നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 വാർത്തകൾ ഫലം കണ്ടു; മലപ്പുറം ചാലിയാർ കണ്ണംകുണ്ടില്‍ പ്രശ്ന പരിഹാരവുമായി ജില്ലാ കളക്ടറെത്തി

  ന്യൂസ് 18 വാർത്തകൾ ഫലം കണ്ടു; മലപ്പുറം ചാലിയാർ കണ്ണംകുണ്ടില്‍ പ്രശ്ന പരിഹാരവുമായി ജില്ലാ കളക്ടറെത്തി

   നിർമ്മാണം പൂർത്തിയായ ഒമ്പത് വീടുകള്‍ താമസത്തിനായി തുറന്ന് കൊടുക്കാമെന്ന് ആദിവാസി കുടുംബങ്ങൾക്ക് കലക്ടർ ഉറപ്പ് നൽകി. 10 ദിവസങ്ങൾ കൊണ്ട് ചെറിയ സൗകര്യങ്ങൾ കൂടി ഒരുക്കും.  കലക്ടറുടെ ഉറപ്പ് ലഭിച്ചതോടെ പൂര്‍ത്തിയായ വീടുകളില്‍ താമസിക്കാമെന്ന് ആദിവാസികള്‍ എഴുതി ഒപ്പിട്ട് നല്‍കി.

  Malappuram_Chaliyar

  Malappuram_Chaliyar

  • Share this:
  ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം കണ്ണംകുണ്ടില്‍ 2018-ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 34ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന്  തുടങ്ങിയ ട്രൈബൽ വില്ലേജ് പ്രൊജക്റ്റ് രണ്ട് വർഷത്തിന് ഇപ്പുറവും പൂർത്തിയാകാത്തത്  ന്യൂസ് 18 റിപ്പോർട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് മലപ്പുറം ജില്ല കലക്ടർ കെ ഗോപാലകൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടത്. ഞായറാഴ്ച രാവിലെ കണ്ണംകുണ്ടിൽ എത്തിയ കളക്ടർ നിർമാണത്തിലിരിക്കുന്ന വീടുകളുടെ സ്ഥിതി വിലയിരുത്തി.  പദ്ധതിയുടെ ഗുണഭോക്താക്കളും ചാലിയാർ പഞ്ചായത്ത് അംഗങ്ങളും കലക്ടർക്ക് മുൻപിൽ  പരാതികൾ അറിയിച്ചു .

  നിർമ്മാണം പൂർത്തിയായ ഒമ്പത് വീടുകള്‍ താമസത്തിനായി തുറന്ന് കൊടുക്കാമെന്ന് ആദിവാസി കുടുംബങ്ങൾക്ക് കലക്ടർ ഉറപ്പ് നൽകി. 10 ദിവസങ്ങൾ കൊണ്ട് ചെറിയ സൗകര്യങ്ങൾ കൂടി ഒരുക്കും.  കലക്ടറുടെ ഉറപ്പ് ലഭിച്ചതോടെ പൂര്‍ത്തിയായ വീടുകളില്‍ താമസിക്കാമെന്ന് ആദിവാസികള്‍ എഴുതി ഒപ്പിട്ട് നല്‍കി. അവശേഷിക്കുന്ന 25 വീടുകളുടെ നിര്‍മാണം ആദിവാസികള്‍ കൂടി അംഗീകരിക്കുന്ന പ്ലാനോടെ 6 മാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്നും  കളക്ടര്‍ അറിയിച്ചു.

  2018-ലെ പ്രളയത്തില്‍ മതിലുംമൂല ആദിവാസി കോളനിയില്‍ വെള്ളം കയറി വീടുകള്‍ തകര്‍ന്നിരുന്നു. ഇതോടെ തെങ്ങുതോട്ടത്തില്‍ താത്കാലിക ഷെഡ്ഡുകള്‍ കെട്ടിയും വീടുകള്‍ വാടകക്കെടുത്തുമാണ് ആദിവാസികള്‍ കഴിഞ്ഞിരുന്നത്. വനം വകുപ്പില്‍ നിന്ന് റവന്യു വകുപ്പിന് തിരിച്ചു കിട്ടിയ കണ്ണംകുണ്ട് എന്ന സ്ഥലത്ത് 25 ഏക്കറിലായി 34 കുടുംബങ്ങള്‍ക്ക് സ്ഥലം തുല്യമായി വീതിച്ചു നല്‍കുകയും ഊരുകൂട്ടം കൂടി വീടുകള്‍ നിര്‍മിക്കാന്‍ ധാരണയാകുകയും ചെയ്തു. അതനുസരിച്ച് വീടുകളുടെ നിര്‍മാണ ചുമതല ജില്ലാ കളക്ടര്‍ അധ്യക്ഷനായ നിര്‍മിതി കേന്ദ്രത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിലെ വീടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇത്തരം വീടുകള്‍ തങ്ങള്‍ക്ക് വേണ്ടന്ന നിലപാടെടുത്ത ആദിവാസികള്‍ വീടുകളുടെ പ്ലാന്‍ മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിർമ്മിതികേന്ദ്രം നിർമ്മിക്കുന്ന മാതൃകയിലുള്ള വീടുകൾ അല്ല കോൺക്രീറ്റ് വീടുകൾ ആണ് വേണ്ടത് എന്നായിരുന്നു ആദിവാസി വിഭാഗക്കാരുടെ ആവശ്യം. ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെങ്കിലും കളക്ടറും ജില്ലാ ഭരണകൂടവും  ഇത് അവഗണിച്ചുവെന്ന് ചാലിയാർ പഞ്ചായത്ത് അധികൃതരും പരാതിപ്പെട്ടിരുന്നു.

  ഒമ്പത് വീടുകളുടെ നിര്‍മാണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. 520 ചതുരശ്ര അടിയില്‍ 7.20 ലക്ഷം രൂപ ചിലവിലാണ് ഓരോ വീടുകളും നിര്‍മിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ ആറുലക്ഷം രൂപയാണ് നല്‍കുക. 1.20 ലക്ഷം രൂപ സന്നദ്ധസംഘടനകള്‍ വഴി സ്വരൂപിക്കണം. ജില്ലാ കളക്ടറോടൊപ്പം സബ് കളക്ടര്‍ സഫ്‌ന നസിറുദ്ധീന്‍, ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയകുമാര്‍, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ ശ്രീകുമാരന്‍, നിര്‍മിതി കേന്ദ്ര മലപ്പുറം പ്രൊജക്ട് മാനേജര്‍ കെ.ആര്‍. ബീന, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന്‍, ഉപാധ്യക്ഷ ഗീത ദേവദാസ്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
  Published by:Anuraj GR
  First published:
  )}