• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലെഗ്ഗിൻസ് വിവാദം: അധ്യാപികയായ സരിത രവീന്ദ്രനാഥ് വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി

ലെഗ്ഗിൻസ് വിവാദം: അധ്യാപികയായ സരിത രവീന്ദ്രനാഥ് വനിതാകമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി

ഡി.ഇ.ഒക്ക് നൽകിയ പരാതിയിൽ ഇത് വരെയും മറുപടി ലഭിച്ചിട്ടില്ലെന്നും അധ്യാപിക

സരിത രവീന്ദ്രനാഥ്

സരിത രവീന്ദ്രനാഥ്

  • Share this:

    ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയ സംഭവത്തിൽ അധ്യാപിക വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മീഷനും പരാതി നൽകി . മലപ്പുറം എടപ്പറ്റ സി.കെ.എച്ച്. എം. ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് (Saritha Raveendranath) ആണ് പ്രശ്നത്തിൽ ഇടപെടണം എന്ന് കാണിച്ച് പരാതിയുമായി മുന്നോട്ട് പോകുന്നത്.

    കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സരിത രവീന്ദ്രനാഥ് ലെഗ്ഗിൻസ് ധരിച്ചത് പ്രധാന അധ്യാപികയായ കെ.കെ. റംലത്ത് ചോദ്യം ചെയ്തത്. കുട്ടികൾ യൂണിഫോം ധരിക്കാത്തത് സരിത ടീച്ചർ ലെഗ്ഗിൻസ് ധരിച്ചു വരുന്നത് കൊണ്ടാണ് എന്നായിരുന്നു ആക്ഷേപം. സരിത രവീന്ദ്രനാഥ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.ഡി.ഇക്ക് പരാതി നൽകിയത് ന്യൂസ് 18 റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

    സമൂഹ മാധ്യമങ്ങളിൽ സരിത രവീന്ദ്രനാഥിനെ പിന്തുണച്ച് പലരും രംഗത്ത് വന്നു എങ്കിലും സ്കൂൾ പി.ടി.എ. എക്സിക്യൂട്ടീവ് ചേർന്ന് നടന്ന കാര്യങ്ങളിൽ വിമർശനം ഉന്നയിച്ചു. സരിത ടീച്ചറെ യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കാനും അപഹസിക്കാനും തുടങ്ങിയതോടെയാണ് സരിത രവീന്ദ്രനാഥ് പ്രശ്നത്തിൽ തുടർ പരാതികൾ അയച്ചത്.

    ഡി.ഡി.ഇയുടെ ഭാഗത്ത് നിന്ന് പരാതിയിൽ അന്വേഷണമോ ഉണ്ടാകാത്തത് കൊണ്ട് വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർക്കും സരിത രവീന്ദ്രനാഥ് പരാതി അയച്ചു. ഇതിനൊപ്പം മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവർക്കും സരിത രവീന്ദ്രനാഥ് പരാതി അയച്ചിട്ടുണ്ട്.

    നീതി ലഭിക്കും വരെ മുന്നോട്ട് പോകാനാണ് സരിത രവീന്ദ്രനാഥിന്റെ തീരുമാനം. എന്നാൽ ഇക്കാര്യങ്ങളിൽ ഇനി പരസ്യ പ്രതികരണങ്ങൾക്ക് ഇല്ലെന്നാണ് പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നിലപാട്. അധ്യാപക സംഘടനകളും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ഇപ്പൊൾ ഒന്നും പറയാൻ ഇല്ലെന്നായിരുന്നു കെ.എസ്.ടി.എ. സംസ്ഥാന നേതാവിൻ്റെ പ്രതികരണം.

    Also read: മലപ്പുറത്ത് ലെഗ്ഗിൻസ് ധരിച്ച അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് പരാതി

    നടന്ന കാര്യങ്ങളെ പറ്റി സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സരിത ടീച്ചർ പറയുന്നത് ഇങ്ങനെ. രാവിലെ സ്കൂളിൽ എത്തി ഹെഡ് മിസ്ട്രസിൻ്റെ റൂമിൽ ചെന്നപ്പോഴാണ് ഇത് ഉണ്ടായത്. ഏതോ ഒരു കുട്ടി യൂണിഫോം ധരിച്ചിരുന്നില്ല. അതിനെ ചൊല്ലിയുള്ള സംസാരമാണ് ലെഗിൻസിൽ എത്തിയത്. കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണ് എന്ന് ഹെഡ് മിസ്ട്രസ് പറഞ്ഞു എന്ന് സരിത ടീച്ചർ.

    “രാവിലെ ഒപ്പിടാൻ ചെന്നപ്പോഴാണ് ഹെഡ് ടീച്ചർ ഇത്തരത്തിൽ പറഞ്ഞത്. കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെ ഒക്കെ പറയുക.. നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ…” എന്താണ് എൻ്റെ വസ്ത്രത്തിൻ്റെ പ്രശ്നം എന്ന് ഞാൻ ചോദിച്ചു. ഞാൻ ലെഗിൻസ് ഇട്ട് വന്നത് കൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്നായിരുന്നു പ്രതികരണം.

    മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളിൽ വന്നിട്ടില്ല. അധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചർ. ആ സാഹചര്യത്തിലാണ് പരാതി നൽകിയത് എന്നും ടീച്ചർ പറഞ്ഞു.

    “അധ്യാപകർ ജീൻസ് ഇട്ട് വരുന്നത് പ്രശ്നമല്ല എന്നിരിക്കെയാണ് ഞാൻ ലെഗിൻസ് ധരിച്ചത് ഇവിടെ ചോദ്യം ചെയ്യുന്നത്. വളരെ മാന്യമായി, നിയമപരമായി ധരിക്കാൻ പറ്റുന്ന വസ്ത്രം തന്നെയാണ് ഞാൻ ധരിച്ചത്. എൻ്റെ സംസ്കാരം വേറെയാണ് എന്നുള്ള തരത്തിലുള്ള പ്രസ്താവനകൾ ഒട്ടും അംഗീകരിക്കാൻ പറ്റില്ല. ഈ ഒരു സാഹചര്യത്തിലാണ് പ്രോബേഷണിൽ ഉള്ള ഒരു അധ്യാപിക ആയിട്ടും പരാതി നൽകിയത്.”

    Published by:user_57
    First published: