മലപ്പുറം: സർക്കാരിന്റെ ഭാഗത്ത് നിന്നും അനിവാര്യമായ ഒരു ഇടപെടലിന് വേണ്ടി അപേക്ഷിക്കുകയാണ് ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ (suicide)കർഷകനായ മലപ്പുറം വണ്ടൂർ കാരാട് കരിക്കപ്പൊയിൽ ഇറക്കൽ മോഹൻദാസിന്റെ കുടുംബം. ഭാര്യ സുശീലയുടെ പേരിലുള്ള വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അധികൃതർ അറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ മാസം ഒന്നിന് മോഹൻദാസ് കൃഷിയിടത്തിൽ ജീവനൊടുക്കിയത്.
മോഹൻ ദാസിന്റെ വിയർപ്പിൽ വിളഞ്ഞ പടവലവും കൈപ്പക്കയും വാഴകളും ചീരയും എല്ലാം മൂന്നേക്കർ പാട്ട കൃഷി ഭൂമിയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ വാഴത്തോപ്പിലാണ് മോഹൻദാസ് ജീവനൊടുക്കിയത്. പാട്ടമണ്ണിൽ നൂറുമേനി വിളയിക്കാൻ മാത്രമേ ആ പാവം കർഷകന് അറിയുമായിരുന്നുള്ളൂ. നിറഞ്ഞു വിളഞ്ഞ ഉൽപ്പന്നങ്ങൾ പ്രതീക്ഷിച്ച പോലെ വിപണിയിൽ എത്തിക്കാൻ പലപ്പോഴും കഴിഞ്ഞിരുന്നില്ല. വിത്തിറക്കാൻ കൂടെ നിന്ന അധികൃതർ വിളവ് വിപണിയിൽ വിറ്റഴിക്കാൻ വേണ്ടപോലെ പിന്തുണച്ചിരുന്നില്ല എന്ന പറയുന്നത് മോഹൻ ദാസിന്റെ കുടുംബവും സുഹൃത്തുക്കളും ആണ്.
![]()
ഓരോ വിളവെടുപ്പ് കാലവും നഷ്ടത്തോടെ അവസാനിക്കുമ്പോൾ ഇദ്ദേഹം അടുത്ത വട്ടം കൃഷി ഇറക്കിയിരുന്നത് സ്വന്തം വസ്തുകൾ പണയം വെച്ചും വിറ്റും ഒക്കെയാണ്. സ്വന്തം പേരിൽ ഉള്ള സ്കൂട്ടർ പോലും പണയം വെച്ചു. ഭാര്യ സുശീലയുടെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വണ്ടൂർ ശാഖയിൽ പണയം വെച്ച് വർഷങ്ങൾക്ക് മുൻപ് രണ്ട് ലക്ഷം രൂപ എടുത്തിരുന്നു .
ഇതിന്റെ പലിശ പെരുകി നാലര ലക്ഷം രൂപയോളം ആയി. ഇത് അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് അറിയിപ്പ് കിട്ടിയതിന് പിന്നാലെയാണ് മോഹൻ ദാസ് ജീവനൊടുക്കിയത്. കടങ്ങൾ ഇനിയും ഏറെ ഉണ്ടെന്ന് മകൻ സ്മിജീഷ് പറയുന്നു.
Also Read-
Malampuzha | കുർമ്പാച്ചി മലയിൽ കയറിയത് പ്രദേശവാസി; വനംവകുപ്പ് രക്ഷപെടുത്തി"അച്ഛൻ കടങ്ങളെ കുറിച്ച് അധികം ഒന്നും പറഞ്ഞിരുന്നില്ല. ബാങ്കിൽ അടയ്ക്കാൻ ഉള്ള തുക മാത്രമാണ് അറിയുന്നത്. കൂടുതൽ ഉണ്ടോ എന്ന് ഇപ്പോഴും അറിയില്ല. അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട സ്കൂട്ടർ പോലും പണയത്തിൽ ആണെന്ന് ആണ് അറിയുന്നത്. അതിന്റെ രേഖകൾ പോലും കയ്യിൽ ഇല്ല. ഇനി ഈ വീട്ടിൽ നിന്ന് കൂടി ഇറങ്ങേണ്ടി വന്നാൽ എന്ത് ചെയ്യണം എന്നറിയില്ല". ഗുഡ്സ് ഓട്ടോ റിക്ഷ ഡ്രൈവർ ആയ സ്മിജീഷ് പറഞ്ഞു.
![]()
പ്രളയവും വന്യജീവികളും വരുത്തിയ നഷ്ടങ്ങളെ അതിജീവിച്ചാണ് മോഹൻ ദാസ് കൃഷി ചെയ്തിരുന്നത്. സ്വന്തം നിലയിൽ വലിയ വില കൊടുത്ത് ജലസേചന സംവിധാനം വരെ അടുത്തിടെ ഒരുക്കിയിരുന്നു. ഇങ്ങനെ വിളയിച്ചെടുത്ത ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ പ്രതിസന്ധിയിൽ ആയ ഘട്ടങ്ങൾ അനവധി ഉണ്ടായി. ഈ നഷ്ടങ്ങൾ എല്ലാം മേൽക്ക് മേൽ വന്നതാണ് കടക്കെണിയിലേക്കും നയിച്ചത്. ഒടുവിൽ ജീവനൊടുക്കുന്നതിലേക്കും എത്തിച്ചു
Also Read-
ആറുദിവസം മുമ്പ് വിവാഹിതയായ യുവതിയുടെ മൃതദേഹം പുഴയിൽ; കാണാതായത് വിവാഹശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ"ഒരിക്കലും കൃഷി ചെയ്യാതെ ഇരുന്നിട്ടില്ല അച്ഛൻ. പച്ചക്കറി മോഹൻദാസ് എന്ന് ആണ് നാട്ടിൽ അറിയപ്പെടുന്നത് തന്നെ. കൃഷി നഷ്ടം ഉണ്ടാക്കിയാലും വീണ്ടും കൃഷി ഇറക്കും. രണ്ട് വർഷം മുൻപ് ഇളവൻ കൃഷി ഇറക്കിയത് നല്ല വിളവ് ആണ് തന്നത്. പക്ഷേ അത് മുഴുവൻ വിറ്റഴിഞ്ഞു പോയില്ല. ഹോർട്ടികോർപ്പ് പോലും പൂർണമായി സഹായിച്ചില്ല. കുറെ ചീഞ്ഞ് പോയി. അങ്ങനെ എത്ര തവണ... അച്ഛന്റെ പേരിൽ പൂക്കോട്ടുപാടത്ത് ഉണ്ടായിരുന്ന സ്ഥലം മുഴുവൻ കൃഷിക്ക് വേണ്ടി വിറ്റും പണയം വെച്ചും നഷ്ടമായി. ഇപ്പോൾ ആകെ ഉള്ളത് അമ്മയുടെ പേരിൽ ഉള്ള ഈ വീടും സ്ഥലവും ആണ്. അത് കൂടി ജപ്തി എന്ന് അറിഞ്ഞപ്പോൾ....."സ്മിജീഷ് പറഞ്ഞു.
![]()
"കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി കൃഷി വല്യ നഷ്ടം ആയിരിന്നു. അതിനിടെ പന്നി അക്രമിച്ച് പരിക്കേറ്റ് കിടപ്പിലായി. ആ വർഷം നല്ല പോലെ വിളഞ്ഞ കപ്പ എല്ലാം പന്നികൾ നശിപ്പിച്ചു. വളരെ കുറച്ച് മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ." മോഹൻ ദാസിന്റെ ബന്ധു അശോകൻ പറയുന്നു.
"ഹോർട്ടികോർപ്പ് പോലെ ഉള്ള സംവിധാനങ്ങൾ ഒന്നും വേണ്ട പോലെ സഹായകമായില്ല എന്ന് പറയാതെ വയ്യ. അങ്ങനെ ആണ് കടങ്ങൾ കേറിക്കേറി വന്നത്. എല്ലാം കൃഷിക്ക് വേണ്ടി മാത്രമാണ് ചെലവഴിച്ചത് എന്ന് ഉറപ്പാണ്. മറ്റൊരു തരത്തിലും പണം ചെലവഴിക്കുന്ന ആളായിരുന്നില്ല മോഹൻദാസ്." പച്ചക്കറികൾ വിറ്റഴിക്കാൻ പറ്റാതെ ഒരുപാട് തവണ വിഷമിച്ചിട്ടുണ്ട് എന്ന് മോഹൻദാസിൻ്റെ കൂടെ കൃഷി ചെയ്യുന്ന വിശ്വൻ പറയുന്നു.
കൃഷി നഷ്ടം വന്നാൽ അടുത്ത വട്ടം കൃഷി ഇറക്കാതെ മാറി നിൽക്കാൻ മോഹൻ ദാസിന്പറ്റിയിരുന്നില്ല. വീണ്ടും എങ്ങനെ എങ്കിലും പണം ഉണ്ടാക്കി കൃഷി ചെയ്യും. ഇപ്പോൾ തന്നെ വേനലിൽ വെള്ളം കൃഷി ഇടത്തിൽ എത്തിക്കാൻ പുതിയ മോട്ടോർ അടക്കം തയ്യാറാക്കിയിട്ടുണ്ട്. വളങ്ങളുടെ ചാക്കുകൾ വരെ ഇറക്കി വെച്ചിരിക്കുകയാണ്.
എല്ലാ വഴികളും അടഞ്ഞ അവസ്ഥയിലാണ്. അധികൃതർ കണ്ണ് തുറന്നില്ല എങ്കിൽ കിടപ്പാടം വരെ നഷ്ടമാകും. സർക്കാർ കനിവ് കാണിക്കണമെന്ന് മാത്രമാണ് മോഹൻ ദാസിന്റെ കുടുംബം അപേക്ഷിക്കുന്നത്. "സർക്കാർ സഹായിക്കണം. മറ്റൊരു വഴിയും മുന്നിലില്ല. ഇവിടെ നിന്നും ഇറങ്ങേണ്ടി വരുന്നതിനെ പറ്റി ആലോചിക്കാൻ പോലും ആകില്ല." ഇനി കൃഷി തുടരാൻ ആകുമോ എന്ന ചോദ്യത്തിന് സ്മിജീഷിന് ഉത്തരം ഉണ്ടായിരുന്നില്ല...തൊണ്ട ഇടറി വാക്കുകൾ പാതി വഴിയിൽ കുടുങ്ങി....
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.