കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾക്കെതിരെ മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ സമരത്തിലേക്ക്. മരുന്ന് വിതരണത്തിലെ അപാകതകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. ഈ മാസം ഏഴാം തീയതി, അടുത്ത ചൊവ്വാഴ്ച മലപ്പുറം സിവിൽ സ്റ്റേഷന് മുൻപിൽ ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലാ എന്ന പരിഗണനയിൽ മലപ്പുറം ജില്ലക്ക് ആവശ്യമുള്ള വാക്സിൻ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല - ജില്ലയിലേക്ക് ലഭിക്കുന്ന വാക്സിൻ ഓരോ പഞ്ചായത്തുകളിലേക്ക് അവിടുത്തെ ജനസംഖ്യ അനുസരിച്ച് ആനുപാതികമായ വിഹിതം വിതരണം ചെയ്യുന്നില്ല, എന്നിങ്ങനെയാണ് ലീഗിൻ്റെ ആരോപണങ്ങൾ. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് പുറത്തിറക്കിയ വാർത്ത കുറിപ്പ് ഇങ്ങനെ.
"കോവിഡ് രണ്ടാം തരംഗം വളരെ ശക്തമായി മലപ്പുറം ജില്ലയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായുള്ള വാക്സിൻ കുത്തിവെപ്പിന് ആവശ്യമായ മരുന്ന് വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ പ്രത്യക്ഷ സമരം നടത്തുന്നതിന് തീരുമാനിച്ചു.
ഏഴിന്, ചൊവ്വാഴ്ച മലപ്പുറത്ത് സിവിൽ സ്റ്റേഷനു മുന്നിലാണ് സമരം. ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനായ ജില്ലാ കലക്ടറുടെയും ആരോഗ്യവകുപ്പിലെ ജില്ലയിലെ ഏറ്റവും പ്രധാന ഉദ്യോഗസ്ഥനായ ജില്ലാ മെഡിക്കൽ ഓഫീസറുടെയും ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കേന്ദ്രം എന്ന നിലയിലാണ് സിവിൽ സ്റ്റേഷനു മുന്നിൽ സമരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലാ എന്ന പരിഗണനയിൽ മലപ്പുറം ജില്ലക്ക് ആവശ്യമുള്ള വാക്സിൻ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല . ജില്ലയിലേക്ക് ലഭിക്കുന്ന വാക്സിൻ ഓരോ പഞ്ചായത്തുകളിലേക്ക് അവിടുത്തെ ജനസംഖ്യ അനുസരിച്ച് ആനുപാതികമായ വിഹിതം വിതരണം ചെയ്യുന്നില്ല .ചില ദിവസങ്ങളിൽ ലഭിക്കുന്ന വാക്സിനെ കുറിച്ച് അന്നു രാവിലെയോ ഉച്ചക്കോ മറ്റുമാണ് വിവരം ലഭിക്കുന്നത്. മറ്റു ചില സന്ദർഭങ്ങളിൽ അടുത്ത ദിവസം 1000 ഡോസ് വാക്സിൻ ലഭിക്കുമെന്ന് അറിയിപ്പ് ലഭിക്കുകയും ഇതുപ്രകാരം പൊതുജനങ്ങളെ വാക്സിനേഷന് വേണ്ടി ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്താൻ അറിയിപ്പ് നൽകുകയും ചെയ്ത ശേഷം, അന്നേ ദിവസം അവസാന നിമിഷം വാക്സിൻ ഇല്ല എന്ന വിവരം ലഭിക്കുകയോ നൽകാമെന്ന് അറിയിച്ചതിൻ്റെ പകുതിമാത്രം നൽകുകയോ ചെയ്യുന്ന അനുഭവങ്ങൾ ധാരാളമായി ഉണ്ടാകുന്നുണ്ട്. ചില സന്ദർഭങ്ങളിൽ മരുന്നിനോടൊപ്പം ഇത് കുത്തിവെക്കാൻ ആവശ്യമായ സിറിഞ്ചുകൾ നൽകാത്തത് കാരണം വാക്സിനേഷൻ മുടങ്ങുന്നു .
ചില ദിവസങ്ങളിൽ മറ്റുജില്ലകളിൽ ജനങ്ങൾക്ക് ആവശ്യമില്ലാതെ ബാക്കി വരുന്ന വാക്സിനുകൾ ( കോ വാക്സിൻ) മലപ്പുറം ജില്ലയിലേക്ക് നൽകുന്നു . ഇത്തരം സന്ദർഭങ്ങളിലെല്ലാം പൊതുജനങ്ങളുടെ മുന്നിൽ പ്രതി സ്ഥാനത്ത് നിൽക്കേണ്ടി വരുന്നത് പഞ്ചായത്തിലെ ജനപ്രതിനിധികളാണ്. ജനങ്ങളുടെ തെറി അഭിഷേകങ്ങൾ കേൾക്കേണ്ടിവരുന്നത് സർക്കാറിനുവേണ്ടി എല്ലാം ഏറ്റെടുത്തു നടത്തുന്ന ഈ ജനപ്രതിനിധികളാണ്. ജില്ലാ ഭരണാധികാരികളോട് പരാതി പറയുമ്പോൾ അവർ നിസ്സഹായരായി കൈമലർത്തുകയാണ് ചെയ്യുന്നത് ."
ജില്ലയിലെ ചില മെഡിക്കൽ ഓഫീസർമാർ വളരെ ആത്മാർത്ഥമായി അധിക ജോലി ചെയ്തു വാക്സിൻ വിതരണം വിജയിപ്പിക്കുമ്പോൾ മറ്റു ചിലർ ചട്ടപ്പടിയായി, ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന മട്ടിൽ നിശ്ചിതസമയം മാത്രം വളരെ കുറച്ചു വാക്സിൻ വിതരണം നടത്തി കൂടുതൽ റിസ്ക് എടുക്കാതെ രക്ഷപ്പെടുകയുമാണ്. ചില മെഡിക്കൽ ഓഫീസർമാർ പഞ്ചായത്തിലേക്ക് ലഭിച്ചിട്ടുള്ള വാക്സിനെ കുറിച്ച് പ്രസിഡണ്ടുമാരോട് പറയുന്നില്ല. വിളിച്ച് ചോദിക്കുമ്പോൾ ലഭ്യമായതിൻ്റെ എണ്ണം കുറച്ച് പറയുന്നു. എന്നാൽ ഇത്തരക്കാരെ കൊണ്ട് കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിക്കാൻ ആരോഗ്യവകുപ്പ് മേധാവികൾ ആവശ്യമായ ഇടപെടൽ നടത്തുന്നുമില്ല. വാക്സിൻ വിതരണത്തിൻ്റെ മാനദണ്ഡം ജനസംഖ്യ എത്രയുണ്ട് എന്നതല്ല, മറിച്ച് മെഡിക്കൽ ഓഫീസറുടെ സജീവതയും നിർജീവതയുമാണ് പരിഗണിക്കപ്പെടുന്നത് - പക്ഷേ പഴി കേൾക്കേണ്ടിവരുന്നത് പഞ്ചായത്ത് ഭരണാധികാരികളാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ മുസ്ലിംലീഗിൻ്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചത്. വാർത്ത കുറിപ്പിൽ ലീഗ് വിശദമാക്കുന്നു.
അതേസമയം, ജില്ലയില്‍ ഇതുവരെ 26,18,832 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 19,67,018 പേര്‍ക്ക് ആദ്യ ഡോസും 6,51,814പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് വിതരണം ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.