• HOME
  • »
  • NEWS
  • »
  • kerala
  • »
  • SSLC Exam Result | 'ജയിക്കാനായി തോറ്റവർക്കൊപ്പം’ SSLC പരീക്ഷ തോറ്റവര്‍ക്കായി വിനോദയാത്രയൊരുക്കി പഞ്ചായത്ത് ഭരണസമിതിയും AISF കമ്മിറ്റിയും

SSLC Exam Result | 'ജയിക്കാനായി തോറ്റവർക്കൊപ്പം’ SSLC പരീക്ഷ തോറ്റവര്‍ക്കായി വിനോദയാത്രയൊരുക്കി പഞ്ചായത്ത് ഭരണസമിതിയും AISF കമ്മിറ്റിയും

മലപ്പുറം ചാലിയാർ പഞ്ചായത്തിലെ AISF കമ്മിറ്റിയും മാറാക്കര പഞ്ചായത്ത് ഭരണ സമിതിയുമാണ് SSLC പരാജയപ്പെട്ടവര്‍ക്കായി വിനോദ യാത്ര സംഘടിപ്പിക്കുന്നത്.

  • Share this:
ജയിച്ചവർക്ക് കയ്യടി നൽകുന്നതിന് ഒപ്പം ജയിക്കാൻ കഴിയാത്തവർക്ക് മുന്നോട്ട് നടക്കാൻ കൈ കൊടുക്കുക കൂടി വേണം എന്ന സന്ദേശം പ്രവൃത്തിയിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ചാലിയാർ പഞ്ചായത്തിലെ എ ഐ എസ് എഫ് കമ്മിറ്റിയും മാറാക്കര പഞ്ചായത്ത് ഭരണ സമിതിയും. പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികളെ കൂടെ കൂട്ടി വിനോദയാത്രയ്ക്ക് ഒരുങ്ങുക ആണ് ഈ രണ്ട് കൂട്ടരും.

ചാലിയാർ പഞ്ചായത്തിലെ എ.ഐ.എസ്, എഫ് മേഖലാ കമ്മറ്റിയാണ് പത്താം ക്ലാസ് കടക്കാൻ പറ്റാതെ വീണുപോയ കുട്ടികളെ കൈ പിടിച്ച് ഒപ്പം നിർത്തുന്നത്. കൂടെ സി.പി.ഐ ചാലിയാർ ലോക്കൽ കമ്മറ്റിയും ഇവർക്കൊപ്പമുണ്ട് . ' ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിൽ എസ്, എസ്, എൽ സി പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികളെ കൊടൈക്കനാലിലേക്ക് ഒരു ദിവസത്തെ വിനോദ യാത്രക്ക് കൊണ്ടുപോകാൻ ആണ് ഇവർ ഒരുങ്ങുന്നത്.   കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടാകും.

എരഞ്ഞിമങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി.പരീക്ഷ എഴുതിയവരിൽ പരാജയപ്പെട്ട 14 പേർക്കാണ് ഉല്ലാസയാത്ര ഒരുക്കുന്നത്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഈ അധ്യായന വർഷം മുതൽ എ.ഐ.എസ് എഫ് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും  പറഞ്ഞു. രണ്ട് മൂന്ന് ദിവസത്തിനകം വിനോദയാത്ര നടക്കും.

വിനോദ യാത്രയിൽ മാത്രം ഒതുങ്ങുന്നില്ല ഇവരുടെ ഇടപെടൽ.സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കൗൺസലിങ്, മാനസിക സമർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികളും നടത്തും. ഇവര്‍ക്ക് തുടർപഠന സഹായവും ഉറപ്പാക്കും.

" എസ്.എസ്.എൽ.സി.പരീക്ഷയിലെ പരാജയം അവരുടെ ഉന്നത പoനത്തിന് തടസമാകാതെ അവരെയും ഉന്നത പഠനത്തിന് അർഹരാക്കും, ഇവർക്ക് ട്യൂഷൻ ഉൾപ്പെടെ നൽകും, പരാജയത്തിൽ നിന്നും തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികൾ എന്ന് പ്രമേയമാണ് സംഘടന മുന്നോട്ട് വെയ്ക്കുന്നത് " എ ഐ എസ് എഫ് നേതാക്കൾ പറഞ്ഞു.   സി.പി.ഐ ചാലിയാർ ലോക്കൽ സെക്രട്ടറി നിഷീദ്.എ .ഐ .എസ് .എഫ് മണ്ഡലം സെക്രട്ടറി ആദിത്യൻ പുത്തൻപുരക്കൽ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ആർ.പി.സജീവ്.എ .ഐ .എസ് എഫ് മേഖലാ ഭാരവാഹി കെ.സഫ്വാൻ കരുളായി എന്നിവർ ആണ് ഇത് സംബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തത്.

മാറാക്കര പഞ്ചായത്ത് വെങ്ങാട് വാട്ടർ തീം പാർക്കിലേക്ക് ആണ് കുട്ടികളെ കൊണ്ടുപോകുന്നത്. യാത്ര ഒരാഴ്ചക്ക് ഉള്ളിൽ സംഘടിപ്പിക്കും.  മന ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിംഗ്, നിരാശ ബോധം മാറ്റാൻ പ്രത്യേക ബോധ വൽക്കരണ ക്ലാസുകൾ, ഇതിന് പുറമെ ഇവർക്ക് തുടർ പഠനത്തിന് വേണ്ട പിന്തുണയും പഞ്ചായത്ത് ഭരണസമിതി നല്‍കുമെന്ന് വൈസ് പ്രസിഡൻ്റ് ഉമറലി കരേക്കോട് പറഞ്ഞു. എത്ര കുട്ടികൾക്ക് ആണ് ഈ പിന്തുണ ആവശ്യം എന്ന് കണ്ടെത്താൻ വാർഡ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾ ആരാണെന്നോ അവരുടെ പേര് വിവരങ്ങളോ പരസ്യപ്പെടുത്തില്ല പരിപാടിയുടെ ചിത്രങ്ങളും പുറത്തു വിടില്ല. മറ്റക്കര പഞ്ചായത്തിലെ 20 വാർഡിലെ കുട്ടികൾക്ക് മാത്രമാണ് ഈ അവസരം നൽകുക. " പരാജയത്തിൽ നിന്നു തുടങ്ങിയവരാണ് ചരിത്രത്തിലെ വലിയ വിജയികൾ " എന്നതാണ് പദ്ധതിയുടെ പ്രമേയം എന്നും മാറാക്കര പഞ്ചായത്ത് ഭരണ സമിതി പറഞ്ഞു.
Published by:Arun krishna
First published: