നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മലപ്പുറത്ത് വ്യാപക കോവിഡ് പരിശോധന തുടങ്ങി; ലക്ഷ്യം പരമാവധി രോഗ ബാധിതരെ കണ്ടെത്തൽ

  മലപ്പുറത്ത് വ്യാപക കോവിഡ് പരിശോധന തുടങ്ങി; ലക്ഷ്യം പരമാവധി രോഗ ബാധിതരെ കണ്ടെത്തൽ

  Massive testing drive in Malappuram to identify Covid infected people | ഒരു ദിവസം 25,000 പരിശോധനകൾ നടത്താനാണ് അധികൃതരുടെ ഉദ്ദേശം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച വരെ വ്യാപക കോവിഡ് പരിശോധന നടത്തും. ഒരു ദിവസം 25,000 പരിശോധനകൾ നടത്താനാണ് അധികൃതരുടെ ഉദ്ദേശം. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ.) 30 ശതമാനത്തിനു മുകളിൽ തുടരുകയാണ്.

  രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് മലപ്പുറം ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിൽ എത്തിയത്. 31.53 ശതമാനമാണ് ഞായറാഴ്ചത്തെ ടി.പി.ആർ. തിങ്കളും ചൊവ്വയും ആയി 50,000 ത്തിലേറെ പരിശോധനകൾ അധികമായി നടത്തുവാനാണ് അധികൃതരുടെ ശ്രമം.

  പഞ്ചായത്തുകളിൽ 200 പേർക്കും നഗരസഭയിൽ 500-ും പേർക്ക് പരിശോധനകൾ നടത്തും. രോഗികളുമായി സമ്പർക്കം ഉള്ളവർക്കും രോഗലക്ഷണം ഉള്ളവർക്കും നടത്തുന്ന പതിവ് പരിശോധനകൾക്ക് പുറമേയാണിത്. ജില്ലയിലെ പരമാവധി കോവിഡ് രോഗികളെ കണ്ടെത്തുവാനും അതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

  പരിശോധനയ്ക്ക് ആളുകളെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം അതത് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ആണ്. വ്യാപക പരിശോധന നടത്തുന്നത് കൊണ്ടുതന്നെ വരും ദിവസങ്ങളിൽ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരാനാണ് സാധ്യത. ഇതു മുന്നിൽ കണ്ട് ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും അധികൃതർ ശ്രമം തുടങ്ങിക്കഴിഞ്ഞു.  നിലവിൽ കോവിഡ് ചികിത്സക്ക് 76 ആശുപത്രികളും ഏഴ് സി.എഫ്.എൽ.ഡി.സികളും 13 സി.എസ്.എൽ.ഡി.സികളും ജില്ലയിലുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കീഴിൽ ഡോമിസല്ലറികൾ വേറെയും. മലപ്പുറം ജില്ലയിലെ കോവിഡ് വ്യാപനം അതിന്റെ  ഉച്ചസ്ഥായിയിൽ എത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഒരാഴ്ച കൂടി പ്രതിദിന രോഗബാധിതരുടെ എണ്ണം ഇതേ നിലയിൽ തുടരാനാണ് സാധ്യത. അതിനുശേഷം വ്യാപനം പതിയെ കുറയും.

  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് ജില്ലകൾക്ക് സമാനമോ സംസ്ഥാന ശരാശരിക്ക് ഒപ്പമോ എത്തണമെങ്കിൽ ഇനിയും 10 ദിവസമെങ്കിലും സമയമെടുക്കും എന്നാണ് കണക്കാക്കുന്നത്. ലോക്ക്ഡൗൺ തുടങ്ങിയ ദിവസത്തെ കണക്കുകൾ മുതൽ പരിശോധിച്ചാൽ രണ്ടുതവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 5,000 കഴിഞ്ഞിട്ടുള്ളത്. 42.06 ശതമാനമാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ടി.പി.ആർ.
  മെയ് 21 നും 22 നും 30 ശതമാനത്തിന് താഴെ വന്ന പോസിറ്റിവിറ്റി നിരക്ക് 23-ാം തീയതി വീണ്ടും 30 ശതമാനത്തിന് മുകളിൽ എത്തി.

  ആരോഗ്യവകുപ്പ് ഒരുവശത്ത് പരിശോധനകൾ വ്യാപകമാക്കുമ്പോൾ പോലീസും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. അവശ്യസാധനങ്ങൾ വിപണനം നടത്തുന്ന കടകൾ ഉച്ചയ്ക്ക് 2 മണി വരെ തുറക്കാൻ നിലവിൽ അനുമതി ഉണ്ട്. പോലീസ് ഗ്രാമീണ മേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമ്പർക്ക വിലക്ക് (ക്വറന്റീൻ) ലംഘനങ്ങൾക്കും അകാരണമായി പുറത്ത് ഇറങ്ങുന്നതിനും എതിരെ നിയമ നടപടികൾ കൈക്കൊള്ളും എന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  Summary: A massive Covid testing drive to be carried out in Malappuram till Tuesday to identify maximum number of Covid patients in the district 
  Published by:user_57
  First published:
  )}