ് വിവേചനമില്ലാതെയും എച്ച്.ആര്. ആന്റ് സി.ഇ. നിയമങ്ങള്‍ പിന്തുടരാതെയും മലബാര്‍ ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമാക്കാനുള്ള ഏകീകൃത ബില്‍ സഭയില്‍ പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1400ഓളം ക്ഷേത്രങ്ങള്‍ക്കാണ് ഇത് ബാധകമാകുക.
കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം മാതൃകയില്‍ ക്ഷേത്ര നടത്തിപ്പാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ബില്‍ നിയമസഭയില്‍ പാസാക്കുമെന്ന ഘട്ടത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍ സമരത്തിനിറങ്ങിയത്. ട്രസ്റ്റികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും നിലവിലുള്ള പരമാധികാരം നഷ്ടമാകുന്ന സാഹചര്യത്തിലാണ് സംഘപരിവാര്‍ സംഘടനകളുടെ സമര നീക്കം. ഇതിനെതിരെയാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് തുറന്നടിച്ചത്.
കാടാമ്പുഴ ക്ഷേത്രത്തോട് അനുബന്ധിച്ച് സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കും എന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രഖ്യാപിച്ചു. 'മാനവ സേവ, മാധവ സേവ' എന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുകയാണ് കാടാമ്പുഴ ദേവസ്വവും മലബാർ ദേവസ്വം ബോർഡും ഇതിലൂടെ. സൗജന്യ ഡയാലിസിസ് കേന്ദ്രവും ഡിസ്പെൻസറി വികസനവും കൊണ്ട് ലക്ഷ്യമിടുന്നത് ഇതാണ് എന്ന് ദേവസ്വം വിശദീകരിക്കുന്നു.
വിശ്വാസികളുടെ സഹായ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കാൻ ഉദ്ദേശിക്കുന്നത്. കെട്ടിട നിർമാണത്തിന് തന്നെ ഒരു കോടി രൂപ ചെലവ് കണക്കാക്കുന്നു. മൂന്ന് മാസം കൊണ്ട് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിക്കും. 10 ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് ആലോചന. നടത്തിപ്പിന് പ്രതിമാസം 15 ലക്ഷം രൂപയിൽ അധികം ചെലവ് വരും എന്നാണ് കണക്ക് കൂട്ടൽ.
"ഭക്തരുടെ സഹായ സഹകരണത്തോടെയാണ് പദ്ധതി. കെട്ടിടം നിർമിച്ചു നൽകാം എന്ന് ഒരു കൂട്ടർ അറിയിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങളും ഇത് പോലെ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ഒരു സംരംഭം ക്ഷേത്രത്തോട് അനുബന്ധിച്ച് വരുന്നത് ആദ്യമായിയാണ് എന്നാണ് കരുതുന്നത്. പ്രാരംഭ ചെലവുകൾക്ക് വേണ്ടി ഒരു സംഖ്യ ക്ഷേത്രം നീക്കി വെക്കും. തുടർന്നുള്ള ചെലവുകൾ എല്ലാം സ്പോൺസർഷിപ്പ് വഴി കണ്ടെത്താം എന്ന് ആണ് കരുതുന്നത്," എം.ആർ. മുരളി പറഞ്ഞു.
നിലവിൽ പരിമിത സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഡിസ്പെൻസറി കൂടുതൽ ചികിത്സാ സംവിധാനങ്ങളോട് കൂടിയ ആശുപത്രിയായി വികസിപ്പിക്കും. തൃക്കാർത്തിക ദിവസം ക്ഷേത്രാങ്കണത്തിൽ വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നീലകണ്ഠൻ, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് പിയൂഷ് നമ്പൂതിരി, മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് സജിന ടീച്ചർ , ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ അജയകുമാർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.